ശബരിമല യുവതീപ്രവേശനം; പൊലീസ് പറഞ്ഞു പറ്റിച്ചു: നവോത്ഥാന കേരളം ഫേസ്ബുക്ക് കൂട്ടായ്മ

By Web TeamFirst Published Jan 19, 2019, 8:02 AM IST
Highlights

തലസ്ഥാനത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെയും ഉന്നത രാഷ്ട്രീയ നേതാവിന്‍റെയും ഉറപ്പിലാണ് ശബരിമല ദര്‍ശനത്തിന് യുവതികളെത്തിയതെന്ന് നവോത്ഥാന കേരളം കൂട്ടായ്മ അവകാശപ്പെട്ടു. എന്നാല്‍ ഇവര്‍ പറഞ്ഞ് പറ്റിക്കുകയായിരുന്നെന്നും ശ്രേയസ് കണാരന്‍ പറഞ്ഞു. 

കൊച്ചി: സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമല ദര്‍ശനത്തിനെത്തിയ യുവതികളെ പൊലീസ് പറഞ്ഞു പറ്റിച്ചെന്ന് നവോഥാന കേരളം ഫേസ്ബുക്ക് കൂട്ടായ്മ അംഗം ശ്രേയസ് കണാരന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തലസ്ഥാനത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ഉറപ്പിലാണ് ശബരിമല ദര്‍ശനത്തിന് യുവതികളെത്തിയത്. ഉന്നത രാഷ്ട്രീയ നേതാവും ദർശന സൗകര്യം ഉറപ്പു നൽകിയിരുന്നതായി ശ്രേയസ് കണാരന്‍ പറഞ്ഞു. 

എന്നാല്‍ ശബരിമല ദര്‍ശനത്തിന് നിലയ്ക്കലെത്തിയപ്പോള്‍ തന്നെ പോലീസ് പതിവ് നാടകം കളിക്കുകയാണ്. തങ്ങളെ കബളിപ്പിച്ച ഉദ്യോഗസ്ഥരുടെ പേര് പിന്നീട് വെളിപ്പെടുത്തും. തത്‍കാലം മടങ്ങുകയാണെന്നും കൂടുതൽ യുവതികളുമായി ഇന്ന് വരാൻ ശ്രമിക്കുമെന്നും ശ്രേയസ് കണാരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ദര്‍ശനത്തിനെത്തിയ യുവതികളെ തടയാനായി സംഘപരിവാര്‍ സംഘടനകള്‍ ആദ്യഘട്ടം മുതലേ ശ്രമിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ശബരിമല ദര്‍ശനത്തിന് താല്പര്യമുള്ള യുവതികളെ സഹായിക്കാനായി നവോഥാന കേരളം ഫേസ്ബുക്ക് കൂട്ടായ്മ രൂപപ്പെട്ടത്. നിരവധി സ്ത്രീകളെ ശബരിമലയില്‍ ദാര്‍ശനത്തിന് കൊണ്ടുപോകാന്‍ കഴിഞ്ഞുവെന്ന് സംഘടന പറയുന്നുണ്ടെങ്കിലും ബിന്ദു, കനകദുര്‍ഗ്ഗ, മഞ്ജു എന്നിവരെ ദര്‍ശനത്തിന് സഹായിച്ചത് കൂട്ടായ്മയാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. 

മണ്ഡലകാല ശബരിമല ദര്‍ശനം ഇന്ന് അവസാനിക്കുകയാണ്. നടയടയ്ക്കും മുമ്പ് കൂടുതല്‍ സ്ത്രീകളുമായെത്തുമെന്ന് നവോത്ഥാന കൂട്ടായ്മയും ദര്‍ശനത്തിനെത്തുന്ന യുവതികളെ തടയാന്‍ സംഘപരിവാര്‍ സംഘടനകളും ശ്രമം നടത്തുമ്പോള്‍ സംഘര്‍ഷം ഒഴിവാക്കാനാകും പൊലീസിന്‍റെ ശ്രമം. ഇന്ന് ഉച്ച 2 മണിയോടെ നിലയ്ക്കലിൽ നിന്നും പമ്പയിലേക്ക് വാഹനങ്ങൾ കടത്തി വീടുന്നത് നിയന്ത്രിക്കുമെന്നു പോലീസ് അറിയിച്ചു. ഇന്ന് ദര്‍ശനത്തിന് തീര്‍ത്ഥാടകരുടെ തിരക്ക് കുറവായിരിക്കുമെന്ന കണക്കുകൂട്ടലിലാണ് ദേവസ്വം ബോര്‍ഡും പൊലീസും.


 

click me!