ഓഖി രക്ഷാപ്രവര്‍ത്തനം എട്ടാം ദിവസത്തിലേക്ക്; ഉറ്റവരെക്കാത്ത് തീരം

Published : Dec 08, 2017, 07:51 AM ISTUpdated : Oct 05, 2018, 01:29 AM IST
ഓഖി രക്ഷാപ്രവര്‍ത്തനം എട്ടാം ദിവസത്തിലേക്ക്; ഉറ്റവരെക്കാത്ത് തീരം

Synopsis

തിരുവനന്തപുരം:  ഓഖി ചുഴലിക്കാറ്റില്‍ പെട്ടവര്‍ക്കായുള്ള തെരച്ചില്‍ ഏട്ടാം ദിവസവും തുടരുന്നു. കൊച്ചിയില്‍ നിന്നും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെയും കോസ്റ്റ് ഗാര്‍ഡിന്റെയും തിരച്ചില്‍ സംഘങ്ങളും കേരള, ലക്ഷദ്വീപ് തീരത്തുണ്ട്. ഒരു കുടുംബത്തില്‍ നിന്നുളള 10 പേരടക്കം 16 പേരെ കാത്തിരിക്കുകയാണ് തിരുവനന്തപുരം അടിമലത്തുറ. പ്രിയപ്പെട്ടവര്‍ എത്തുമെന്ന പ്രതീക്ഷയില്‍ തീരത്ത് തന്നെ ഇവരുടെ കാത്തിരിപ്പ് തുടരുകയാണ്. അജ്ഞാത മൃതശരീരങ്ങള്‍ തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധനക്കും സാംപിള്‍ നല്‍കിയിട്ടുണ്ട്. 

ഓഖി ദുരന്തത്തേതുടര്‍ന്നുള്ള കാര്യങ്ങള്‍ വിലയിരുത്താന്‍ ഇന്ന് സര്‍വ്വകകക്ഷിയോഗം വിളിച്ചിട്ടുണ്ട്. ആഴക്കടലില്‍ പോയ മത്സ്യബന്ധന ബോട്ടുകള്‍ ഇതുവരെ തീരത്തേക്ക് തിരിച്ചെത്തിയിട്ടില്ല. 51 ബോട്ടുകള്‍ ഇതുവരെയായി തിരിച്ചെത്തിയിട്ടില്ല. ഏതാണ്ട് 397 പേരെ കാണാനില്ലെന്ന് റവന്യൂ വകുപ്പ് ഉത്തരവില്‍ പറയുന്നു. റവന്യൂ വകുപ്പ് നേരിട്ടുനടത്തിയ കണക്കെടുപ്പിലൂടെയും രൂപതകളില്‍ നിന്നും മത്സ്യത്തൊഴിലാളികളില്‍ നിന്നും ശേഖരിച്ച വിവരങ്ങളില്‍ നിന്നുമാണ് 397 പേരുടെ കണക്ക് റവന്യൂ വകുപ്പ് പുറത്തുവിട്ടത്.

ഓഖി ദുരന്തത്തേത്തുടര്‍ന്ന് കേരളാ ലക്ഷദ്വീപ് തീരങ്ങളില്‍ നാവിക സേനയുടെ 12 കപ്പലുകള്‍ ഒമ്പതാം ദിവസമായ ഇന്നും രക്ഷാപ്രവര്‍ത്തനം തുടരുന്നു.  ആറെണ്ണം കേരള തീരത്തും ആറെണ്ണം ലക്ഷദ്വീപ് തീരത്തുമാണുള്ളത്. എന്‍എസ്എസ് കല്‍പ്പേനി ഇപ്പോഴും രക്ഷാപ്രവര്‍ത്തനത്തിലാണ്. കൂടാതെ ചെന്നൈയില്‍ നിന്നും മുംബൈയില്‍ നിന്നും നേവി കപ്പലുകള്‍ എത്തിച്ചിട്ടുണ്ട്. മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ 5 ബോട്ടുകളും നാവികസേനയുടെ 4 ഹെലിക്കോപ്റ്ററുകളും കോസ്റ്റ് ഗാര്‍ഡിന്റെ ബോട്ടുകളും കേരള തീരത്തിന്റെ 200 നോട്ടിക്കല്‍ മൈല്‍ അകലെവരെ ഇന്നും തിരച്ചില്‍ തുടരും. മല്‍സ്യതൊഴിലാളികളെ രക്ഷാപ്രവര്‍ത്തനത്തിനായി ഒപ്പം കൂട്ടിയിട്ടുണ്ട്. 

കടലില്‍പ്പെട്ട 36 പേരെ കോസ്റ്റ്ഗാര്‍ഡ് ഇന്നലെ കരയ്‌ക്കെത്തിച്ചിരുന്നു. ആളില്ലാതെ   ഒഴുകി നടന്ന 4 ബോട്ടുകള്‍ ഇന്നലെ കണ്ടെടുത്തു. ലക്ഷദ്വീപ് ഭാഗങ്ങളില്‍ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്റെ അഭ്യര്‍ത്ഥിച്ചതനുസരിച്ച് 12,000 ലിറ്റര്‍ കുടിവെള്ളവും സേന എത്തിച്ചുകഴിഞ്ഞു.  ഇന്നും ഭക്ഷണമടക്കമുള്ള അവശ്യസാധനങ്ങള്‍ മിനിക്കോയ് കവരത്തി ദ്വീപുകളില്‍ സേന എത്തിക്കും. ഓഖി കാരണം കടലില്‍ അകപ്പെട്ട  148 പേരെയാണ് നാവികസേന ഇതുവരെ രക്ഷപ്പെടുത്തിയത്.

ഇതിനിടെ ഓഖി ചുഴലിക്കാറ്റിന്റെ രക്ഷാപ്രവര്‍ത്തനത്തില്‍ അപാകത ഉണ്ടായെന്ന് കെസിബിസി ആരോപിച്ചു. ഓഖി ദേശീയ ദുരന്തമായി പ്രഖ്യാപിച്ച്, കേന്ദ്രം സമ്പൂര്‍ണ പാക്കേജ് അനുവദിക്കണമെന്നും കെസിബിസി ആവശ്യപ്പെട്ടു. സര്‍ക്കാര്‍ തക്ക സമയത്ത് ഇടപെട്ടിരുന്നുവെങ്കില്‍ ദുരന്തത്തിന്റെ ആഘാതം കുറയ്ക്കാനാകുമായിരുന്നു എന്നാണ് കെസിബിസിയുടെ വിമര്‍ശനം. ആദ്യ ദിനങ്ങളില്‍ വേണ്ടത്ര ഗൗരവം ഉണ്ടായില്ല. തീരദേശവാസികളെ നിസാരമായി കാണുന്ന സ്ഥിതി മാറണമെന്നും കെസിബിസി ചെയര്‍മാനും ലത്തീന്‍ അതിരൂപത  ആര്‍ച്ച് ബിഷപ്പുമായ ഡോ.എം.സുസൈപാക്യം പറഞ്ഞു.

മത്സ്യതൊഴിലാളികളുടെ സുരക്ഷയ്ക്കായി ഭാവിയില്‍ കേന്ദ്ര ഫിഷറീസ് മന്ത്രാലയം ഉണ്ടാകണം. ഇത് സംബന്ധിച്ച് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും നിവേദനം നല്‍കും. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍  ഇപ്പോള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നതില്‍ സന്തോഷം ഉണ്ടെന്നും കെസിബിസി പ്രതികരിച്ചു. കത്തോലിക്ക സഭ ഈ മാസം 10ന് പ്രാര്‍ത്ഥനാ ദിനം ആചരിക്കും. അന്ന്  സമാഹരിക്കുന്ന തുക തീരദേശവാസികളുടെ സഹായത്തിനായി നല്‍കും. അതിനിടെ ഓഖി ചുഴലിക്കാറ്റില്‍ മരിച്ചവര്‍ക്കും ദുരിതം അനുഭവിക്കുന്നവര്‍ക്കുമായി കെസിബിസിയിലെ മെത്രാന്‍മാര്‍ പ്രാര്‍ത്ഥനാ സമ്മേളനം നടത്തി. എറണാകുളം വല്ലാര്‍പാടം ബസലിക്കയില്‍ നടന്ന പ്രാര്‍ത്ഥനയില്‍ 40 ഓളം  ബിഷപ്പുമാര്‍ പങ്കെടുത്തു.

ഓഖി ചുഴലിക്കാറ്റ് ദുരിതം വിതച്ച കൊച്ചി ചെല്ലാനത്ത് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ജനജീവിതം സാധാരണ നിലയിലായിട്ടില്ല. ജില്ലാ ശുചിത്വ മിഷനും, സന്നദ്ധ സംഘടനകളും ശുചീകരണത്തിനായി രംഗത്തുണ്ടെങ്കിലും, നൂറിലധികം വീടുകളില്‍ ഇപ്പോഴും കക്കൂസ് മാലിന്യം ഉള്‍പ്പടെ നീക്കം ചെയ്യാനുണ്ട്. ആവശ്യത്തിന് വാഹനങ്ങള്‍ ഇല്ലാത്തതും, വീടുകളിലേക്കുള്ള ഇടുങ്ങിയ വഴികളുമാണ് പ്രധാന വെല്ലുവിളി. ചെല്ലാനത്തെ പ്രധാന റോഡിനോട് ചേര്‍ന്നുള്ള വീടുകളില്‍ മാത്രമാണ് നിലവില്‍   ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. കടല്‍ തീരത്തിനോട് ചേര്‍ന്നുള്ള വീടുകളിലെ സെപ്റ്റിക് ടാങ്കുകള്‍ പൊട്ടി പൊളിഞ്ഞ നിലയിലാണ്. കക്കൂസ് മാലിന്യം ഉള്‍പ്പടെ ഇവിടെ നിന്നും നീക്കം ചെയ്യാനാകുന്നില്ല. ഇടുങ്ങിയ വഴിയിലൂടെ ശുചീകരണം നടത്തുന്ന വാഹനങ്ങളെത്തുന്നില്ല. ചിലയിടങ്ങളില്‍ സെപ്റ്റിക് ടാങ്കുകള്‍ വൃത്തിയാക്കുന്ന ജോലികള്‍ നടക്കുന്നുണ്ടെങ്കിലും ഇതും മന്ദഗതിയിലാണ്.

ശുചീകരണത്തിന് കൂടുതല്‍ വാഹനങ്ങളെത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് റവന്യു വകുപ്പ് അറിയിച്ചു. ശുചീകരണത്തിനായി എല്ലാ വീടുകളിലും എത്താനാകുന്ന ചെറിയ വാഹനങ്ങള്‍ വരും ദിവസങ്ങളില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് ശുചീകരണ മിഷനും. തീരദേശത്ത് സ്ഥിരമായി സ്ഥാപിക്കാന്‍ ഇ ടോയ്‌ലെറ്റ് സംവിധാനത്തിന്റെ സാധ്യതയും ജില്ലാ ഭരണകൂടം തേടുന്നുണ്ട്. കൂടുതല്‍ വാഹനങ്ങളെത്തിച്ച് എത്രയും വേഗം ശുചീകരണം പൂര്‍ത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

കടലാക്രമണത്തില്‍ നശിച്ച വീടുകളും തീരപ്രദേശവും ശുചീകരിക്കാന്‍ തൃശൂരില്‍ പട്ടാളമിറങ്ങി. എറിയാട് പഞ്ചായത്തിലെ ശുചീകരണ പ്രവര്‍ത്തനത്തിലാണ് ബിഎസ്എഫ് ജവാന്മാരും പങ്കാളികളായത്. സഹായം വേണമെന്ന് മാധ്യമങ്ങളിലൂടെ അറിഞ്ഞാണ് ഞങ്ങള്‍ എത്തിയതെന്ന് ബിഎസ്എഫ് ജവാന്മാര്‍ പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BK
About the Author

Balu KG

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ബിരുദാനന്തര ബിരുദവും മാസ് കമ്യൂണിക്കേഷനിൽ ഡിപ്ലോമയും. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, ആരോഗ്യം, ശാസ്ത്രം, ചരിത്രം, ഫോട്ടോഗ്രഫി, എണ്‍വയോണ്‍മെന്‍റല്‍ സയന്‍സ്, എന്‍റര്‍ടൈന്‍മെന്‍റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 17 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: balu.kg@asianetnews.inRead More...
click me!

Recommended Stories

വാളയാർ ആൾക്കൂട്ട കൊലപാതകം: ഒത്തുതീർപ്പ് ചർച്ചകളിൽ ധാരണ; നാളെ മന്ത്രിയുമായി ചർച്ച; കുടുംബം പ്രതിഷേധം അവസാനിപ്പിച്ചു
ബിജെപിയുടെ അക്കൗണ്ടിലേക്ക് ഒഴുകിയെത്തിയ കോടികൾക്ക് പിന്നിൽ രാജ്യത്തെ മുൻനിര കമ്പനികൾ; മുന്നിൽ സെറം ഇൻസ്റ്റിറ്റ്യൂട്ട്