ശശീന്ദ്രന്‍ വീണത് 'ഹണി' ട്രാപ്പില്‍; കുടുക്കിയതാകാമെന്ന് പൊലീസ്

By Web DeskFirst Published Mar 27, 2017, 1:45 PM IST
Highlights

തിരുവനന്തപുരം: എ.കെ.ശശീന്ദ്രനെ ബോധപൂര്‍വ്വം കുടുക്കിയതാണോയെന്ന സംശയം പ്രാഥമിക പരിശോധന നടത്തിയ പൊലീസിനുണ്ട്. അതേസമയം, ശശീന്ദ്രന്‍ ആരോപണങ്ങളെ ശക്തമായി പ്രതിരോധിക്കാത്തതും ദുരൂഹത ഉയര്‍ത്തുന്നു. സ്‌ത്രീകളെ ഉപയോഗിച്ച് വ്യക്തികളെ കുടുക്കുന്ന ഹണി ട്രാപ്പില്‍ ശശീന്ദ്രന്‍ കുടുങ്ങിയോ എന്ന സംശയമാണ് പ്രാഥമിക വിവരശേഖരണം നടത്തുന്ന പൊലീസിനുള്ളത്.

ഏറെനാള്‍ അടുപ്പമുള്ള ഒരാളുമായി സംസാരിക്കുന്ന രീതിയിലുള്ള ശബ്ദരേഖയാണ് പുറത്തുവന്നത്. മന്ത്രിയുടെ രാജിക്കും ജുഡീഷ്യല്‍ അന്വേഷണ പ്രഖ്യാപനത്തിനും ശേഷവും പരാതിക്കാരാരും രംഗത്തെത്തിയിട്ടില്ല. ഗോവയില്‍ നിന്നാണ് ശശീന്ദ്രന്‍ സംസാരിക്കുന്നതെന്ന സൂചനകളാണ് ടേപ്പിലുള്ളത്. മന്ത്രിയായിരിക്കെ രണ്ട് തവണ ശശീന്ദ്രന്‍ ഗോവ സന്ദര്‍ശിച്ചിരുന്നത്. ഓണക്കാലത്ത് മലയാളി അസോസിയേഷന്റെ ആഘോഷ പരിപാടിയില്‍ പങ്കെടുക്കാനായിരുന്നു ആദ്യ യാത്ര. തെരഞ്ഞെടുപ്പ് പ്രചരണത്തിനായും രണ്ട് ദിവസവും ഗോവയിലുണ്ടായിരുന്നു.

ആരെയങ്കിലും സംശയിക്കുന്നതായുള്ള ഒരു സൂചനയും എകെ ശശീന്ദ്രന്‍ ഇതുവരെ മുഖ്യമന്ത്രിയോടും പാര്‍ട്ടി നേതൃത്വത്തോടും വ്യക്തമാക്കിയിട്ടില്ല.എന്നാല്‍ ആരോപണങ്ങളെ അതിശക്തമായി എതിര്‍ക്കുന്നുമില്ല.ഗൂഢാലോചനാവാദം ഉയ‍ര്‍ത്തുമ്പോഴും  ഫോണ്‍ വിവാദത്തില്‍ കൂടുതല്‍ വിവരങ്ങളും തെളിവുകളും പുറത്തുവരുമോ എന്ന സംശയവും ശശീന്ദ്രനും എന്‍സിപിക്കുമുണ്ട്.

വിവാദം കത്തുന്നതിനിടെ ആരെങ്കിലും ശശീന്ദ്രനെതിരെ പരാതിയുമായി രംഗത്തെത്താനുള്ള സാധ്യതയും പൊലീസും എന്‍സിപിയും തള്ളിക്കളയുന്നില്ല. അങ്ങിനെയങ്കില്‍ ജൂഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും ശശീന്ദ്രനെതിരെ ക്രിമിനല്‍ കേസ് എടുത്ത് പൊലീസ് അന്വേഷണവും നടത്തേണ്ടിവരും.

 

click me!