മുഖ്യമന്ത്രി നിലപാട് കടുപ്പിച്ചു; എന്‍സിപി ഒരു മണിക്കൂര്‍ സാവകാശം ചോദിച്ചു

By Web DeskFirst Published Nov 15, 2017, 9:53 AM IST
Highlights

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയില്‍ എന്‍ സി പി ഒരു മണിക്കൂര്‍ സാവകാശം ചോദിച്ചു. തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തില്‍ ഒരു മണിക്കൂറിനുള്ളില്‍ നിലപാട് വ്യക്തമാക്കാമെന്നാണ് കൂടിക്കാഴ്ചയില്‍ പങ്കെടുത്ത തോമസ് ചാണ്ടിയും എന്‍ സി പി അദ്ധ്യക്ഷന്‍ പീതാംബരന്‍ മാസ്റ്ററും അറിയിച്ചത്. കോടതിയില്‍നിന്ന് അനുകൂല നിലപാട് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് എന്‍ സി പി നേതൃത്വം സാവകാശം ചോദിച്ചത്. അതേസമയം തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തില്‍ വിട്ടുവീഴ്‌ചയില്ലെന്ന ശക്തമായ നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. ഇക്കാര്യത്തില്‍ എത്രയുംപെട്ടെന്ന് തീരുമാനം വേണമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു. കോടതിയില്‍നിന്ന് അനുകൂല പരാമര്‍ശം ഉണ്ടാകുമെന്നാണ് തോമസ് ചാണ്ടിയും പീതാംബരന്‍മാസ്റ്ററും മുഖ്യമന്ത്രിയെ ധരിപ്പിച്ചത്. ഇതോടെയാണ് ഇന്നത്തെ മന്ത്രിസഭായോഗത്തില്‍ പങ്കടുക്കാന്‍ തോമസ് ചാണ്ടിയെ മുഖ്യമന്ത്രി അനുവദിച്ചത്. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്‌ചയ്‌ക്കുശേഷം സെക്രട്ടേറിയറ്റിലെത്തിയ തോമസ് ചാണ്ടി മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കുമെന്നും രാജിക്കാര്യം കോടതി ഉത്തരവ് വന്നശേഷം മുഖ്യമന്ത്രി തീരുമാനിക്കുമെന്നും മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍ തോമസ് ചാണ്ടി പ്രഖ്യാപിക്കുകയായിരുന്നു. തോമസ് ചാണ്ടി മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കുന്നതില്‍ പ്രതിഷേധിച്ച് സിപിഐ മന്ത്രിമാര്‍ വിട്ടുനിന്നു.

click me!