എന്‍സിപിയില്‍ ഭിന്നത രൂക്ഷം; നേതൃയോഗം മാറ്റിവെച്ചു

By Web DeskFirst Published Aug 17, 2017, 12:44 PM IST
Highlights

കോട്ടയം: എന്‍ സി പിയില്‍ ഭിന്നത രൂക്ഷമാകുന്നു. തോമസ് ചാണ്ടിക്കെതിരെ ഒരു വിഭാഗം ശക്തമായി നിലപാട് സ്വീകരിച്ചതോടെ ഈ മാസം  ഇരുപതിന് ചേരാനിരുന്ന നേതൃയോഗം മാറ്റിവച്ചു. അതിനിടെ മന്ത്രി തോമസ് ചാണ്ടിക്കെതിരെ വെളിപ്പെടുത്തലുമായി ഉഴവൂരിന്റെ സന്തതസഹചാരി സതീഷ് കല്ലുകുളം രംഗത്തെത്തി.

ഉഴവൂര്‍ വിജയന്റെ മരണ ശേഷം എന്‍ സി പി പിളര്‍പ്പിലേക്ക് നീങ്ങുന്നുവെന്ന സൂചനകള്‍ പുറത്തു വന്നിരുന്നു. എ കെ ശശീന്ദ്രന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം തോമസ് ചാണ്ടിക്കെതിരെ പടയൊരുക്കം നടത്തുന്നുവെന്നായിരുന്നു വാര്‍ത്തകള്‍. സതീഷ് കല്ലുകളത്തിനെതിരെ നടപടി വേണമെന്ന് മാണി സി കാപ്പന്‍ കേന്ദ്രനേതൃത്വത്തിന് പരാതി നല്‍കി. ഭിന്നത രൂക്ഷമായ സാഹചര്യത്തില്‍ ഈ മാസം ഇരുപതിന് ചേരാനിരുന്ന  സംസ്ഥാന നേതൃയോഗം മാറ്റിവച്ചു. ദേശീയ നേതാവ് പ്രഫുല്‍ പട്ടേലിന്റെ അസൗകര്യമാണ് കാരണമായി പറയുന്നതെങ്കിലും പാര്‍ട്ടിയിലെ ഭിന്നിപ്പാണ് യോഗം മാറ്റി വയ്ക്കാന്‍ കാരണം.

ഇതിനിടെ തോമസ് ചാണ്ടിയും മാണി സി കാപ്പനും ഉള്‍പ്പടെയുള്ള നേതാക്കള്‍ ഉഴവൂരിനെ മാനസികമായി പീഡിപ്പിച്ചുവെന്ന ആരോപണവുമായി  ഉഴവൂരിന്റെ സന്തതസഹചാരിയായ സതീഷ് കല്ലുകുളം രംഗത്തെത്തി. ഉഴവൂരിന്റെ മരണം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിന് ഇത്  സംബന്ധിച്ച വിവരങ്ങള്‍ കൈമാറിയതായും സതീഷ് കല്ലുകുളം പറഞ്ഞു. നേരത്തെ കേസിലെ പരാതിക്കാരില്‍ ഒരാളായ എന്‍ സി പി ജില്ലാ  കമ്മിറ്റി അംഗം റാണി സാംജിയുടെ മൊഴിയും അന്വേഷണസംഘം എടുത്തിരുന്നു.

click me!