
തിരുവനന്തപുരം: തലസ്ഥാന ജില്ലയിലെ നെടുമങ്ങാട്, കാട്ടാക്കട, നെയ്യാറ്റിൻകര താലൂക്കുകൾ ചേർത്തുള്ള നെടുമങ്ങാട് റവന്യൂ ഡിവിഷൻ മുഖ്യമന്ത്രി പിണറായി വിജയൻ ഏപ്രിൽ 30-ന് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. മലയോര മേഖലയിലെ ജനങ്ങളുടെ ഏറെകാലത്തെ ആവശ്യമാണ് ഇതോടെ യാഥാർത്ഥ്യമാക്കുന്നത്.
ജില്ലയിലെ ആറു താലൂക്കുകളും തിരുവനന്തപുരം റവന്യൂ ഡിവിഷൻ ഓഫീസിനു കീഴിലായിരുന്നു. തിരുവനന്തപുരം ആർ.ഡി.ഒ യ്ക്കു കീഴിലുള്ള നെടുമങ്ങാട്, കാട്ടാക്കട, നെയ്യാറ്റിൻകര താലൂക്കുകളെ ഉൾപ്പെടുത്തിയാണ് പുതുതായി നെടുമങ്ങാട് റവന്യൂ ഡിവിഷൻ രൂപീകരിച്ചത്. വിവിധ സർക്കാർ സേവനങ്ങൾക്കായി ജനങ്ങൾക്ക് തിരുവനന്തപുരത്ത് എത്തേണ്ട ബുദ്ധിമുട്ട് പരിഗണിച്ചാണ് പുതിയ ഡിവിഷൻ രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചത്.ആർ.എസ്. ബൈജുവാണ് പുതിയ നെടുമങ്ങാട് റവന്യൂ ഡിവിഷനിലെ ആദ്യ ആർ.ഡി.ഒ മാർച്ച് 15 നാണ് സർക്കാർ ഇദ്ദേഹത്തെ ആർ.ഡി.ഒ ആയി നിയമിച്ചത്. റവന്യൂ ഡിവിഷനും ഓഫീസും രൂപീകരിക്കുന്ന നടപടിക്രമങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ നോഡൽ ഓഫീസറായും ബൈജുവിനെ ജില്ലാ കളക്ടർ നിയോഗിച്ചിരുന്നു. 32 വർഷത്തെ സർവീസിനുശേഷം മേയ് 31 നു അദ്ദേഹം വിരമിക്കും.
നെടുമങ്ങാട് താലൂക്കിലെ 25 വില്ലേജും നെയ്യാറ്റിൻകര താലൂക്കിലെ 21 വില്ലേജും കാട്ടാക്കട താലൂക്കിലെ 13 വില്ലേജുമാണ് നെയ്യാറ്റിൻകര ആർ.ഡി.ഒ. ഓഫീസിനു കീഴിൽ വരിക. നെടുമങ്ങാട് താലൂക്കിലെ ആനാട്, അരുവിക്കര, ആര്യനാട്, കല്ലറ, കരകുളം, കരിപ്പൂർ, കോലിയക്കോട്, കുറുപ്പുഴ, മാണിക്കൽ, നെടുമങ്ങാട്, നെല്ലനാട്, പാലോട്, പനവൂർ, പാങ്ങോട്, പെരിങ്ങമല, പുല്ലംപാറ, തേക്കട, തെന്നൂർ, തൊളിക്കോട്, ഉഴമലയ്ക്കൽ, വാമനപുരം, വട്ടപ്പാറ, വെള്ളനാട്, വെമ്പായം, വിതുര വില്ലേജുകളും കാട്ടാക്കട താലൂക്കിലെ മണ്ണൂർക്കര, പെരുങ്കുളം, വീരണകാവ്, അമ്പൂരി, കള്ളിക്കാട്, കീഴാറൂർ, കുളത്തുമ്മൽ, മലയിൻകീഴ്, മാറനല്ലൂർ, ഒറ്റശേഖരമംഗലം, വാഴിച്ചൽ, വിളപ്പിൽ, വിളവൂർക്കൽ വില്ലേജുകളും ഉൾപ്പെടുന്നു. നെയ്യാറ്റിൻകര താലൂക്കിലെ ആനാവൂർ, അതിയന്നൂർ, ബാലരാമപുരം, ചെങ്കൽ, കാഞ്ഞിരംകുളം, കാരോട്, കരുംകുളം, കൊല്ലയിൽ, കോട്ടുകാൽ, കുളത്തൂർ, കുന്നത്തുകാൽ, നെയ്യാറ്റിൻകര, പള്ളിച്ചൽ, പാറശാല, പരശുവയ്ക്കൽ, പെരുങ്കടവിള, പെരുമ്പഴുതൂർ, പൂവാർ, തിരുപുറം, വെള്ളറട, വിഴിഞ്ഞം വില്ലേജുകളും ഡിവിഷന്റെ പരിധിയിൽ വരും.
നെടുമങ്ങാട് ആർ.ഡി.ഒ ഓഫീസിന്റെ ഉദ്ഘാടന സമ്മേളനം ഏപ്രിൽ 30 ന് വൈകിട്ട് നാലിന് നെടുമങ്ങാട് ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസ്. അങ്കണത്തിൽ നടക്കും. റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരൻ അധ്യക്ഷത വഹിക്കും. ടൂറിസം-സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ജില്ലാ കളക്ടർ ഡോ. എസ്. കാർത്തികേയൻ ,എം.പി.മാരായ ഡോ. എ. സമ്പത്ത്, ഡോ. ശശി തരൂർ, എം.എൽ.എ മാരായ സി. ദിവാകരൻ, ഡി.കെ. മുരളി, കെ.എസ്. ശബരീനാഥ്, ഐ.ബി. സതീഷ്, കെ. ആൻസലൻ, സി.കെ. ഹരീന്ദ്രൻ, എം. വിൻസെന്റ മറ്റു തദ്ദേശസ്വയംഭരണസ്ഥാപന പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam