നെടുമ്പാശേരിയില്‍ പ്രവാസി മലയാളി കുടുംബത്തിന്റെ ലഗേജ് മോഷ്ടിച്ചു

By Web DeskFirst Published Jan 15, 2017, 5:44 PM IST
Highlights

വിമാനം റദ്ദായതിനെത്തുടർന്ന് നെടുമ്പാശേരിയിലെ ഹോട്ടലിൽ താമസിക്കേണ്ടി വന്ന പ്രവാസി മലയാളി കുടുംബത്തിന്റെ  ലഗേജ് മോഷ്ടിച്ചു.ബ്രിട്ടനിലേക്ക് പോകാനെത്തിയ തൊടുപുഴ സ്വദേശിയുടെ ഹാൻഡ് ബാഗിൽ നിന്നാണ് നാലു ലക്ഷം രൂപായുടെ സ്വർണവും എണ്ണൂറ് പൗണ്ടും മോഷ്ടിക്കപ്പെട്ടത്. നെടുമ്പാശേരി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

കഴിഞ്ഞ ദിവസം നെടുമ്പാശേരി വഴി ബ്രിട്ടനിലേക്ക് പോകാനെത്തിയതാണ് തൊടുപുഴ സ്വദേശി ജോസ് ജയിംസും കുടുംബവും.എന്നാൽ സൗദി എയർലൈൻസ് വിമാനം യാത്ര റദ്ദാക്കി.ജോസ് ജയിംസിനെയും കുടുംബത്തെയും വിമാനത്താവളത്തിനടുത്തുളള ലോട്ടസ് എട്ട് ഹോട്ടലിൽ വിമാനകമ്പനി താമസിപ്പിച്ചു. രാവിലെ ഉറക്കമുണർന്നപ്പോഴാണ് ഹാൻഡ് ബാഗിലെ സ്വർണവും പൗണ്ടും മോഷ്ടിക്കപ്പെട്ട വിവരം അറിയുന്നത്.ഭാര്യയുടെയും കുട്ടികളുടെയും  സ്വർണാഭരണങ്ങളും  എണ്ണൂറ് പൗണ്ടും മോഷണം പോയി.

മോഷണദൃശ്യങ്ങൾ ഹോട്ടലിലെ സി സി ടി  ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.മോഷ്ടാവിന്റെ മുഖം വ്യക്തമല്ല.മോഷണം നടന്ന കാര്യം അറിയിച്ചിട്ടും ഹോട്ടൽ അധികാരികൾ പോലീസിനെ അറിയിക്കാൻ വൈകിയെന്നും പരാതിയുണ്ട്.മോഷ്ടാവിനെരക്ഷിക്കാൻ ഹോട്ടലുകാർ സമയം നൽകിയെന്നാണ് പരാതി. സംഭവത്തെക്കുറിച്ച് നെടുമ്പാശേരി പോലീസ് അന്വേഷണം തുടങ്ങി. മോഷണത്തിൽ ഹോട്ടൽ ജീവനക്കാർക്ക് പങ്കുണ്ടോയെന്നും അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു.

 

click me!