
ദില്ലി: പുതിയ 100 രൂപ നോട്ടുകള്‍ വിതരണം ചെയ്യാന്‍ കഴിയുന്ന രീതിയില്‍ എ.ടി.എമ്മുകള്‍ പുനക്രമീകരിക്കാന്‍ ചെലവാക്കേണ്ടി വരിക 100 കോടിയിലേറെ രൂപയെന്ന് റിപ്പോര്‍ട്ട്. രാജ്യത്ത് 2.4 ലക്ഷം എടിഎമ്മുകളാണ് നിലവിലുള്ളത്. ഇവ പുതിയ കറൻസി ലഭിക്കുന്ന തരത്തിൽ മാറ്റാൻ 12 മാസമെങ്കിലും വേണ്ടിവരുമെന്ന വിലയിരുത്തലാണ് വിദഗ്ധര്‍ക്കുള്ളത്. പുതിയ 100 രൂപ നോട്ട് ഉടന്‍ പുറത്തിറങ്ങുമെന്ന് റിസര്‍വ്വ് ബാങ്ക് വ്യക്തമാക്കിയ പശ്ചാത്തലത്തിലാണ് വിദഗ്ധരുടെ പ്രതികരണം.
ഇരുന്നൂറ് രൂപ പുറത്തിറക്കിയപ്പോൾ എടിഎമുകളിൽ മാറ്റം വരുത്താൻ ചെലവായത് 100 കോടിയാണ്. 2000 രൂപയും പുതിയ 500 രൂപയും ലഭിക്കുന്ന തരത്തിൽ എടിഎമ്മുകളിൽ മാറ്റം വരുത്തിയതിന് 110 കോടി രൂപയാണ് ബാങ്കുകൾ ചെലവഴിച്ചത്. ഇതിന് പിന്നാലെയാണ് പുതിയ 100 രൂപ നോട്ടുകൾ കൂടിഎത്തുന്നത്. എടിഎമ്മുകളിൽ മാറ്റം വരുത്താൻ മാസങ്ങൾ വോണ്ടി വരുന്ന സാഹചര്യത്തിൽ നോട്ട് ക്ഷാമം തടയാനുള്ള മുൻ കരുതലുകൾ എടുക്കണമെന്ന് പണമിടപാട് സ്ഥാപനങ്ങളും എടിഎം ഓപ്പറേറ്റർമാരുടെ സംഘടനയും കേന്ദ്രത്തോടും ആർബിഐയോടും അഭ്യർത്ഥിച്ചിട്ടുണ്ട്. കാര്യങ്ങൾ ശരിയായി ആസൂത്രണം ചെയ്തില്ലെങ്കിൽ രാജ്യത്ത് വീണ്ടും നോട്ടുക്ഷാമം ഉണ്ടായേക്കുമെന്ന് സാമ്പത്തിക വിദഗ്‌ധരും മുന്നറിയിപ്പ് നല്‍കുന്നു.
പുതിയ നോട്ടിന് മുകളിൽ മഹാത്മ ഗാന്ധിയുടെ ചിത്രം ആലേഖനം ചെയ്തിരിക്കും. പുറകിൽ ഗുജറാത്തിലെ ചരിത്ര സ്മാരകമായ റാണി കി വാവിന്റെ ചിത്രം ഉണ്ടായിരിക്കും. ഇപ്പോഴുളള 100 രൂപയെക്കാൾ ചെറുതും ലാവന്റർ നിറത്തിലുമായിരിക്കും പുതിയ നോട്ട്. എന്നാൽ നിലവിലെ 100 രൂപ നോട്ടുകൾ പിൻവലിക്കില്ലെന്നാണ് റിസർവ് ബാങ്ക് അറിയിച്ചിരിക്കുന്നത്. ഈയിടെ പുറത്തിറങ്ങിയ 200 രൂപ നോട്ടുകള്‍ വിതരണം ചെയ്യാന്‍ കഴിയും വിധം എ ടി എമ്മുകള്‍ പുനക്രമീകരിക്കുന്ന ജോലികള്‍ ഇതുവരെയും പൂര്‍ത്തിയായിട്ടില്ല. ഈ സാഹചര്യത്തിലാണ് പുതിയ 100 രൂപ നോട്ടുകള്‍ പുറത്തിറക്കാന്‍ റിസർവ് ബാങ്ക് ഒരുങ്ങുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam