ബ്രൂവറി വിവാദത്തില്‍ സിപിഎമ്മിന്‍റെ പങ്ക് അന്വേഷിക്കണമെന്ന് ബെന്നി ബഹനാന്‍

By Web TeamFirst Published Oct 6, 2018, 4:42 PM IST
Highlights

ഏഴ് മാസം ഫയല്‍ എക്‌സൈസ് മന്ത്രിയുടെ ഓഫീസില്‍ പൂട്ടി വച്ചതെന്തിനെന്ന് മന്ത്രി വ്യക്തമാക്കണം

കൊച്ചി: ഡിസ്റ്റലറി, ബ്രൂവറി ഇടപാടില്‍ സിപിഎമ്മിന്റെ പങ്കുകൂടി അന്വേഷണ വിധേയമാക്കണമെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ ആവശ്യപ്പെട്ടു. ഈ ഇടപാടില്‍ അഴിമതി ഉണ്ടെന്നുള്ള കാര്യം ഇതിനകം വ്യക്തമായിട്ടുണ്ട്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയും എക്‌സൈസ് വകുപ്പ് മന്ത്രിയും പ്രതികൂട്ടിലാണ്.

ഉദ്യോഗസ്ഥരുടെ ശുപാര്‍ശ മറികടന്ന് സ്വന്തം താത്പര്യം സംരക്ഷിക്കാനാണ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ ഫയലില്‍ ഒപ്പിട്ടത്. ഇത് സ്വജനപക്ഷപാതപരവും അഴിമതിയുമാണ്. മന്ത്രി സ്വന്തം സ്ഥാനം രാജിവച്ച് അന്വേഷണം നേരിടുകയാണ് വേണ്ടതെന്ന് ബെന്നി ബഹനാന്‍ പറഞ്ഞു.

1999ലെ സര്‍ക്കാര്‍ ഉത്തരവ് നയപരമായ തീരമാനമാണെന്നും മന്ത്രിസഭ കാണണമെന്നും ഉദ്യോഗസ്ഥര്‍ ഫയലില്‍ കുറിച്ചിരുന്നു. എന്ത് കൊണ്ട് എല്‍ഡിഎഫിലോ മന്ത്രിസഭയിലോ ഇത് ചര്‍ച്ച ചെയ്തില്ല. കോടികളുടെ അഴിമതി നടന്ന ഈ ഇടപാടില്‍ കമ്പനികളുടെ വിശ്വാസ്യത പോലും പരിശോധിക്കാതെ ഉത്തരവ് നല്‍കുകയായിരുന്നു.

ഏഴ് മാസം ഫയല്‍ എക്‌സൈസ് മന്ത്രിയുടെ ഓഫീസില്‍ പൂട്ടി വച്ചതെന്തിനെന്ന് മന്ത്രി വ്യക്തമാക്കണം. ബിനാമി കമ്പനികളാണ് ശ്രീചക്രയും പവ്വര്‍ ഇന്‍ഫ്രാടെക്കുമെന്ന വാര്‍ത്ത പുറത്തു വന്നതോടുകൂടി മുഖ്യമന്ത്രിയും മന്ത്രിയും വീണ്ടും വെട്ടിലായിരിക്കുകയാണ്.

ഇത് അന്വേഷിക്കാമെന്നാണ് മന്ത്രി പറയുന്നത്. കോടികള്‍ മറിഞ്ഞപ്പോള്‍ സര്‍ക്കാരിന് ഇതൊന്നും നേരത്തേ അന്വേഷിക്കാന്‍  സമയം കിട്ടിയില്ല. നഗ്നമായ അഴിമതി നടന്ന ഈ ഇടപാടില്‍ സമഗ്ര അന്വേഷണം തന്നെ വേണമെന്നും യുഡിഎഫ് കണ്‍വീനര്‍ ആവശ്യപ്പെട്ടു. 

click me!