പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ കൊന്നുകളയുമെന്ന് നെ‍ഹ്റു കോളേജ് ചെയര്‍മാന്റെ ഭീഷണി

By Web DeskFirst Published Feb 11, 2017, 1:50 PM IST
Highlights

തൃശ്ശൂര്‍: നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ പി. കൃഷ്ണദാസ്, കോളേജിലെ വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തിയെന്ന് പരാതി. ജിഷ്ണുവിന്റെ മരണത്തെ തുടര്‍ന്ന് പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ കൊന്ന് കളയുമെന്നായിരുന്നു കോളേജ്  ചെയര്‍മാന്റെ ഭീഷണിയെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. രക്ഷിതാക്കളെ കോളേജില്‍ വിളിച്ചുവരുത്തിയായിരുന്നു ഭീഷണി. ഇപ്പോള്‍ കോളേജില്‍ വെച്ച് നിങ്ങളുടെ മക്കളെ നല്ലതുപോലെ കാണാം. ഇനി അവരെ കാണണമെങ്കില്‍ ഏതെങ്കിലും മോര്‍ച്ചറിയിലോ ആശുപത്രിയിലോ പോകേണ്ടി വരും. അതിനുള്ള ശക്തിയും സാമ്പത്തിക ശേഷിയും തനിക്കുണ്ടെന്നും അത് എല്ലാവരും മനസിലാക്കണമെന്നും മാതാപിതാക്കളോട് ചെയര്‍മാന്‍ പറഞ്ഞെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. ഇത് സംബന്ധിച്ച് ഡി.ജി.പിക്കും വിദ്യാഭ്യാസ മന്ത്രിക്കും നാളെ പരാതി നല്‍കാനാണ് വിദ്യാര്‍ത്ഥികളുടെ ശ്രമം.

അതേസമയം വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് നെഹ്റു കോളേജ് ചെയര്‍മാന്‍ പി കൃഷ്ണദാസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കോളേജിലെ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ തെരഞ്ഞെടുത്ത സമിതിയാണ് കോളേജിലെ കാര്യങ്ങള്‍ ഇപ്പോള്‍ നിയന്ത്രിക്കുന്നതെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്ന ദിവസങ്ങളില്‍ താന്‍ കോളേജില്‍ ഇല്ലായിരുന്നെന്നും കൃഷ്ണദാസ്, ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കവെ പറഞ്ഞു. തനിക്കെതിരെ പരാതി നല്‍കാനുള്ള വിദ്യാര്‍ത്ഥികളുടെ നീക്കം സ്വാഗതം ചെയ്യുന്നെന്നും കൃഷ്ണദാസ് പറഞ്ഞു.

click me!