മതമല്ല മതമല്ല മതമല്ല പ്രശ്നം, എരിയുന്ന വയറിലെ തീയാണ് പ്രശ്നം എന്നാണ് സർക്കാരിനെ നയിക്കുന്നതെന്ന് ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.
തിരുവനന്തപുരം: മുസ്ലീം ലീഗ് നേതാവ് കെ എം ഷാജിയുടെ വിവാദ പരാമർശം തള്ളി ബജറ്റ് പ്രസംഗം. മതമാണ് മതമാണ് മതമാണ് പ്രശ്നം എന്നല്ല. മതമല്ല മതമല്ല മതമല്ല പ്രശ്നം, എരിയുന്ന വയറിലെ തീയാണ് പ്രശ്നം എന്നാണ് സർക്കാരിനെ നയിക്കുന്നതെന്ന് ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. കെ എം ഷാജിയുടെ വിവാദ പരാമർശം തള്ളികൊണ്ടാണ് ബജറ്റ് പ്രസംഗത്തിൽ ഇക്കാര്യം ധനമന്ത്രി പറഞ്ഞത്. ഭരണപക്ഷ അംഗങ്ങൾ ആവേശത്തോടെയാണ് ധനമന്ത്രിയുടെ ഈ പരാമർശത്തെ ഏറ്റെടുത്തത്.
പത്ത് വർഷത്തിനിടെ 54 ആയിരം കോടി ക്ഷേമ പെൻഷനായി ജനങ്ങളിലേക്ക് എത്തിച്ചത്. ജനസംഖ്യയുടെ 30%ത്തിന് വിവിധ ക്ഷേമ ആനുകൂല്യം നൽകി. ഒരു കോടി പേരിലേക്ക് സർക്കാർ സഹായമെത്തി. ചൈനക്ക് ശേഷം ആദ്യമായാണ് ഒരു സര്‍ക്കാര്‍ അതിദാരിദ്ര്യ വിമുക്ത പരിപാടി നടപ്പാക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു. സര്‍ക്കാരിന്‍റെ മുന്‍ഗണന ഈ നാട്ടിലെ സാധാരണ മനുഷ്യരാണ്. അവരുടെ ജീവിത സുരക്ഷയാണ്. സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് അവരുടെ ദുരന്തം അകറ്റുന്നതിനാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
'ജാതിയുടെയും മതത്തിന്‍റെ സങ്കുചിത ചിന്തകളുടെയും പക്ഷത്തല്ല മനുഷ്യന്‍റെ പക്ഷത്താണ് സര്‍ക്കാര്‍. വര്‍ഗീയ ശക്തികള്‍ ഉയര്‍ത്തിയ ആരോപണങ്ങളെയും പ്രചരിപ്പിച്ച അസത്യങ്ങളെയും നേരിട്ട് മുന്നേറി വന്നതാണ് സര്‍ക്കാര്‍. ഒരു കോടി മനുഷ്യരിലേക്ക് എത്തുന്ന സാമൂഹിക സുരക്ഷാ ധനസഹായങ്ങളും അഞ്ച് ലക്ഷം മനുഷ്യർക്ക് കിടപ്പാടവും ഒരു കോടിയിലധികം പേർക്ക് സൗജന്യ ചികിത്സയും ഒരുക്കി. അതിദാരിദ്ര്യത്തിൽനിന്ന് മോചനവും കടക്കെണിയിൽ വീണവരുടെ കിടപ്പാടമടക്കം സംരക്ഷിക്കലും സർക്കാർ പള്ളിക്കൂടങ്ങളും ആശുപത്രികളും മികച്ചതാക്കലുമാണ് ഞങ്ങൾ ഏറ്റെടുത്തത്. അത് ഞങ്ങളുടെ രാഷ്ട്രീയമാണ്. അത് ഓരോ നിശ്വാസത്തിലും ഉയർത്തിപ്പിടിക്കുന്നുണ്ട്' മന്ത്രി പറഞ്ഞു.
സംസ്ഥാന ബജറ്റ് അവതരണത്തിനിടെ കേന്ദ്ര സർക്കാരിനെതിരെയും ധനമന്ത്രി വിമർശനം ഉയര്‍ത്തി. കേന്ദ്ര അവഗണനയിലും കേരളം പിടിച്ചു നിന്നു. തൊടു ന്യായം പറഞ്ഞ് അർഹമായ വിഹിതം കേന്ദ്രം നികുതി വിഹിതം വെട്ടിക്കുറയ്ക്കുന്നുവെന്നായിരുന്നു ധനമന്ത്രിയുടെ വിമര്‍ശനം. സാമ്പത്തിക വർഷാവസാനം കേന്ദ്രം കേരളത്തെ കരുക്കി. സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവർന്നെടുക്കുന്നു. ഫെഡറലിസം ഇന്ത്യയുടെ ആത്മാവാണ്. അത് തകർക്കാനാണ് കേന്ദ്ര സർക്കാരിന്റെ ശ്രമമെന്നും കെ എൻ ബാലഗോപാൽ വിമര്‍ശിച്ചു. കേന്ദ്രം അനുവദിക്കുന്ന വിഹിതം വാങ്ങി സംസ്ഥാനം തലകുനിച്ച് നിൽക്കേണ്ടി വരുന്നു. കേന്ദ്രത്തിന്റെ അവഗണനക്കെതിരെ ബജറ്റ് പ്രസംഗത്തിലൂടെ പ്രതിഷേധം രേഖപ്പെടുത്തുകയാണെന്നും കെ എൻ ബാലഗോപാൽ കൂട്ടിച്ചേര്‍ത്തു.



