
പാലക്കാട്: പാമ്പാടി നെഹ്റു കോളെജിൽ വിദ്യാർത്ഥികൾക്കെതിരെ പ്രതികാര നടപടിയുമായി വീണ്ടും മാനേജ്മെന്‍റ്. ഹാജരും ഇന്‍റേണല്‍ മാർക്കും ഇല്ലെന്ന കാരണത്താൽ സമരത്തിൽ പങ്കെടുത്ത 65 വിദ്യാർത്ഥികളെ പരീക്ഷ എഴുതുന്നതിൽ നിന്ന് വിലക്കി. കോളെജിൽ നിന്നും പുറത്താക്കിയ അധ്യാപകനെയും മാനേജ്മെന്‍റ് തിരിച്ചെടുത്തു.
ജൂൺ മാസം അവസാനം പരീക്ഷ നടക്കാനിരിക്കെയാണ് നെഹ്രു ഗ്രൂപ്പിന് കീഴിലുള്ള ഫാർമസി കോളെജിൽ വിദ്യാർത്ഥികളെ പരീക്ഷ എഴുതുന്നതിൽ നിന്ന് മാനേജ്മെന്റ് വിലക്കിയത്. ഒന്നാം വർഷ വിദ്യാർത്ഥികളായ 65 പേർക്ക് മതിയായ ഹാജരും ഇന്റേണൽ മാർക്കും ഇല്ലെന്ന കാരണം പറഞ്ഞാണ് മാനേജ്മെന്റിന്റെ വിലക്ക്.
ജിഷ്ണു പ്രണോയിയുടെ മരണത്തെ തുടർന്ന് കോളെജിൽ നടന്ന പ്രതിഷേധ സമരങ്ങളിൽ പങ്കെടുത്തവരാണ് 65 വിദ്യാർത്ഥികളും. മാനേജ്മെന്റിനെതിരെ പ്രതിഷേധിച്ചതിനാലാണ് പരീക്ഷ എഴുതാൻ അനുവദിക്കാത്തതെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. ഫാർമസി കോളെജിലെ കൂടുതൽ വിദ്യാർത്ഥികൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് മാനേജ്മെന്റ്. അടുത്ത മാസം പരീക്ഷ എഴുതാനിരിക്കുന്ന രണ്ടും മൂന്നും വർഷങ്ങളിലെ വിദ്യാർത്ഥികൾക്കും സമാനമായ നടപടി നേരിടേണ്ടി വരും.
അതേ സമയം ജിഷ്ണുവിന്റെ മരണത്തെ തുടർന്ന് ആരോപണ വിധേയനായി മാനേജ്മെന്റ് പുറത്താക്കിയ അധ്യാപകനെ തിരിച്ചെടുത്തു. എൻജിനീയറിംഗ് വിഭാഗം അധ്യാപകനായ ഇർഷാദിനെ ഓഫീസ് സ്റ്റാഫായാണ് മാനേജ്മെന്റ് നിയമിച്ചിട്ടുള്ളത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam