ഓളപ്പരപ്പില്‍ ആവേശം വിതറാന്‍ ഇന്ന് നെഹ്റുട്രോഫി ജലോല്‍സവം

By Web DeskFirst Published Aug 12, 2017, 7:04 AM IST
Highlights

ഓളപ്പരപ്പിലൂടെ വള്ളങ്ങള്‍ കുതിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. നെഹ്‌റുട്രോഫി ജലമേളയ്ക്കായി പുന്നമടയൊരുങ്ങി. രാവിലെ പതിനൊന്നുമണിക്ക് ചെറുവള്ളങ്ങളുടെ ഹീറ്റ്‌സ് മല്‍സരങ്ങള്‍ തുടങ്ങും. ഉച്ചതിരിഞ്ഞാണ് ചുണ്ടന്‍വള്ളങ്ങളുടെ ഹീറ്റ്‌സ് മല്‍സരങ്ങള്‍. ചെറുവള്ളങ്ങളുടെ ഫൈനലും ചുണ്ടന്‍വള്ളങ്ങളുടെ ഫൈനലും പിന്നാലെ. നെഹ്‌റു ട്രോഫിയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ വള്ളങ്ങള്‍ പങ്കെടുക്കുന്നത് ഇത്തവണയാണ്. ചുണ്ടനില്‍ മാത്രം പ്രദര്‍ശനമല്‍സരത്തിലേതുള്‍പ്പടെ 24 വള്ളങ്ങളാണുള്ളത്. അഞ്ച് ഇരുട്ടുകുത്തി എ ഗ്രേഡ് വള്ളവും 25 ഇരുട്ടുകുത്തി ബി ഗ്രേഡ് വള്ളവും ഒമ്പത് വെപ്പ് എ ഗ്രേഡ് വള്ളവും ആറ് വെപ്പ് ബി ഗ്രേഡ് വള്ളവും മൂന്ന് ചുരുളന്‍ വള്ളവും തെക്കനോടിയില്‍ മൂന്നുവീതം തറ, കെട്ടു വള്ളവും മത്സരത്തില്‍ മാറ്റുരയ്ക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയന്‍ വള്ളംകളി ഉദ്ഘാടനം ചെയ്യും. നെഹ്‌റു പ്രതിമയില്‍ പുഷ്പാര്‍ച്ച നടത്തിയശേഷം അദ്ദേഹം പതാകയുയര്‍ത്തും. ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായതായി ആലപ്പുഴ ജില്ലാ കളക്ടര്‍ അറിയിച്ചു. മുഖ്യമന്ത്രിയെക്കൂടാതെ ഏഴുമന്ത്രിമാരും പ്രതിപക്ഷനേതാവും എംപിമാരും എംഎല്‍എമാരും അടക്കം നിരവധി ജനപ്രതിനിധികളെത്തും. ഏറ്റവും കുറഞ്ഞ സമയത്തില്‍ ഫിനിഷ് ചെയ്ത വള്ളങ്ങളാണ് ഫൈനലിലെത്തുക.

click me!