സൗദിയില്‍ എസ്ബിഐ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു

By Web DeskFirst Published Aug 12, 2017, 6:03 AM IST
Highlights

റിയാദ്: സൗദിയിലെ ഏക ഇന്ത്യന്‍ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. ഈ വര്‍ഷാവസാനത്തോടെ പ്രവര്‍ത്തനം അവസാനിപ്പിക്കാനാണ് നീക്കം. സൗദി അറേബ്യന്‍ മോണിട്ടറി അതോറിറ്റി ഇതിനു അംഗീകാരം നല്‍കി.

ഏറെ കൊട്ടിഘോഷിച്ചു 2011ലായിരുന്നു സൗദിയിലെ ആദ്യത്തെ ഇന്ത്യന്‍ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉദ്ഘാടനം. ജിദ്ദയിലെ കിംഗ് ഫഹദ് റോഡിലുള്ള ബാങ്കിന്റെ പ്രവര്‍ത്തനം ഈ വര്‍ഷാവസാനത്തോടെ അവസാനിപ്പിക്കുകയാണ്. പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ അനുമതി തേടിയുള്ള ബാങ്കിന്റെ അപേക്ഷയ്ക്ക് സൗദി അറേബ്യന്‍ മോണിട്ടറി അതോറിറ്റി (സാമ) അംഗീകാരം നല്‍കി. എസ്.ബി.ഐയുടെ വിദേശ ബ്രാഞ്ചുകള്‍ പുനക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതെന്ന് സാമ വിശദീകരിച്ചു. ബാങ്ക് പ്രവര്‍ത്തനം അവസാനിപ്പിക്കുമ്പോള്‍ നിയമപ്രകാരമുള്ള എല്ലാ അവകാശങ്ങളും ലഭിക്കുന്നു എന്ന് ഉറപ്പു വരുത്തണമെന്ന് സാമ നിക്ഷേപകരോടും ഇടപാടുകാരോടും ആവശ്യപ്പെട്ടു. അവകാശങ്ങള്‍ നിഷേധിക്കുന്ന പക്ഷം സാമയുടെ വെബ്‌സൈറ്റ് വഴിയോ, സാമ ആസ്ഥാനത്ത് നേരിട്ട് എത്തിയോ, 800 125 6666 എന്ന ടോള്‍ ഫ്രീ നമ്പര്‍ വഴിയോ പരാതിപ്പെടാവുന്നതാണ്. 2005ലാണ് എസ്.ബി.ഐ സൗദി ശാഖയ്ക്ക് സാമ ലൈസന്‍സ് നല്‍കിയത്. നാട്ടിലേക്ക് കുറഞ്ഞ ചെലവില്‍ പണം അയക്കാന്‍ ഇന്ത്യക്കാര്‍ക്ക് ലഭിച്ചിരുന്ന അവസരമാണ് സൗദിയിലെ ഏക ശാഖ അടച്ചു പൂട്ടുന്നതിലൂടെ നഷ്ട്ടപ്പെടുന്നത്. ഇന്ത്യയിലേക്ക് പണം അയക്കുമ്പോള്‍ ലഭിക്കുന്ന ഏറ്റവും കുറഞ്ഞ എക്‌ചേഞ്ച് റേറ്റും പന്ത്രണ്ട് റിയാല്‍ മാത്രം ട്രാന്‍സ്ഫര്‍ ചാര്‍ജും ഈ ബാങ്കിന്റെ പ്രത്യേകതയായിരുന്നു.

click me!