അഴിമതി ആരോപണം: നെല്ലായ പഞ്ചായത്ത് പ്രസിഡണ്ടിനെതിരെ സിപിഎം നടപടി

By Web DeskFirst Published Aug 17, 2017, 8:42 AM IST
Highlights

നെല്ലായ: അഴിമതി ആരോപണമുയർന്ന പാലക്കാട് ചെർപ്പുളശേരി നെല്ലായ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൻ ജനാർദ്ദനനെതിരെ സി.പി.എം അച്ചടക്ക നടപടി. പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തു നിന്ന് മാറ്റാനും ചെർപ്പുളശ്ശേരി ഏരിയ കമ്മറ്റിയിൽ നിന്ന് തരംതാഴ്ത്താനുമാണ് തീരുമാനം. 

നെല്ലായ പഞ്ചായത്തില്‍ തെരുവ്‌ വിളക്ക്‌ അറ്റകുറ്റപ്പണി ഏറ്റെടുത്ത കരാറുകാരനോട്‌ കമ്മീഷൻ ആവശ്യപ്പെട്ടെന്ന് ആരോപണമുയർന്ന സാഹചര്യത്തിലാണ് പഞ്ചായത്ത് പ്രസിഡന്റ് എൻ ജനാർദ്ദനെതിരെ പാർട്ടി അച്ചടക്ക നടപടി സ്വീകരിച്ചത്. സംസ്ഥാന കമ്മിറ്റി അംഗം എം.ബി രാജേഷിന്‍റെയും ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.കെ സുധാകരന്‍റെയും സാന്നിധ്യത്തിൽ ചേർന്ന ചെർപ്പുളശേരി ഏരിയാ കമ്മിറ്റിയിലാണ് തീരുമാനമുണ്ടായത്. 

എൻ ജനാർദ്ദനനെ പ്രസിഡന്‍റ് സ്ഥാനത്തു നിന്നു മാറ്റാനും ഏരിയ കമ്മിറ്റിയിൽ നിന്ന് തരം താഴ്ത്താനും യോഗം ഐകകണ്ഠേന തീരുമാനിച്ചു. ആരോപണം സംബന്ധിച്ച് ജനാർദ്ദനനോട് പാർട്ടി നേരത്തെ വിശദീകരണം ചോദിച്ചിരുന്നു. ജനാർദ്ദനൻ നൽകിയ വിശദീകരണം തൃപ്തികരമല്ല എന്ന് യോഗം വിലയിരുത്തി. നടപടി എടുക്കരുത് എന്ന് ആവശ്യപ്പെട്ടുകൊണ്ട് ജനാർദ്ദനൻ നൽകിയ നിവേദനവും പാർട്ടി തള്ളി. 

ആരോപണ വിധേയനായ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാനും നെല്ലായ ലോക്കൽ കമ്മറ്റി അംഗവുമായ കെടി ജലീലിനെതിരെ നടപടി എടുക്കാൻ ലോക്കൽ കമ്മറ്റിയോട് ഏരിയ കമ്മറ്റി നിർദേശിച്ചു. 

തെരുവ് വിളക്ക് കരാറുകാരനിൽ നിന്നും ജനാർദ്ദനൻ പണം ആവശ്യപ്പെടുന്ന ഫോൺ സംഭാഷണം നേരത്തേ പുറത്തുവന്നിരുന്നു. 1,55000 രൂപയുടെ പ്രവൃത്തി പൂര്‍ത്തിയാക്കി ബില്ല്‌ മാറുന്ന സമയത്താണ്‌ കരാറുകാരന്‍ മണികണ്‌ഠനോട്‌ 30,000 രൂപ ആവശ്യപ്പെട്ടത്‌.

click me!