വെടിക്കെട്ടിന്‍റെ പ്രൗഢിയില്ലാതെ നെന്മാറ വല്ലങ്ങി വേല

By Web DeskFirst Published Apr 3, 2017, 1:33 AM IST
Highlights

പാലക്കാട്: വെടിക്കെട്ടിന്‍റെ പ്രൗഢിയില്ലാതെ ഇന്ന് നെന്മാറ വല്ലങ്ങി വേല. തൃശൂര്‍ പൂരം കഴിഞ്ഞാല്‍ കേരളത്തിലെ ഏറ്റവും വലിയ ഉത്സവമായ നെന്മാറ വല്ലങ്ങി വേലയുടെ പ്രധാന കാഴ്ചയാണ് ഇരു ദേശക്കാര്‍ നടത്തുന്ന കമ്പക്കെട്ട്. എന്നാല്‍ ഇക്കുറി നിയന്ത്രണവിധേയമായി മാത്രമാകും വെടിക്കെട്ട് ഉണ്ടാകുക

പൂരങ്ങളുടെ പൂരമെന്ന് തൃശൂര്‍ പൂരത്തെ പറയുമ്പോള്‍, വേലകളുടെ വേലയാണ് നെന്മാറ വല്ലങ്ങി വേല. രാജ്യത്തിന്‍റെ നാനാഭാഗത്ത് നിന്നായി ലക്ഷത്തിലേറെ ജനങ്ങള്‍ എത്തിച്ചേരുന്ന നെന്മാറ വല്ലങ്ങി വേലയുടെ പ്രധാന കാഴ്ച മണിക്കൂറുകള്‍ നീളുന്ന വെടിക്കെട്ടാണ്. നെന്മാറ ദേശവും വല്ലങ്ങി ദേശവും തമ്മില്‍ മത്സരിച്ചാണ് വെടിക്കെട്ട്  നടത്തുക. 

രാജ്യത്തെ തന്നെ ഏറ്റവും വലിയ വെടിക്കെട്ടെന്നാണ് നെന്മാറ വല്ലങ്ങി വെടിക്കെട്ട് അറിയപ്പെടുന്നത്.  വൈകിട്ടോടെ തുടങ്ങി പാതിരാവില്‍ അവസാനിക്കുന്ന ഒന്നാം വെടിക്കെട്ടും, പുലര്‍ച്ചെ മൂന്നിന് തുടങ്ങി ആറിന് തീരുന്ന രണ്ടാം വെടിക്കെട്ടും ഇക്കുറി പേരിന് മാത്രമാകും.  വെടിക്കെട്ട് നടത്താന്‍ അനുമതിയില്ലെന്നായതോടെ ദിവസങ്ങള്‍ക്ക് മുന്‍പേ വേലയും വെടിക്കെട്ടും കാണാനായി നെന്മാറയിലെത്തി കാത്തിരിക്കുന്നവരടക്കം പൂരപ്രേമികളൊക്കെ നിരാശയിലാണ്. 

വേലയ്ക്ക് സുരക്ഷയൊരുക്കാന്‍ പാലക്കാട്ടു നിന്നും തൃശൂര്‍ നിന്നും ആയിരത്തിലധികം  പോലീസുകാരെ ആണ് നിയോഗിക്കുന്നത്. തിരക്ക് നിയന്ത്രിക്കാന്‍ കിലോമീറ്ററുകള്‍ നീളത്തില്‍ പ്രധാനപാത വരെ ഇരട്ട ബാരിക്കേഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. വെടിക്കെട്ട് നടക്കുന്ന പാടത്ത്  വളണ്ടിയര്‍മാരെയും വിന്യസിക്കും. 

click me!