പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ടതിന് പിന്നാലെ തിരിച്ചടിക്കുമെന്ന് ഇറാന്‍റെ മുന്നറിയിപ്പ്. ഇസ്രായേലിനും യുഎസ് താവളങ്ങൾക്കും എതിരെ ചരിത്രത്തിലെ ഏറ്റവും വലിയ ആക്രമണം നടത്തുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി.
ടെഹ്റാൻ: പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ടതിന് പിന്നാലെ ശക്തമായ മുന്നറിയിപ്പുമായി ഇറാൻ. ഇസ്രായേലിനും അമേരിക്കയുടെ താവളങ്ങൾക്കും എതിരെ 'അതിരൂക്ഷമായ' ആക്രമണം നടത്തുമെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) അറിയിച്ചു. സായുധ സേനയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ആക്രമണത്തിന് തങ്ങൾ ഒരുങ്ങുകയാണെന്നും നിമിഷങ്ങൾക്കുള്ളിൽ ഈ സൈനിക നടപടി ആരംഭിക്കുമെന്നാണ് ഐആർജിസി പ്രസ്താവനയിലൂടെ അറിയിച്ചിരിക്കുന്നത്.
പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മരണത്തിൽ ഐആർജിസി അഗാധമായ ദുഃഖം രേഖപ്പെടുത്തി. ആത്മീയ വിശുദ്ധിയിലും, വിശ്വാസദാർഢ്യത്തിലും, നേതൃപാടവത്തിലും, അഹങ്കാരികൾക്കെതിരെയുള്ള ധൈര്യത്തിലും, ദൈവത്തിന്റെ പാതയിലുള്ള ജിഹാദിനോടുള്ള പ്രതിബദ്ധതയിലും സമാനതകളില്ലാത്ത ഒരു മഹാനായ നേതാവിനെയാണ് തങ്ങൾക്ക് നഷ്ടമായതെന്ന് ഐആർജിസി പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം, ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിൽ അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ ആക്രമണത്തിലാണ് ആയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ടത്. ഇറാൻ ഇക്കാര്യം സ്ഥിരീകരിച്ചു. ഇസ്രായേലിന്റെ സഹകരണത്തോടെ അമേരിക്ക നടത്തിയ 'എപ്പിക് ഫ്യൂറി' എന്ന സൈനിക നീക്കത്തിലാണ് ഖമനെയിയും ഇറാൻ പ്രതിരോധ മന്ത്രിയും ഉന്നത സൈനിക ഉദ്യോഗസ്ഥരും ഉൾപ്പെടെ കൊല്ലപ്പെട്ടത്.


