ഗുണനിലവാരമില്ല; പതഞ്ജലിയുടെ ആറ് ഉല്‍പ്പന്നങ്ങള്‍ നേപ്പാളില്‍ നിരോധിച്ചു

By Web DeskFirst Published Jun 22, 2017, 10:29 AM IST
Highlights

കാഠ്മണ്ഡു: ഗുണനിലവാരമില്ലാത്തിന്റെ പേരില്‍ യോഗാ ഗുരു ബാബ രാംദേവിന്റെ സഹഉടമസ്ഥതയിലുള്ള പതഞ്ജലി ആയുര്‍വേദയുടെ ആറ് ഉത്പന്നങ്ങള്‍ തിരിച്ചുവിളിക്കാന്‍ നേപ്പാള്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. നേപ്പാളിലെ വിവിധ വില്‍പനശാലകളില്‍നിന്നുള്ള സാമ്പിളുകള്‍ പരിശോധിച്ചാണ് ഉത്തരാഖണ്ഡില്‍ ഉല്‍പാദിപ്പിച്ച ആറ് ഉത്പന്നങ്ങള്‍ ഗുണനിലവാരമില്ലാത്തവയാണെന്ന് സര്‍ക്കാരിന്റെ ആരോഗ്യ വിഭാഗം കണ്ടെത്തിയത്. പതഞ്ജലിയുടെ അമല ചൂര്‍ണം, ദിവ്യഗഷര്‍ ചൂര്‍ണം, ബാഹുചി ചൂര്‍ണം, ത്രിഫല ചൂര്‍ണം, അശ്വഗന്ധ, അദ്വിയ ചൂര്‍ണം എന്നിവയാണ് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പിന്‍വലിക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്.

ബെംഗളൂരുവില്‍ നിര്‍മിക്കുന്ന ബക്ടോക്ലേവ് എന്ന ഒരു മരുന്നും പരിശോധനയില്‍ ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നേപ്പാളിലെ വിപണിയില്‍നിന്ന് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മരുന്നുകള്‍ നേപ്പാളിലെ മെഡിക്കല്‍ നിയമങ്ങള്‍ ലംഘിച്ചതായും കണ്ടെത്തി. ഉത്തരാഖണ്ഡിലെ ദിവ്യാ ഫാര്‍മസിയില്‍ ഉല്‍പ്പാദിച്ച മരുന്നുകളാണ് വിവിധ ഗുണനിലവാര പരിശോധനകളില്‍ പരാജയപ്പെട്ടത്. ഇതിനെ തുടര്‍ന്നാണ് പതഞ്ജലിയുടെ നേപ്പാൾ ഘടകത്തോട് ഉത്പന്നങ്ങള്‍ തിരികെ വിളിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെട്ടത്.

ഇവ ഇനി വില്‍ക്കാന്‍ പാടില്ലെന്നും ചികിത്സകര്‍ രോഗികള്‍ക്ക് ഇവ ശുപാര്‍ശ ചെയ്യരുതെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. വിപണിയിലുള്ള പതഞ്ജലിയുടേതടക്കം 40 ശതമാനം ആയുര്‍വേദ ഉല്‍പന്നങ്ങള്‍ക്കും നിശ്ചിത നിലവാരം ഇല്ലെന്ന് വ്യക്തമാക്കുന്ന വിവരാവകാശ രേഖ അടുത്തിടെ പുറത്തുവന്നിരുന്നു. 2013നും 2016നും ഇടയ്ക്ക് ശേഖരിച്ച പതഞ്ജലിയുടെ 82 സാംപിളുകളില്‍ 32 എണ്ണവും ഗുണനിലവാരമില്ലെന്ന് കണ്ടെത്തി. ദിവ്യ അംല ജ്യൂസ്, ശിവ്‌ലിംഗി ബീജ് തുടങ്ങയ ഉല്‍പ്പന്നങ്ങളും ഇതില്‍പ്പെടുന്നു.

click me!