ആര്‍ത്തവകാലത്തെ അശുദ്ധി, ക്രിമിനല്‍ കുറ്റമാക്കി നേപ്പാള്‍

By Web DeskFirst Published Aug 10, 2017, 12:35 PM IST
Highlights

കാഠ്‌മണ്ഡു: നേപ്പാളില്‍ ആര്‍ത്തവ കാലത്ത്‌ അശുദ്ധി കല്‍പിക്കുന്നത്‌ ക്രിമിനല്‍ കുറ്റമാക്കുന്ന നിയമം നേപ്പാള്‍ പാര്‍ലമെന്റ്‌ ബുധനാഴ്‌ച പാസാക്കി. ആര്‍ത്തവകാലത്ത്‌ ഏതെങ്കിലും തരത്തിലുള്ള വിവേചനം കാണിക്കുകയോ ഏതെങ്കിലും ആചാരം പിന്തുടരാന്‍ നിര്‍ബന്ധിക്കുകയോ ചെയ്‌താല്‍ അത്‌ മൂന്നുമാസം വരെ ജയില്‍ ശിക്ഷയും 3000 രൂപവരെ പിഴയും ലഭിക്കാവുന്ന കുറ്റമായിരിക്കും. ഒരു വര്‍ഷത്തിനുള്ളില്‍ ഈ നിയമം പ്രാബല്യത്തില്‍ വരും. 

നേപ്പാളിലെ ഒട്ടുമിക്ക ജാതി വിഭാഗങ്ങളിലും ആര്‍ത്തവ കാലത്ത്‌ അശുദ്ധി കല്‍പ്പിക്കുന്ന പ്രാകൃതമായ ആചാരം നിലനില്‍ക്കുന്നുണ്ട്‌. ചില മേഖലകളില്‍ ആര്‍ത്തവ കാലത്ത്‌ വീട്ടില്‍ നിന്ന്‌ ആട്ടിയോടിക്കുകുയും ചെയ്യുന്നു. ഇതിനായി ഛൗപാദി എന്ന പേരില്‍ അറിയപ്പെടുന്ന ആചാരവും നിലനില്‍ക്കുന്നുണ്ട്‌. 

ആര്‍ത്തവകാലത്തും സ്‌ത്രീകള്‍ അമ്മയാകുമ്പോഴും അവരെ മാറ്റി നിര്‍ത്തുകയും അയിത്തം പിന്തുടരുകയും ചെയ്യുന്ന ആചാരമാണ്‌ ഛൗപാദി. ഈ സമയങ്ങളില്‍ സ്‌ത്രീകള്‍ക്ക്‌ മറ്റുള്ളവര്‍ കഴിക്കുന്ന ഭക്ഷണ സാധനങ്ങളോ വസ്‌ത്രങ്ങളോ തൊടാനോ ഉപയോഗിക്കാനോ സാധിക്കില്ല. ഛൗപാദി ആചരിക്കുന്നത്‌ സുപ്രിം കോടതി പതിറ്റാണ്ടുകള്‍ക്ക്‌ മുമ്പ്‌ തന്നെ തടഞ്ഞിരുന്നെങ്കിലും, പലമേഖലകളിലും തുടര്‍ന്നും ഇത്‌ ആചരിച്ചു വരികയായിരുന്നു. നിയമ നിര്‍മാണത്തോടെ ചരിത്രപരമായ തീരുമാനമാണ്‌ നേപ്പാള്‍ പാര്‍ലമെന്റ്‌ എടുത്തിരിക്കുന്നത്‌. 

click me!