അമ്മയെയും സഹോദരിയെയും ഇല്ലാതാക്കിയ മാരക രോ​ഗം, അതിർത്തി കടന്ന് ദുർ​ഗ കൊച്ചിയിലെത്തി, കാത്തിരിക്കുന്നു ഹൃദയത്തിനായി

Published : Sep 21, 2025, 12:43 PM IST
Durga

Synopsis

അതിർത്തി കടന്ന് ദുർ​ഗ കൊച്ചിയിലെത്തി. അപൂർവ ജനിതക രോഗമായ ഡാനൺ ബാധിച്ച് ഹൃദയമാറ്റ ശസ്ത്രക്രിയക്കായി കാത്തിരിക്കുകയാണ് ദുർഗ. മാതാപിതാക്കളെ നഷ്ടപ്പെട്ട ദുർഗ വളർന്നത് അനാഥാലയത്തിലാണ്.

കൊച്ചി: നേപ്പാളിൽ നിന്നെത്തിയ 22 കാരി കൊച്ചിയിലെ തന്‍റെ താത്കാലിക താമസ സ്ഥലത്ത് വേദനകളില്ലാത്ത ജീവിതം സ്വപ്നം കണ്ട് കാത്തിരിക്കുന്നു. അപൂർവ ജനിതക രോഗമായ ഡാനൺ ബാധിച്ച് ഹൃദയമാറ്റ ശസ്ത്രക്രിയക്കായി കാത്തിരിക്കുകയാണ് ദുർഗ. മാതാപിതാക്കളെ നഷ്ടപ്പെട്ട ദുർഗ വളർന്നത് അനാഥാലയത്തിലാണ്. അമ്മയും സഹോദരിയും മരിച്ചത് ഇതേ രോഗം ബാധിച്ചാണ്. കഴിഞ്ഞ ദിവസം ലിസി ആശുപത്രിയിൽ വച്ച് ഹൃദയമാറ്റ ശസ്ത്രക്രിയ പൂർത്തിയാക്കിയ അങ്കമാലി സ്വദേശിയായ യുവാവിന്‍റേയും കൊല്ലം സ്വദേശിയായ പെൺകുട്ടിയുടേയും കുടുംബാംഗങ്ങളുടെയും ആശ്വാസം തരുന്ന വാർത്ത പുറത്തുവന്നിരുന്നു. ഈ വാർത്തകളിൽ കണ്ണും നട്ട് പ്രതീക്ഷയോടെ ഇരിക്കുകയാണ് ദുർ​ഗ. 

19 വയസിലാണ് രോഗം സ്ഥിരീകരിച്ചത്. അപ്പോൾ ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. ശ്വാസം എടുക്കാൻ പ്രയാസപ്പെട്ടിരുന്നു. ആദ്യം ലക്നൗവിൽ ആയിരുന്നു ചികിത്സ. പിന്നീട് കാഠ്മണ്ഡുവിലേക്ക് മാറ്റി. അച്ഛനും അമ്മയും സഹോദരിയും നേരത്തെ മരിച്ചുപോയി. നേപ്പാളിലെ അനാഥാലയത്തിലാണ് പിന്നീട് വളർന്നത്. ഹൃദയം, പേശികൾ, തലച്ചോറ്, കണ്ണുകൾ എന്നിവയെ ബാധിക്കുന്ന ഡാനൺ എന്ന മാരക രോഗമാണ് ദുർഗയെ ബാധിച്ചത്. അമ്മയ്ക്കും സഹോദരിക്കും ഇതേ രോഗമായിരുന്നു. പലതവണ മരണത്തെ മുഖാമുഖം കണ്ട് തിരിച്ചു വന്നിട്ടുണ്ട് ദുർഗ. കേരളത്തിൽ മെച്ചപ്പെട്ട ചികിത്സ ലഭിക്കുമെന്ന പ്രതീക്ഷയിൽ നേപ്പാളിൽ നിന്ന് വന്നതാണിവർ. അനാഥാലയം നടത്തിപ്പുകാരനായ മലയാളിയാണ് ഇവിടേയ്ക്ക് എത്തിച്ചത്.

 സഹോദരനാണ് കൂടെയുള്ളത്. കേരളം ഇഷ്ടമായെന്നും കാലാവസ്ഥയും ഭക്ഷണവും ചികിത്സാ സംവിധാനവും എല്ലാം മികച്ചതാണെന്നും ദുർ​ഗ പറയുന്നു. എറണാകുളം ജനറൽ ആശുപത്രിയിലാണ് നിലവിൽ ദുർ​ഗയുടെ ചികിത്സ. യോജിച്ച ഹൃദയം ലഭിച്ചാൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് ആശുപത്രി തയാറാണ്. എന്നാൽ നിരവധി പ്രതിസന്ധിയാണ് ദുർ​ഗക്ക് മുന്നിലുള്ളത്. ട്രാൻസ്പ്ലാന്‍റേഷൻ ഓഫ് ഹ്യൂമൻ ഓർഗൻസ് ആൻഡ് ടിഷ്യൂസ് ആക്ട് പ്രകാരം സംസ്ഥാന പട്ടിക, മേഖലാ പട്ടിക, ദേശീയ പട്ടിക എന്നിവയിലുള്ളവർക്കും ഇന്ത്യൻ വംശജനായ വ്യക്തിക്കും ശേഷം മാത്രമേ വിദേശീയായ ഒരാൾക്ക് ഹൃദയം നൽകാനാകൂ, അല്ലെങ്കിൽ ശസ്ത്രക്രിയ നടത്താനാകൂ. എങ്കിലും ദുർഗയുടെ കാത്തിരിപ്പ് തുടരുകയാണ്. വേദനകൾ ഇല്ലാതെ സ്വസ്ഥമായ ജീവിതത്തിലേക്ക് മടങ്ങിവരാമെന്ന പ്രതീക്ഷയോടെ.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

എൽഡിഎഫിനും ബിജെപിക്കും ഓരോന്ന് വീതം, യുഡിഎഫിന് മൂന്ന്; കോർപ്പറേഷനുകളിലെയും ന​ഗരസഭകളിലെയും മേയർ, ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് ഇന്ന്
ദിവസങ്ങൾക്കിടയിൽ രണ്ടാമത്തെ സംഭവം; ബംഗ്ലാദേശിൽ മറ്റൊരു ഹിന്ദു യുവാവിനെയും ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തി