കുവൈത്തില്‍ പുതുക്കിയ വൈദ്യുതി, വെള്ളം നിരക്കുകള്‍ അടുത്തമാസം മുതല്‍

By Web DeskFirst Published Apr 23, 2017, 7:37 PM IST
Highlights

കവൈത്ത് സിറ്റി: കുവൈത്തില്‍ വൈദ്യുതി, വെള്ളം എന്നിവയ്‌ക്കുള്ള പുതുക്കിയ നിരക്കുകള്‍ അടുത്ത മാസം മുതല്‍ പ്രാബല്ല്യത്തില്‍ വരും. സ്വകാര്യ വീട്ടുടമസ്ഥര്‍ക്ക് പുതുക്കിയ നിരക്ക് ബാധകമാവില്ല. വെള്ളവും വൈദ്യുതിയും പാഴാക്കാതിരിക്കാന്‍ വാര്‍ത്താ വിനിമയ മന്ത്രാലയത്തിന്റെ സഹകരണത്തോടെ  ബോധവത്കരണ പരിപാടികള്‍ നടത്താനും തീരുമാനം.

വൈദ്യുതി, വെള്ളം എന്നിവയ്‌ക്കുള്ള പുതുക്കിയ നിരക്കുകള്‍ മേയ് 22 ന് പ്രാബല്യത്തിലാകുമെന്ന് മന്ത്രാലയ അണ്ടര്‍ സെക്രട്ടറി മൊഹമ്മദ് ബുഷെഹ്‌റി അറിയിച്ചിരിക്കുന്നത്. എന്നാല്‍,ഇതല്‍ നിന്ന് സ്വകാര്യ വീട്ടുടമസ്ഥരെ ഒഴിവാക്കിയിട്ടുണ്ട്. റിയല്‍ എസ്‌റ്റേറ്റ്, വാണിജ്യ മേഖലയില്‍ ഉപയോഗത്തിന് ആനുപാതികമായി നിരക്കില്‍ വ്യത്യാസമുണ്ടാകും.

കൂടുതല്‍ ഉപയോഗിക്കുന്നവര്‍ കൂടുതല്‍ തുക നല്‍കേണ്ടിവരും. വാണിജ്യ മേഖലയില്‍ ഓരോ കിലോവാട്ട് വൈദ്യുതിക്കും 25 ഫില്‍സ് നല്‍കണം. ആയിരം ഗ്യാലന്‍ വെള്ളത്തിന് നാല് ദിനാറും നല്‍കണം. വ്യവസായ, കാര്‍ഷിക മേഖലയില്‍ ഓരോ കിലോവാട്ടിനും പത്ത് ഫില്‍സും, ആയിരം ഗ്യാലന്‍ വെള്ളത്തിന് രണ്ടര ദിനാറും നല്‍കേണ്ടിവരുമെന്ന് ബുഷെഹ്‌റി പറഞ്ഞു.

വൈദ്യുതിയും വെള്ളവും പാഴാക്കാതെ ഉപയോഗം നിയന്ത്രിക്കുന്നതിന് ജനങ്ങളെ ബോധവത്കരിക്കുന്നതിനുള്ള നടപടികള്‍ക്ക് ശിപാര്‍ശ ചെയ്തിട്ടുണ്ട്. വാര്‍ത്താ വിനിമയ മന്ത്രാലയത്തിന്റെ സഹകരണത്തോടെയായിരിക്കും ബോധവത്കരണ പരിപാടികള്‍ നടപ്പാക്കുന്നതെന്നും അണ്ടര്‍ സെക്രട്ടറി അറിയിച്ചു.കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 26 ന് പുതിയ നിരക്കിന് പാര്‍ലമെന്റ് അംഗീകാരം നല്‍കിയതിനെ തുടര്‍ന്നായിരുന്നു മന്ത്രാലയത്തിന്റെ നടപടി.

click me!