പ്രളയ അതിജീവനം; മാതൃകയാക്കാം ഈ ഭവന നിര്‍മാണ പദ്ധതി

By Web TeamFirst Published Oct 5, 2018, 6:24 AM IST
Highlights

വീട് നിർമ്മിക്കാൻ ആവശ്യമായ വിവിധ നിർമ്മാണ ഘടകങ്ങൾ നിശ്ചിത സ്ഥലത്ത് കൊണ്ടു വന്ന് യോജിപ്പിച്ച് നിർമ്മിക്കുന്നതാണ് പൂർവ്വനിർമ്മിതി ഭവനം

കൊല്ലം: സംസ്ഥാനത്തെ പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തിന് മാതൃകയായി കൊല്ലം മണ്‍ട്രോത്തുരുത്തിലെ അതിവേഗ ഭവന നിര്‍മ്മാണ പദ്ധതി. പ്രളയത്തെ അതിജീവിക്കാൻ സാധിക്കുന്ന പൂര്‍വ്വ നിര്‍മ്മിതി ഭവനങ്ങളാണ് തുരുത്തില്‍ നിര്‍മ്മിക്കുന്നത്. വീട് നിർമ്മിക്കാൻ ആവശ്യമായ വിവിധ നിർമ്മാണ ഘടകങ്ങൾ നിശ്ചിത സ്ഥലത്ത് കൊണ്ടു വന്ന് യോജിപ്പിച്ച് നിർമ്മിക്കുന്നതാണ് പൂർവ്വനിർമ്മിതി ഭവനം.

നിശ്ചിത മാതൃകയിൽ വീടിനാവശ്യമായ ഘടകങ്ങൾ ഒരു തൊഴിൽ ശാലയിൽ തയാർ ചെയ്ത് നിശ്ചയിച്ച സ്ഥലത്ത് കൊണ്ടുവന്ന് യോജിപ്പിക്കുന്നു. ഭിത്തി ഉള്‍പ്പെടെ പുറത്താണ് നിര്‍മ്മിക്കുന്നത്. ഇത് ഇളക്കി മാറ്റാനാകും. അടിത്തറ നല്ല ഉയരത്തിലായിരിക്കും. മേല്‍ക്കൂരയില്‍ മേച്ചിലോട് ഉപയോഗിക്കും.

വെള്ളം പൊങ്ങിയാലും പെട്ടെന്ന് അകത്തേക്ക് കയറില്ല. അടിത്തറയുടെ എല്ലാ മൂലകളും പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍ വീടിന് പെട്ടെന്ന് ക്ഷതവും എല്‍ക്കില്ലെന്ന് നിര്‍മ്മാണ മേല്‍നോട്ടം വഹിക്കുന്ന ടികെഎം എഞ്ചിനീയറിംഗ് കോളേജ് അധികൃതര്‍ പറയുന്നു.

മണ്‍ട്രോത്തുരുത്തില്‍ പ്രളയത്തില്‍ വീട് തകര്‍ന്ന ഉഷയ്ക്കാണ് ആദ്യ നിര്‍മ്മാണം. 550 ചതുരശ്ര അടിയുള്ള വീടിന് രണ്ട് കിടപ്പ് മുറികളും ഹാളും അടുക്കളയും ശുചിമുറിയും ഉണ്ടാകും. മൂന്നരലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇക്കഴിഞ്ഞ പ്രളയത്തില്‍ മണ്‍ട്രോത്തുരുത്തില്‍ നിരവധി വീടുകളാണ് തകര്‍ന്നത്.

സാധാരണ വേലിയേറ്റ സമയത്തും ഇവിടങ്ങളില്‍ വെള്ളം കയറുക പതിവാണ്. പദ്ധതി വിജയമെന്ന് കണ്ടാല്‍ തുരുത്തിലെല്ലാം പൂര്‍വ്വ നിര്‍മ്മിതി ഭവനങ്ങള്‍ നിര്‍മ്മിക്കാനാണ് പഞ്ചായത്ത് ആലോചിക്കുന്നത്. 
 

click me!