പിണറായി സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കും

By Asianet NewsFirst Published May 25, 2016, 1:16 AM IST
Highlights

തിരുവനന്തപുരം: പിണറായി സർക്കാർ ഇന്നു സത്യപ്രതിജ്ഞചെയ്ത് അധികാരമേൽക്കും. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ 30000  പേർക്കു പങ്കെടുക്കാനുള്ള സൗകര്യമുണ്ടാകും. രാജ്ഭവനു പുറത്ത്  സത്യപ്രതിജ്ഞ  ചെയ്യുന്ന  രണ്ടാമത്തെ മന്ത്രിസഭയാണു പിണറായി  വിജയന്റേത്. രാവിലെ 9.30ഓടെ പിണറായി വിജയൻ രാജ്ഭവനിലെത്തി മന്ത്രിമാരുടെ പട്ടിക ഗവർണർക്കു കൈമാറും.

എല്ലാം ശരിയാക്കുമെന്ന ഉറച്ച വിശ്വാസത്തോടെയാണു പിണറായി വിജയൻ സർക്കാർ ഇന്ന് അധികാരമേല്‍ക്കുന്നത്. രാവിലെ മന്ത്രിമാരുടെ പട്ടികയുമായി പിണറായി വിജയൻ രാജ്ഭവനിലെത്തി ഗവർണറെകാണും. നാലുമണിക്കാണു സത്യപ്രതിഞ്ജാ ചടങ്ങ്. തുടർന്ന് രാജ്ഭവനിൽ ചായസൽക്കാരം. ശേഷം ആറു മണിയോടെ ആദ്യ മന്ത്രിസഭാ യോഗം. പിന്നെ വാർത്താസമ്മേളനം. ഇതാണ് ഇന്നത്തെ ചടങ്ങുകള്‍.

ചരിത്ര നിമിഷമെന്ന് ഇടതുമുന്നണി വിശേഷിപ്പിക്കുന്ന ചടങ്ങിനു സാക്ഷിയാകാൻ വിവിധ മേഖലകളിലുളളവർക്കു ക്ഷണമുണ്ട്. കേരളത്തിന്റെ പരിച്ഛേദം തന്നെ സെൻട്രൽ സ്റ്റേ‍ഡിയത്തിലുണ്ടാകുമെന്നു പിണറായി വിജയൻ പറഞ്ഞു.

2006ൽ വി.എസ്. അച്യുതാനന്ദൻ മന്ത്രിസഭയാണ് ഇതിനു മുന്‍പു രാജ്ഭവനു പുറത്തു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.

click me!