ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരുന്ന ഹരേന്‍ പാണ്ഡ്യയുടെ വധത്തിൽ പുതിയ വെളിപ്പെടുത്തൽ

By Web TeamFirst Published Nov 4, 2018, 11:17 PM IST
Highlights

ഹരേന്‍ പാണ്ഡ്യയെ വധിക്കാന്‍ വന്‍സാര പണം നല്‍കിയ കാര്യം സൊഹ്‌റാബുദ്ദീന്‍ ശൈഖാണ് തന്നെ അറിയിച്ചതെന്ന് മൊഴിയില്‍ പറയുന്നു. സഹായി തുൾസിറാം പ്രജാപതിയാണ് കൊലപാതകം നടപ്പാക്കിയത്

അഹമ്മദാബാദ്: ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരുന്ന ഹരേന്‍ പാണ്ഡ്യയുടെ വധത്തിൽ പുതിയ വെളിപ്പെടുത്തൽ. വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സൊഹ്‌റാബുദ്ദീന്‍ ശൈഖാണ് കൊല നടത്തിയതെന്നാണ് മുംബൈയിലെ പ്രത്യേക കോടതിയില്‍ രേഖപ്പെടുത്തിയ മൊഴിയില്‍ പറയുന്നത്.

ഗുജറാത്തിലെ മുൻ പൊലീസ് ഉദ്യോഗസ്ഥൻ ഡി.ജി. വൻസാരയാണ് കൊലയ്ക്ക് ക്വട്ടേഷൻ നൽകിയതെന്ന് സാക്ഷി അസം ഖാൻ കോടതിയിൽ പറ‌ഞ്ഞു. സൊഹ്‌റാബുദ്ദീന്‍ ശൈഖ് വ്യാജ ഏറ്റുമുട്ടല്‍ കേസിന്‍റെ വാദം കേള്‍ക്കുന്ന സിബിഐ ജഡ്ജി എസ്.ജെ. ശര്‍മയ്ക്കു മുമ്പാകെയാണ് സൊറാബുദ്ദീൻ ശൈഖിന്‍റെ സുഹൃത്തും കേസിലെ പ്രധാനസാക്ഷിയുമായ അസം ഖാൻ മൊഴി നല്‍കിയത്.

ഹരേന്‍ പാണ്ഡ്യയെ വധിക്കാന്‍ വന്‍സാര പണം നല്‍കിയ കാര്യം സൊഹ്‌റാബുദ്ദീന്‍ ശൈഖാണ് തന്നെ അറിയിച്ചതെന്ന് മൊഴിയില്‍ പറയുന്നു. സഹായി തുൾസിറാം പ്രജാപതിയാണ് കൊലപാതകം നടപ്പാക്കിയത്. ദൗത്യം നിറവേറ്റിയെന്ന് പറഞ്ഞ ശൈഖിനോട് നല്ലൊരു മനുഷ്യനെ കൊന്നത് തെറ്റായിപ്പോയെന്ന് പറഞ്ഞെന്നും അസം ഖാൻ കോടതിയെ അറിയിച്ചു.

ഇക്കാര്യം നേരത്തെ സിബിഐ ഉദ്യോഗസ്ഥനെ അറിയിച്ചുവെങ്കിലും മൊഴിയിൽ ഉൾപ്പെടുത്തിയില്ലെനനും അസംഖാൻ പറയുന്നു. 2003ലാണ് ഹരൺ പാണ്ഡ്യ കൊല്ലപ്പെടുന്നത്. ബിജെപി നേതാവായിരുന്ന ഹരേണ്‍ പാണ്ഡ്യ ഗുജറാത്തിലെ കേശുഭായി പട്ടേല്‍ മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രിയായിരുന്നു.

നരേന്ദ്ര മോദി മുഖ്യമന്ത്രിയായതോടെ നേതൃത്വവുമായി അകന്ന പാണ്ഡ്യ 2003ല്‍ അഹമ്മദാബാദില്‍ വെച്ചാണ് കൊല്ലപ്പെട്ടത്. പാണ്ഡ്യയുടെ വധത്തിനു പിന്നില്‍ മോദി ഭരണകൂടമാണെന്ന് അദ്ദേഹത്തിന്‍റെ ഭാര്യ ജാഗൃതി പാണ്ഡ്യ ആരോപിച്ചിരുന്നു. ഗുജറാത്ത് കലാപവേളയില്‍ സര്‍ക്കാരിന്‍റെ ചില നടപടികളെ എതിര്‍ത്തതും നരേന്ദ്രമോദിക്കെതിരെ പിന്നീട് ചില വെളിപ്പെടുത്തലുകള്‍ നടത്തിയതുമാണ് പാണ്ഡ്യയെ അനഭിമതനാക്കിയതെന്നാണ് ആരോപണം.

ഗുജറാത്ത് സിഐഡി അന്വേഷിച്ചിരുന്ന കേസ് 2012ലാണ് സിബിഐ ഏറ്റെടുത്തത്. ഗുജറാത്തില്‍ സ്വതന്ത്രമായ വിചാരണ നടക്കില്ലെന്ന് ചൂണ്ടിക്കാണിച്ചതിനെത്തുടര്‍ന്ന് സുപ്രീം കോടതി കേസിന്‍റെ വിചാരണ മുംബൈയിലേക്ക് മാറ്റുകയായിരുന്നു. 

click me!