
പാലക്കാട് എലവഞ്ചേരിയിലാണ് പുതുവത്സരാഘോഷം കൊലപാതകത്തിൽ കലാശിച്ചത്. ഒലവക്കോട് സഹകരണ കോളേജിലെ ഒന്നാംവർഷ ബിരുദ വിദ്യാർത്ഥിയാണ് മരിച്ച സുജിത്ത്. നെഞ്ചിന് കുത്തേറ്റാണ് സുജിത് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ അഖിൽ എന്ന യുവാവ് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
രാത്രി രണ്ട് മണിയോടെയായിരുന്നു സംഭവം. ബേബി കലാസമിതിയിലെ ആഘോഷത്തിനിടെയാണ് രണ്ട് വിഭാഗങ്ങൾ തമ്മിലുളള ചേരിതിരിവ് അക്രമത്തിലേക്ക് നീങ്ങിയത്. കൊട്ടയങ്കാട് അണ്ടിത്തറ എന്നീ പ്രദേശങ്ങൾ തമ്മിൽ കാലങ്ങളായി വൈരം നിലനിന്നിരുന്നു. കഴിഞ്ഞ പുതുവത്സരത്തിലും സമാനമായി തർക്കമുണ്ടായി. പ്രതികൾക്കായി പോലീസ് തിരച്ചിൽ തുടരുകയാണ്.
കണ്ണൂർ പാനൂരിനടുത്ത് ചെണ്ടയാട് നവവൽസരാഘോഷ പരിപാടിയിൽ പങ്കെടുത്തു മടങ്ങുകയായിരുന്നവരാണ് ആക്രമിക്കപ്പെട്ടത്. സിപിഐഎം പ്രവർത്തകരായ അശ്വന്ത്, രജിത്ത് , അതുൽ എന്നിവർക്കാണ് വെട്ടേറ്റത്. പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. മൂന്നു പേരും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ബിജെപി പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന ആരോപണവുമായി സിപിഐ എം നേതൃത്വം രംഗത്തെത്തിയിട്ടുണ്ട്. രാഷ്ട്രീയസംഘർഷം വ്യാപിക്കാതിരിക്കാൻ പൊലീസ് പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
തിരുവനന്തപുരം വെഞ്ഞാറമൂട് മാണിക്കലിൽ പുതുവർഷാഘോഷത്തിനിടെ ഡിവൈഎഫ്ഐ -ബിജെപി പ്രവർത്തകർ ഏറ്റുമുട്ടുകയായിരുന്നു. എട്ട് ബിജെപി പ്രവർത്തർക്കാണ് സംഘർഷത്തിൽ പരിക്കേറ്റത്. വെട്ടേറ്റ അശ്വിൻ, മനോജ് എന്നീ പ്രവർത്തകരുടെ നില ഗുരുതരമാണ്. പരിക്കേറ്റവർ തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലാണ്. ബിജെപി പ്രവർത്തകർ ആഘോഷത്തിനായി ഒത്തു കൂടിയ ഇടത്തേക്ക് മറ്റൊരു സംഘം ആഘോഷ പരിപാടിക്കായി എത്തിയതാണ് പ്രകോപനത്തിന് കാരണം, തുടർന്ന് ഇവർ തമ്മിൽ വാക്കേറ്റമായി. പിന്നീട് സംഘമായെത്തി ഇരുവിഭാഗവും ഏറ്റുമുട്ടുകയായിരുന്നു. നാല് ഡിവൈഫ്ഐ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam