പണമില്ലാതെ മെഡിക്കല്‍ പ്രവേശനം നഷ്‌ടമായ സമീറിന് ഇനി സൗജന്യമായി പഠിക്കാം

By Web DeskFirst Published Aug 30, 2017, 10:05 PM IST
Highlights

തിരുവനന്തപുരം: പണമില്ലാത്തതിനാല്‍ മെഡിക്കല്‍ പ്രവേശനം തിരുവനന്തപുരം വെമ്പായം സ്വദേശി നഷ്‌ടമായ സമീറിന് സ്വപ്ന സാക്ഷാത്കാരം. സമീറിന് സ്കോളര്‍ഷിപ്പോടെ പഠിക്കാന്‍ തിരുവനന്തപുരം ഗോകുലം മെഡിക്കല്‍ കോളേജില്‍ അവസരം ലഭിക്കും. ഇന്നലെ ഏഷ്യാനെറ്റ് ന്യൂസ് അവറിലൂടെ സമീറിന്റെ അവസ്ഥ അറിഞ്ഞ ഗോകുലം ഗോപാലന്‍, സമീറിനെ സ്കോള‌ര്‍ഷിപ്പോടെ പഠിപ്പിക്കാന്‍ തയ്യാറാവുകയായിരുന്നു. പ്രവേശന പരീക്ഷയില്‍ 2015ആം റാങ്കുകാരനാണ് സമീര്‍. ചര്‍ച്ച തീര്‍ന്ന് രണ്ടര മണിക്കൂറിനുള്ളില്‍ സമീറിന് സ്‌പോട്ട് അഡ്മിഷന്‍ കിട്ടി.

മത്സ്യതൊഴിലാളിയുടെ മകനായ സമീറിന് കഴിഞ്ഞ വര്‍ഷവും ഗോകുലം മെഡിക്കല്‍ കോളേജില്‍ തന്നെയായിരുന്നു പ്രവേശനം ലഭിച്ചത്. അന്നത്തെ നിരക്കില്‍ രണ്ടര ലക്ഷം ഫീസടയ്ക്കാന്‍ പണമില്ലാത്തത് കൊണ്ട് അന്ന് പ്രവേശനം നേടാന്‍ കഴിഞ്ഞില്ല.  ഈ വര്‍ഷം വീണ്ടും പരീക്ഷയെഴുതി റാങ്ക് മെച്ചപ്പെടുത്തിയെങ്കിലും ഇക്കുറിയും പ്രവേശനം ലഭിച്ചത് ഗോകുലം മെഡിക്കല്‍ കോളേജിലായിരുന്നു. എന്നാല്‍ ഫീസ് അഞ്ച് ലക്ഷമായി. ഇതിന് പുറമേ ആറ് ലക്ഷത്തിന്റെ ബാങ്ക് ഗ്യാരന്റിയും വേണം. ബി.പി.എല്‍ കുടുംബത്തില്‍ നിന്നുള്ള സമീറിന് ഇത്തരമൊരു ഫീസ് ചിന്തിക്കാന്‍ പോലും കഴിയുമായിരുന്നില്ല. എം.ബി.ബി.എസിന് പ്രവേശനം എന്ന സ്വപ്നം ചോദ്യചിഹ്നമായി തുടരുന്നതിനിടെയാണ്, പണമില്ലാത്തതിന്റെ പേരില്‍ പഠിക്കാന്‍ കഴിയാത്ത കുട്ടികളുടെ പ്രതിനിധിയായി സമീര്‍ ഇന്നത്തെ ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തത്. ന്യൂസ്‌ അവരില്‍ പങ്കെടുക്കാന്‍ വരുമ്പോള്‍ സമീര്‍ ഒരിക്കലും കരുതിയിരുന്നില്ല ചര്‍ച്ച ജീവിതം വഴി മാറ്റുമെന്ന്.

സമീറിന്റെ അവസ്ഥ ശ്രദ്ധയില്‍പെട്ട ഗോകുലം ഗ്രൂപ്പ് ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍, സമീറിനെ സ്കോളര്‍ഷിപ്പോടെ പഠിപ്പിക്കാന്‍ തയ്യാറാവുകായിരുന്നു. ഇക്കാര്യം മെഡിക്കല്‍ കോളേജ് മാനേജ്മെന്റ് ന്യൂസ് അവറില്‍ തന്നെ അറിയിച്ചു. കഴിഞ്ഞ തവണ പ്രവേശനം ലഭിച്ച സമീറിന് പണമില്ലാത്തത് കൊണ്ടാണ് അഡ്മിഷന്‍ എടുക്കാന്‍ കഴിയാതിരുന്നത് എന്ന കാര്യം ശ്രദ്ധയില്‍ പെട്ടിരുന്നില്ലെന്ന് മെഡിക്കല്‍ കോളേജ് പ്രതിനിധി മനോജ് പറഞ്ഞു. സര്‍ക്കാര്‍ അലോട്ട്മെന്റുമായി എത്തിയാല്‍ സ്കോളര്‍ഷിപ്പ് നല്‍കി പഠിക്കുമെന്ന ഉറപ്പാണ് ഗോകുലം മെഡിക്കല്‍ കോളേജ് നല്‍കിയത്.

ചര്‍ച്ചക്ക് ശേഷം സമീറിന്റെ സര്‍ട്ടിഫിക്കറ്റുകളുമായി ബാപ്പ ഓടിയെത്തി. ഞങ്ങള്‍ സമീറിനെയും കൊണ്ട് സ്‌പോട് അഡ്മിഷന്‍ നടക്കുന്ന തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് പോയി. മറ്റ് നടപടി ക്രമങ്ങള്‍ ആരോഗ്യ മന്ത്രിയുടെ ഓഫീസും പ്രവേശന പരീക്ഷ കമീഷണറും ഇടപെട്ടു വേഗത്തിലാക്കി. ഒടുവില്‍ രാത്രി 11.30ഓടെ സീറ്റ്‌ കീട്ടി. മത്സ്യ തൊഴിലാളിയായ ബാപ്പക്കും സമീറിനും അത് മറക്കാനാകാത്ത മുഹൂര്‍ത്തമായി മാറി.

click me!