തലസ്ഥാനത്തെ നദികളുടെ മലിനീകരണം; സർക്കാരിന് ഹരിത ട്രൈബ്യൂണലിന്‍റെ രൂക്ഷവിമർശനം

By Web DeskFirst Published Nov 16, 2017, 7:00 AM IST
Highlights

തിരുവനന്തപുരം: തിരുവനന്തപുരത്തെ കരമനയാറിന്‍റെയും പാർവതി പുത്തനാറിന്‍റെയും മലിനീകരണം സംബന്ധിച്ചുള്ള കേസിൽ സംസ്ഥാന സർക്കാരിന് ദേശീയ ഹരിത ട്രൈബ്യൂണലിന്‍റെ രൂക്ഷവിമർശനം. മലിനീകരണം നിയന്ത്രിയ്ക്കാനോ പുഴകളുടെ കരയിലെ അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിയ്ക്കാനോ സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന് ട്രൈബ്യൂണൽ കുറ്റപ്പെടുത്തി. 

തിരുവനന്തപുരം നഗരത്തിന്‍റെ മധ്യത്തിലൂടെ ഒഴുകുന്ന കരമനയാറും അതിലേയ്ക്കൊഴുകിയെത്തുന്ന പാർവതി പുത്തനാറും മലിനമായി നാശത്തിന്‍റെ വക്കിലാണെന്ന് കാട്ടി സ്ഥലത്തെ റെസിഡന്‍റ്സ് അസോസിയേഷൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പരിസ്ഥിതി പ്രാധാന്യമുള്ള വിഷയമായതിനാൽ കോടതി അത് ഹരിതട്രൈബ്യൂണലിന്‍റെ പരിഗണനയ്ക്ക് വിട്ടു. 2010 ൽ ത്തന്നെ നദിയിൽ വൻതോതിൽ മലിനീകരണവും  ചെറുതും വലുതുമായ നിരവധി കൈയേറ്റങ്ങളുമുണ്ടെന്ന് കാട്ടി ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിൽ റിപ്പോർട്ട് നൽകിയിരുന്നതാണ്. 

കഴിഞ്ഞ അഞ്ച് വർഷമായി കേസ് ട്രൈബ്യൂണലിന്‍റെ പരിഗണനയ്ക്ക് വന്നപ്പോഴൊക്കെ യോഗം ചേർന്ന് സ്ഥിതിഗതികൾ ചർച്ച ചെയ്യുന്നുവെന്ന സ്ഥിരം മറുപടിയല്ലാതെ മറ്റൊന്നും സർക്കാരും തിരുവനന്തപുരം കോർപ്പറേഷനും നൽകിയിരുന്നില്ല. ഏറ്റവുമൊടുവിൽ നദിയുടെ മലിനീകരണം സംബന്ധിച്ചുള്ള വിവരങ്ങൾ തേടിയതിനും ഒഴുക്കൻ മറുപടി നൽകിയതോടെയാണ് സർക്കാരിന് ട്രൈബ്യൂണലിൽ നിന്ന് രൂക്ഷവിമർശനം നേരിടേണ്ടി വന്നത്. 

റവന്യൂ വകുപ്പ് അനധികൃത കൈയേറ്റങ്ങൾ അളന്ന് രേഖപ്പെടുത്തിയതിൻമേൽ എന്തു നടപടിയാണുണ്ടായതെന്ന് ഹരിതട്രൈബ്യൂണൽ ചോദിച്ചു. ഒരു മാസത്തിനുള്ളിൽ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചു ചേർത്ത് ഇരുപുഴകളുടെയും ശുദ്ധീകരണത്തിന് കർമ്മപദ്ധതി രൂപീകരിയ്ക്കണമെന്നും റിപ്പോർട്ട് ട്രൈബ്യൂണലിന് മുൻപാകെ സമർപ്പിയ്ക്കണമെന്നും ജസ്റ്റിസ് എം എസ് നമ്പ്യാർ അദ്ധ്യക്ഷനായ ബെഞ്ച് നി‍ർദേശിച്ചിട്ടുണ്ട്. 

click me!