കനകമലയില്‍ നിന്ന് പിടിയിലായവരുടെ ടെലഗ്രാം സന്ദേശങ്ങള്‍ പരിശോധിക്കാന്‍ എന്‍ഐഎ അനുമതി തേടി

By Web DeskFirst Published Oct 14, 2016, 12:17 PM IST
Highlights

കനകമലയില്‍ ക്യാമ്പ് നടത്തവേയാണ് ആറ് പേരെ ഐ.എസ് ബന്ധം ആരോപിച്ച്  എന്‍.ഐ.എ സംഘം അറസ്റ്റ് ചെയ്തത്. ടെലഗ്രാം മെസഞ്ചര്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ചാണ് ഇവര്‍ ഐ.എസ്സുമായി ബന്ധപ്പെട്ടതും ആശയ പ്രചാരണം നടത്തിയതും. ഇവര്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണുകള്‍ എന്‍.ഐ.എ പിടിച്ചെുടത്തിരുന്നു. മൊബൈല്‍ ഫോണ്‍ ഓണ്‍ലൈനായാല്‍ മാത്രമേ സന്ദേശങ്ങള്‍ കാണാന്‍ കഴിയൂ. നിലവില്‍ ഫോണുകള്‍ കോടതിയിലാണുള്ളത്. ഈ സാഹചര്യത്തിലാണ് ടെലഗ്രാം സന്ദേശങ്ങള്‍ പരിശോധിക്കാന്‍ എന്‍.ഐ.എ കോടതിയില്‍ പ്രത്യേകം ഹര്‍ജി നല്‍കിയത്.

കനകമലയില്‍ നിന്ന് പിടിയിലായ ആറ് പേരെയും തിരുനെല്‍വേലിയില്‍ നിന്ന് പിടിയിലായ സുബഹാനിയേയും കോടതിയില്‍ ഹാജരാക്കി. ഇതില്‍ സുബഹാനിയെ തിങ്കളാഴ്ച മുതല്‍ വീണ്ടും കസ്റ്റഡിയില്‍ വേണമെന്ന അപേക്ഷ കോടതി അംഗീകരിച്ചു. മറ്റു പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. ഇതിനിടെ റംഷാദ്, ജാസിം എന്നിവര്‍ക്ക് വേണ്ടി ജാമ്യഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ എന്‍.ഐ.എയുടെ വാദം കേള്‍ക്കാന്‍ ഈ മാസം 24 ലേക്ക് മാറ്റിവെച്ചു. കേസുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത തെളിവുകളെല്ലാം കോടതിക്ക് കൈമാറി.

click me!