യുഎസ്എസ് എബ്രഹാം ലിങ്കൺ വിമാനവാഹിനിക്കപ്പൽ നാല് ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് ആക്രമിച്ചെന്ന ഇറാന്റെ അവകാശവാദം തള്ളി അമേരിക്ക. ഇറാന്റെ വാദം നുണയാണെന്ന് യുഎസ് സെൻട്രൽ കമാൻഡ്. 

ന്യൂയോർക്ക്: യുഎസ്എസ് എബ്രഹാം ലിങ്കൺ വിമാനവാഹിനിക്കപ്പൽ ആക്രമിച്ചെന്ന ഇറാന്റെ അവകാശവാദം തള്ളി അമേരിക്ക. വിമാനവാഹിനിക്കപ്പലിന് നേരെ നാല് ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ടെന്നായിരുന്നു ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയിലൂടെ അവകാശപ്പെട്ടത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അമേരിക്കയുടെയും ഇസ്രായേലിന്റെയും സംയുക്ത ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഞായറാഴ്ച (മാർച്ച് 1) ഇറാൻ യുഎസ്എസ് എബ്രഹാം ലിങ്കൺ വിമാനവാഹിനിക്കപ്പൽ ആക്രമിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നത്. വിമാനവാഹിനിക്കപ്പലിന് നേരെ നാല് ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ടതായി ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) പ്രസ്താവനയിൽ അവകാശപ്പെട്ടിരുന്നു.

'ശത്രുക്കളുടെ തളർന്നുപോയ സൈനിക വിഭാഗത്തിന് നേരെ ഇറാൻ ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ സായുധ സേന നടത്തിയ ശക്തമായ ആക്രമണങ്ങൾ ഒരു പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. കരയും കടലും അധിനിവേശ ഭീകരരുടെ ശവക്കുഴിയായി മാറുന്നത് വർദ്ധിച്ചുവരികയാണ്' ഐആർജിസിയുടെ പ്രസ്താവനയിൽ പറയുന്നു. ഇതിന് പിന്നാലെ ഐആർജിസിയുടെ അവകാശവാദം തള്ളി അമേരിക്ക രം​ഗത്തെത്തി. ഇറാൻ വിക്ഷേപിച്ച മിസൈലുകൾ വിമാനവാഹിനിക്കപ്പലിന്റെ ഏഴയലത്ത് പോലും എത്തിയിട്ടില്ലെന്ന് യുഎസിന്റെ സെൻട്രൽ കമാൻഡ് അറിയിച്ചു.

'ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് യുഎസ്എസ് എബ്രഹാം ലിങ്കണിനെ ആക്രമിച്ചതായി ഇറാന്റെ ഐആർജിസി അവകാശപ്പെടുന്നുണ്ട്. ഇത് നുണയാണ്. യുഎസ്എസ് എബ്രഹാം ലിങ്കൺ ആക്രമിക്കപ്പെട്ടിട്ടില്ല. ഇറാൻ വിക്ഷേപിച്ച മിസൈലുകൾ കപ്പലിന് അടുത്തുപോലും എത്തിയില്ല. ഇറാനിയൻ ഭരണകൂടത്തിൽ നിന്നുള്ള ഭീഷണികൾ ഇല്ലാതാക്കി അമേരിക്കൻ ജനതയെ പ്രതിരോധിക്കാനുള്ള സെൻട്രൽ കോമിന്റെ നിരന്തരമായ പ്രചാരണത്തെ പിന്തുണച്ച് യുഎസ്എസ് എബ്രഹാം ലിങ്കൺ വിമാനങ്ങൾ വിക്ഷേപിക്കുന്നത് തുടരുകയാണ്'. യുഎസ് സെൻട്രൽ കമാൻഡ് എക്സ് പോസ്റ്റിൽ വ്യക്തമാക്കി.

Scroll to load tweet…