ഇസ്ലാമിക് സ്റ്റേറ്റിന്റെ ഹിറ്റ് ലിസ്റ്റിലുള്ള ഇന്ത്യന്‍ സാങ്കേതിക വിദഗ്ദരുടെ വിവരങ്ങള്‍ പുറത്ത്

By Web DeskFirst Published Feb 9, 2017, 9:10 AM IST
Highlights

ഇസ്ലാമിക് സ്റ്റേറ്റിന്റെ ഹിറ്റ് ലിസ്റ്റിലുള്ള ഇന്ത്യന്‍ സാങ്കേതിക വിദഗ്ദരുടെ പേര് വിവരങ്ങള്‍ ദേശീയ അന്വേഷണ ഏജന്‍സിക്ക് ലഭിച്ചു. എത്തിക്കല്‍ ഹാക്കര്‍മാരും രാജ്യത്തെ വിവിധ ഐ.ടി കമ്പനികളില്‍ ജോലി ചെയ്യുന്നവരുമുള്‍പ്പെടുന്ന പട്ടികയാണ് ഇസ്ലാമിക് സ്റ്റേറ്റ് തയ്യാറാക്കിയിരിക്കുന്നതെന്നാണ് എന്‍.എന്‍.ഐ അറിയിക്കുന്നത്. ഇസ്ലാമിക് സ്റ്റേറ്റിനെതിരെയോ അതിലേക്ക് ആളുകളെ എത്തിക്കുന്നവര്‍ക്കെതിരെയോ പ്രവര്‍ത്തിക്കുകയും അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം നല്‍കുകയും ചെയ്തുവെന്നാണ് ഇവര്‍ക്കെതിരെ ആരോപിക്കപ്പെടുന്ന കുറ്റം. വിവിധ രാജ്യക്കാരുടെ പേരുള്ളതില്‍ 150 പേര്‍ മഹാരാഷ്ട്രയില്‍ നിന്നുള്ളവരും 70 പേര്‍ മുംബൈ സ്വദേശികളുമാണ്.

പട്ടികയിലുള്‍പ്പെട്ട ചിലരെ അന്വേഷണ സംഘം ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇസ്ലാമിക് സ്റ്റേറ്റിനെതിരെ ഒരു തരത്തിലും പ്രവര്‍ത്തിച്ചിട്ടില്ലാത്തവരാണ് പലരും. അതുകൊണ്ടുതന്നെ ബോധപൂര്‍വ്വം അന്വേഷണത്തെ വഴിതെറ്റിക്കാന്‍ തയ്യാറാക്കിയ പട്ടികയാണോയെന്നും എന്‍.ഐ.എക്ക് സംശയമുണ്ട്. ഇസ്ലാമിക് സ്റ്റേറ്റിലേക്ക് ആളുകളെ എത്തിച്ചെന്ന കുറ്റത്തിന് കഴിഞ്ഞമാസം മഹാരാഷ്ട്രയില്‍ നിന്ന് പിടിയിലായ നാസിര്‍ ബിന്‍ നാഫി എന്നയാളുടെ ലാപ്‍ടോപില്‍ നിന്നാണ് പട്ടിക ലഭിച്ചത്. സിറിയയിലുള്ള ഐ.എസ് നേതാക്കളില്‍ നിന്ന് ലഭിച്ച ലിസ്റ്റാണിതെന്ന വിവരമാണ് ഈയാള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് നല്‍കിയത്. ഇത് ആദ്യമായല്ല ഇത്തരം പട്ടികകള്‍ ഐ.എസ് അനുഭാവികളില്‍ നിന്ന് ലഭിക്കുന്നത്. കഴിഞ്ഞ വര്‍ഷം 8300 പേരുടെ പേരും വിലാസവും ഇ-മെയില്‍ അഡ്രസുകളും ഉള്‍പ്പെട്ട പട്ടികയും അന്വേഷണ ഉദ്ദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരുന്നു.

click me!