
കൊച്ചി: തിരുനെല്‍വേലിയില്‍ അറസ്റ്റിലായ മലയാളി സുബഹാനി ഹാജ, ഇസ്ലാമിക് സ്റ്റേറ്റിന് വേണ്ടി ഇറാഖില്‍ യുദ്ധം ചെയ്തിരുന്നെന്ന് എന്‍ഐഎ. ഇന്ത്യയില്‍ ഐ എസ് ഓപ്പറേഷനുകള്‍ക്ക് വേണ്ടി സ്ഫോടക രാസ വസ്തുക്കള്‍ ശേഖരിക്കുന്ന ദൗത്യം സുബഹാനിയേയാണ് ഏല്‍പ്പിച്ചിരുന്നതെന്നും കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ എന്‍ ഐ എ പറയുന്നു.
ഐഎസ് ബന്ധം ആരോപിച്ച് കനകമലയില്‍ നിന്ന് ആറ് പേരെ എന്‍ ഐ എ അറസ്റ്റ് ചെയ്തിരുന്നു.ഇവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തിരുനല്‍വേലിയില്‍ നിന്ന് തൊടുപുഴ സ്വദേശിയായ സുബാഹാനി ഹാജയെ പിടികൂടിയത്. ഇന്ത്യയിലെ ഐ എസ് ഓപ്പറേഷനുകള്‍ക്കേ വേണ്ടി സ്ഫോടകവസ്തുക്കളും രാസവസ്തുക്കളും ശേഖരിക്കുന്ന ജോലിയായിരുന്നു ഇയാള്‍ക്കുണ്ടായിരുന്നുവെന്ന് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ എന്‍ ഐ
എ പറയുന്നു.
ഐഎസില്‍ ചേരുന്നവര്‍ക്കും പരിശീലനം നല്‍കുന്നതും ഇയാളാണ്. 2015 ഏപ്രിലിലാണ് സുബഹാനി, തുര്‍ക്കി വഴി ഇറാഖിലെ മൊസൂളിലെ ഐഎസ് ക്യാന്പിലെത്തിയത്.വിദഗ്ദ പരിശീലനത്തിന് ശേഷം ഐഎസിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ സുരക്ഷാ ജോലിക്ക് നിയോഗിച്ചു. നാല് മാസം ഇയാള്‍ യുദ്ധങ്ങളില്‍ പങ്കെടുത്തു. ഒരിക്കല്‍ കൂടെയുള്ള രണ്ട് പേര്‍ ഷെല്‍ ആക്രമണത്തില്‍ ചാരമായി മാറുന്നത് കണ്ടതോടെ ഐഎസ് ബന്ധം ഉപേക്ഷിക്കാന്‍ തീരുമാനിച്ചുവെന്ന് എന്‍ ഐ എ പറയുന്നു.
എന്നാല്‍ വഞ്ചനാക്കുറ്റം ചുമത്തി സുബഹാനിയെ നാല് മാസം ജയിലില്‍ അടച്ചു. പിന്നീട് ഇന്ത്യയിലെത്തിയാല്‍ ഐഎസിന് വേണ്ടി പ്രവര്‍ത്തിക്കുമെന്ന ഉറപ്പില്‍ സ്വതന്ത്രനാക്കി. പിന്നീട് തുര്‍ക്കിയിലെ ഇന്ത്യന്‍ എംബസി വഴി നാട്ടില്‍ മടങ്ങിയെത്തിയ സുബഹാനി വീണ്ടും ഐഎസ് പ്രവര്‍ത്തനങ്ങളില്‍ സജീവമാകുകയായിരുന്നുവെന്ന് എന്‍ ഐ എ ആരോപിക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam