നിയമസഭാ തെരഞ്ഞെടുപ്പിൽ 13 സീറ്റുകൾ വേണമെന്ന ആവശ്യത്തിൽ കേരള കോൺഗ്രസ് (എം) ഉറച്ചുനിൽക്കുന്നു. സിറ്റിംഗ് സീറ്റായ കുറ്റ്യാടി വിട്ടുനൽകാനാവില്ലെന്ന് സിപിഎം വ്യക്തമാക്കിയതോടെ ഇരുപാർട്ടികളും തമ്മിലുള്ള ഉഭയകക്ഷി ചർച്ച ധാരണയിലെത്താതെ പിരിഞ്ഞു
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് സീറ്റ് വിഭജനത്തെച്ചൊല്ലി സി പി എമ്മും കേരള കോൺഗ്രസ് എമ്മും തമ്മിലുള്ള ചർച്ചകൾ എൽ ഡി എഫിൽ കല്ലുകടിയാകുന്നു. ഇക്കുറി 12 സീറ്റ് പോരെന്നും 13 സീറ്റുകൾ വേണമെന്ന നിലപാടിൽ ജോസ് കെ മാണി ഉറച്ചുനിൽക്കുന്നതാണ് എൽ ഡി എഫിലെ സീറ്റ് ചർച്ചകളെ പ്രതിസന്ധിയിലാക്കുന്നത്. കുറ്റ്യാടി സീറ്റിലാണ് ജോസ് കെ മാണി പ്രധാനമായും കണ്ണുവയ്ക്കുന്നത്. എന്നാൽ കുറ്റ്യാടി തങ്ങളുടെ സിറ്റിംഗ് സീറ്റാണെന്നും അത് വിട്ടുനൽകാനാവില്ലെന്നുമുള്ള നിലപാടിലാണ് സി പി എം. ഇക്കാര്യം ഇന്ന് നടന്ന ഉഭയകക്ഷി ചർച്ചയിൽ ജോസ് കെ മാണിയെ സി പി എം അറിയിക്കുകയും ചെയ്തു. എന്നാൽ പതിമൂന്നാമത്തെ സീറ്റിന്റെ കാര്യത്തിൽ പിന്നോട്ടില്ലെന്ന നിലപാടിലാണ് കേരള കോൺഗ്രസ്. കുറ്റ്യാടി ലഭ്യമല്ലെങ്കിൽ പകരം മറ്റൊരു സീറ്റ് വേണമെന്ന ആവശ്യമാണ് ജോസ് കെ മാണി മുന്നോട്ട് വെക്കുന്നത്. ഇതോടെ ഇന്ന് നടന്ന ഉഭയകക്ഷി ചർച്ച ധാരണയാകാതെ പിരിഞ്ഞു. ഇരുപാർട്ടികളും തങ്ങളുടെ നിലപാടുകളിൽ ഉറച്ചുനിൽക്കുന്നതോടെ മുന്നണിക്കുള്ളിൽ സീറ്റ് വിഭജനം കൂടുതൽ സങ്കീർണ്ണമായിരിക്കുകയാണ്. കഴിഞ്ഞ തവണ മത്സരിച്ചതിൽ കൂടുതൽ സീറ്റ് ഒരു പാർട്ടിക്കും നൽകാനാകില്ലെന്നതാണ് സി പി എം നിലപാട്.

ആലപ്പുഴ സിപിഎമ്മിൽ അപ്രതീക്ഷിത ട്വിസ്റ്റ്
അതേസമയം ആലപ്പുഴ ജില്ലയിലെ നിയമസഭാ സ്ഥാനാർത്ഥി നിർണ്ണയത്തിൽ സിറ്റിംഗ് എംഎൽഎമാരെ തന്നെ നിലനിർത്തണമെന്ന സംസ്ഥാന നേതൃത്വത്തിന്റെ കർശന നിർദ്ദേശത്തോടെ ജില്ലാ കമ്മിറ്റിയുടെ സമവാക്യങ്ങൾ മാറുകയാണ് സിറ്റിംഗ് എം എൽ എമാർ വീണ്ടും ജനവിധി തേടണമെന്ന സംസ്ഥാന സെക്രട്ടറിയേറ്റ് നിർദ്ദേശമാണ് ജില്ലാ കമ്മിറ്റിയുടെ സമവാക്യത്തെ തെറ്റിക്കുന്നത്. ഇക്കൂട്ടത്തിൽ ഏറ്റവും പ്രധാനം കായംകുളം മണ്ഡലമാണ്. കായംകുളത്ത് സിറ്റിംഗ് എം എൽ എ യു പ്രതിഭക്ക് പകരം ജില്ലാ സെക്രട്ടറി ആർ നാസറിനെ രംഗത്തിറക്കാനാണ് ജില്ലാ കമ്മിറ്റി ആലോചിച്ചിരുന്നത്. എന്നാൽ ഇന്ന് ചേർന്ന ജില്ലാ സെക്രട്ടേറിയേറ്റിൽ, സിറ്റിംഗ് എം എൽ എമാർ വീണ്ടും ജനവിധി തേടണമെന്ന സംസ്ഥാന സെക്രട്ടറിയേറ്റ് നിർദ്ദേശം അവതരിപ്പിച്ചതോടെ നാസറിന്‍റെ സ്ഥാനാർഥിത്വം പ്രതിസന്ധിയിലായിട്ടുണ്ട്. ഇതോടെ കായംകുളത്ത് വീണ്ടും പ്രതിഭ തന്നെ ജനവിധി തേടുമെന്നാണ് സൂചന. മണ്ഡലത്തിൽ മാറ്റം വേണമെന്ന നിലപാടാണ് ജില്ലാ സെക്രട്ടറിയേറ്റിനുള്ളത്. ഇതോടെ സിറ്റിംഗ് സീറ്റുകളിൽ പരീക്ഷണത്തിന് മുതിരേണ്ടതില്ലെന്ന സംസ്ഥാന നേതൃത്വത്തിന്റെ ഉറച്ച നിലപാടിൽ കൂടുതൽ ചർച്ചകൾ ഉണ്ടായേക്കാം.


