ഫ്രാന്‍സിലെ ഭീകരാക്രമണം: ഐഎസ് ഉത്തരവാദിത്തമേറ്റു

By Web DeskFirst Published Jul 16, 2016, 12:22 PM IST
Highlights

പാരീസ്: ഫ്രാന്‍സിലെ നീസിൽ നടന്ന ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. ദേശീയ ദിനാഘോഷത്തിനിടെ 84 പേരാണ് ട്രക്കിടിച്ച് മരിച്ചത്.  ആക്രമണം നടന്ന് മണിക്കൂറുകൾക്കകം തന്നെ മൊഹമ്മദ് ലഹൗജ് ബോൽ എന്ന ടുണീഷ്യൻ സ്വദേശിയെ പൊലീസ് വെടിവച്ച് കൊന്നിരുന്നു. ഇതിന് പിന്നാലെ പേരു വെളിപ്പെടുത്താത്ത അഞ്ച് പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.

എന്നാൽ ഇവർക്ക് ഐഎസ് ബന്ധമുണ്ടോയെന്ന കാര്യത്തിൽ ഇതുവരെയും ഔദ്യോഗിക സ്ഥിരീകരണമില്ല. ഐ എസിന്റെ പേര് വ്യക്തമാക്കാതെ മുസ്‍ലീം ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്നാണ് നേരത്തേ അധകൃതർ വ്യക്തമാക്കിയിരുന്നത്.  ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി നീസിൽ ഒത്തുകൂടിയ നൂറു കണക്കിന് പേരുടെ ഇടയിലേക്ക് ട്രക്ക് ഇടിച്ചു കയറ്റുകയായിരുന്നു ആക്രമികൾ. തടയാൻ വന്ന പൊലീസുകാർക്കെതിരെ വെടിയുതിർത്തു. അൻപതിലധികം പേർ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു.

മരണസംഖ്യ പിന്നീട് 84 ആയി ഉയരുകയായിരുന്നു. 200 ഓളം പേർക്ക് പരിക്കേറ്റു. ഭീകരാക്രമണത്തെ തുടർന്ന് സ്ഥിതി ഗതികൾ വിലയിരുത്താൻ പ്രസിഡന്‍റ് ഫ്രാന്‍സ്വാ ഒലോന്തിന്‍റെ നേതൃത്വത്തിൽ  അടിയന്തര മന്ത്രിസഭാ യോഗം വിളിച്ചിരുന്നു. ഇതിനിടയിലാണ് ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഐ എസ് രംഗത്തെത്തിയിരിക്കുന്നത്.

click me!