
മഞ്ചേരി: ഓണ്‍ലൈന്‍ തട്ടിപ്പ് കേസില്‍ നൈജീരിയ സ്വദേശിയെ ഒരാളെ മഞ്ചേരി പോലീസ് മഹാരാഷ്ട്രയിലെ പാല്‍ഗര്‍ ജില്ലയില്‍ നിന്ന് അറസ്റ്റ് ചെയ്തു. നൈജീരിയന്‍ സ്വദേശി ഇദുമെ ചാള്‍സ് ഒന്യാമയേച്ചി (32) ആണ് അറസ്റ്റിലായത്. ഇയാള്‍ പണം കൈമാറാനുള്ള ഏജന്‍റായി പ്രവര്‍ത്തിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
വിവിധ രീതിയിലുള്ള ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ നടത്തിവരികയായിരുന്ന കാമറൂണ്‍ നോര്‍ത്ത് വെസ്റ്റ് റീജ്യന്‍ സ്വദേശികളായ അകുംബെ ബോമ ഞ്ചിവ (28), ലാങ്ജി കിലിയന്‍ കെങ് (27) എന്നിവരെയും സംഘാംഗങ്ങളായ രാജസ്ഥാനിലെ ചിറ്റോര്‍ഗഡ് കുംഭനഗര്‍ സ്വദേശി മുകേഷ് ചിപ്പ (48), ഉദയ്പൂര്‍ സ്വദേശി സന്ദീപ് മൊഹീന്ദ്ര (41) എന്നിവരെയും കഴിഞ്ഞ മാസങ്ങളില്‍ മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഈ കേസില്‍ നടത്തിയ തുടരന്വേഷണത്തില്‍ ഇത്തരം കേസുകളില്‍ പണം സ്വീകരിക്കുന്നതിന് ഏജന്റായി പ്രവര്‍ത്തിക്കുന്നയാളാണ് ഇദുമെ ചാള്‍സ് എന്ന് കണ്ടെത്തിയിരുന്നു. തുർന്നാണ് ഇയാള്‍ക്കായി പോലീസ് വലവിരിച്ചത്. മഞ്ചേരി സ്വദേശിയുടെ ഹോള്‍സെയില്‍ മരുന്ന് വിപണന കേന്ദ്രത്തിലേക്കാവശ്യമായ മരുന്ന് വില്പനക്കാരെന്ന് പറഞ്ഞ് ഓണ്‍ലൈന്‍ വഴി പ്രതികള്‍ പരാതിക്കാരനില്‍ നിന്നും ഒന്നേകാല്‍ ലക്ഷത്തോളം രൂപ വാങ്ങിയിരുന്നു. എന്നാല്‍ പിന്നീട് പണമോ മരുന്നോ നല്‍കാതിരുന്നപ്പോഴാണ് ഇവര്‍ പണം തട്ടികാരാണെന്ന് തിരിച്ചറിഞ്ഞത്. ഇതേ തുടര്‍ന്ന് മഞ്ചേരി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തതാണ് കേസ്.
ഈ കേസില്‍ ഇതോടെ അഞ്ച് പ്രതികള്‍ അറസ്റ്റിലായി. കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക തട്ടിപ്പുകള്‍ ഇവര്‍ മുഖേന നടത്തിയതായി പോലീസിന് വിവരം ലഭിച്ചു. ഇദുമെ ചാള്‍സിനെതിരെ സമാനമായ നിരവധി കേസുകള്‍ വിവിധ സംസ്ഥാനങ്ങളിലായി ഉണ്ടെന്ന് മഞ്ചേരി പോലീസ് പറഞ്ഞു. പ്രതിയെ മഞ്ചേരി സിജെഎം കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam