
മലപ്പുറം: മഴയിലും ചോരാത്ത ആവേശത്തോടെ നിലമ്പൂരിൽ കൊട്ടിക്കലാശം കൊടിയിറങ്ങി. മൂന്നാഴ്ച നീണ്ട പ്രചാരണത്തിനാണ് നിലമ്പൂർ അങ്ങാടിയിൽ സമാപനമായത്. റോഡ് ഷോയോടെയാണ് മൂന്ന് സ്ഥാനാർത്ഥികളും നഗരത്തിലേക്ക് എത്തിയത്. പി വി അൻവർ കലാശക്കൊട്ട് ഒഴിവാക്കി പരസ്യപ്രചാരണത്തിന്റെ അവസാനമണിക്കൂറിൽ വോട്ടർമാരെ നേരിട്ടു കണ്ടു. വൈകിട്ട് മൂന്ന് മണിയോടെ പ്രവർത്തകർ താളവും മേളവുമായി പ്രചാരണം കൊഴുപ്പിക്കാനെത്തി. യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന് പിന്തുണയുമായി ഡിസിസി പ്രസിഡന്റ് വി എസ് ജോയി, ഷാഫി പറമ്പിൽ എം. പി, യുഡിഎഫ് എംഎൽഎമാർ എന്നിവർ അണിചേർന്നു.
എൽഡിഎഫ് സ്ഥാനാർത്ഥി എം. സ്വരാജിനൊപ്പം മന്ത്രി മുഹമ്മദ് റിയാസ്, ഉൾപ്പടെ നേതാക്കൾ ആവേശവുമായെത്തി. പികെ കൃഷ്ണദാസ്, ബി.ഗോപാലകൃഷ്ണൻ ഉൾപ്പടെയുള്ള നേതാക്കൾ ബിജെപി സ്ഥാനാർത്ഥി മോഹൻ ജോർജിന്റെ കലാശക്കൊട്ടിനെത്തി. വ്യാഴാഴ്ചയാണ് വോട്ടെടുപ്പ്. പരസ്യപ്രചാരണം പൂർത്തിയാകുമ്പോൾ തികഞ്ഞ വിജയപ്രതീക്ഷയിലാണ് സ്ഥാനാർത്ഥികൾ എല്ലാം. നിലമ്പൂർ മറ്റന്നാൾ പോളിംഗ് ബൂത്തിലേക്ക് എത്തും. ജൂണ്‍ 23 നാണ് വോട്ടെണ്ണൽ.
പെരുമഴയിലും അണ മുറിയാത്ത ആവേശത്തോടെ കലാശക്കൊട്ട് മുന്നണികള്‍ ശക്തിപ്രകടനമാക്കി മാറ്റി. വിജയം ഉറപ്പെന്ന് മൂന്ന് മുന്നണികളും ആത്മവിശ്വാസം പ്രകടിപ്പിച്ചു. കൊടുങ്കാറ്റ് വന്നാലും വോട്ട് പെട്ടിയില്‍ വീഴുമെന്നായിരുന്നു പി വി അൻവറിന്‍റെ വാക്കുകള്‍. അവസാന നിമിഷവും പെന്‍ഷൻ ചര്‍ച്ചയാക്കിയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ് സംസാരിച്ചത്. ക്ഷേമ പെൻഷൻ കൈക്കൂലിയെന്ന കെ സി വേണുഗോപാലിന്‍റെ ആരോപണത്തോട്, കൈക്കൂലി എന്ന് പറഞ്ഞവരോട് നാട് കണക്ക് ചോദിക്കുമെന്നായിരുന്നു എം സ്വരാജിന്‍റെ പ്രതികരണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam