
ദുബായ്: കോഴിക്കോടും പരിസരത്തും റിപ്പോർട്ട് ചെയ്ത നിപ വൈറസ് ബാധയെ തുടർന്ന് കേരളത്തിലേക്ക് യാത്ര ചെയ്യുന്നവർക്കും കേരളത്തിൽ നിന്ന് വരുന്നവർക്കും ഏർപ്പെടുത്തിയ നിരീക്ഷണവും നിയന്ത്രണങ്ങളും യുഎഇ പിൻവലിച്ചു.
കേരളം നിപ രോഗബാധയെ ഫലപ്രദമായി നേരിട്ടുവെന്ന വിലയിരുത്തലിനെത്തുടർന്നാണ് നടപടിയെന്ന് യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിപ വൈറസ് ബാധയെ തുടർന്ന് കഴിഞ്ഞ ജിസിസി രാജ്യങ്ങളിലെ വിമാനത്താവളങ്ങളിൽ കേരളത്തിൽ നിന്നുള്ള യാത്രികർക്ക് നിരീക്ഷണവും നിയന്ത്രണവും ഏർപ്പെടുത്തിയത്.
നിപ പനി നിയന്ത്രണ വിധേയമായതായുള്ള ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് പ്രകാരമാണ് കേരളത്തേക്കുള്ള യാത്രയ്ക്കേര്‍പ്പെടുത്തിയ നിയന്ത്രണം യുഎഇ ആരോഗ്യമന്ത്രാലയം നീക്കിയത്. കേരളത്തിലേക്കുള്ള യാത്ര വിലക്കിയിരുന്നില്ലെന്നും പകർച്ചവ്യാധികൾ നിലനിൽക്കുന്ന ലോകത്തെ ഏത് മേഖലയിലേക്ക് പോകുമ്പോഴുമെന്ന പോലെ മുൻകരുതൽ എടുക്കണമെന്ന് നിർദേശിക്കുക മാത്രമാണ് ചെയ്തതെന്നും അധികൃതര്‍ വ്യക്തമാക്കി.
അത്യാവശ്യമില്ലെങ്കിൽ കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് കഴിഞ്ഞമാസം 24-നാണ് യു.എ.ഇ. ആരോഗ്യ മന്ത്രാലയം ജനങ്ങൾക്ക് നിർദേശം നൽകിയത്. നിപ വൈറസിന്റെ ലക്ഷണങ്ങളുമായി എത്തുന്നവർ ഉണ്ടോയെന്ന് നിരീക്ഷിക്കണമെന്ന് മെയ് 30 ന് വിമാനത്താവള അധികൃതർക്കും നിർദേശം നൽകിയിരുന്നു.
എന്നാൽ കേരളത്തിൽ നിന്ന് വരുന്നവരെ രാജ്യത്തെ വിമാനത്താവളങ്ങളില്‍ പരിശോധനക്കായി തടഞ്ഞുവെച്ച സംഭവങ്ങൾ ഇക്കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം നിപയുടെ പശ്ചാതലത്തില്‍ യുഎഇ, ബഹറൈന്‍, കുവൈത്ത്, ഖത്തര്‍, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലെ വിപണികളിലേക്ക് കേരളത്തില്‍ നിന്നുള്ള പഴം പച്ചക്കറി ഇറക്കുമതിക്കേര്‍പ്പെടുത്തിയ വിലക്ക് ഇതുവരെ നീക്കിയിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam