അങ്ങനെ മരിക്കാൻ വിട്ടുകൊടുക്കില്ല; ശാസ്താംകോട്ടയ്ക്ക് 'പ്യൂരിഫയറായി' വാട്ട്സ് ആപ്പ് ​ഗ്രൂപ്പ്

Web Desk |  
Published : Jun 19, 2018, 11:08 PM ISTUpdated : Jun 29, 2018, 04:09 PM IST
അങ്ങനെ മരിക്കാൻ വിട്ടുകൊടുക്കില്ല; ശാസ്താംകോട്ടയ്ക്ക് 'പ്യൂരിഫയറായി' വാട്ട്സ് ആപ്പ് ​ഗ്രൂപ്പ്

Synopsis

നമ്മുടെ കായൽ എന്നാണ് വാട്ട്സ് ആപ്പ് ​ഗ്രൂപ്പിന്റെ പേര് തടാക സം​രക്ഷണത്തിന് ജനകീയ മുന്നേറ്റം പതിനഞ്ചോളം കുട്ടികളും ഈ പ്രവർത്തനങ്ങളിൽ പങ്കാളികളായി പായൽ കയറിൽ കെട്ടിവലിച്ചാണ് പുറത്തെടുക്കുന്നത്  

കൊല്ലം:  നവമാധ്യമങ്ങൾ സമൂഹത്തിന്റെ ​ഗതി നിർണ്ണയിക്കുന്ന ഇ കാലത്ത് പുതിയൊരു കൂട്ടായ്മയുമായി ഒരു വാട്ട്സ് ആപ്പ് ​ഗ്രൂപ്പ്. ശാസ്താംകോട്ട കായൽ സം​രക്ഷണം മുൻനിർത്തി രൂപീകരിച്ച നമ്മുടെ കായൽ എന്ന  വാട്ട്സ് ആപ്പ് ​ഗ്രൂപ്പാണ് തീർത്തും ജനകീയമായി മുന്നേറിക്കൊണ്ടിരിക്കുന്നത്. മുള്ളൻ പായൽ എന്നറിയപ്പെടുന്ന പായൽ വളർന്ന് ഓരോ ദിവസവും നാശത്തിലേക്ക്  നീങ്ങിക്കൊണ്ടിരിക്കുന്ന കായലിനെ ജീവനോടെ നിലനിർത്തുക എന്നതാണ്  ഈ കൂട്ടായ്മയുടെ ലക്ഷ്യം. കഴിഞ്ഞ മൂന്ന് ഞായറാഴ്ചകളായി ശാസ്താം കോട്ട സ്വദേശികൾ കായൽ ശുചീകരണത്തിനായി മുന്നിട്ടിറങ്ങിയിട്ട്. കുട്ടികളെന്നോ മുതിർന്നവരെന്നോ വ്യത്യാസമില്ലാതെയാണ്  ​ഗ്രാമവാസികൾ ഈ യജ്ഞത്തിൽ പങ്കാളികളായിരിക്കുന്നത്. പതിനഞ്ചോളം കുട്ടികളും ഈ പ്രവർത്തനങ്ങളിൽ പങ്കാളികളായിരുന്നു.

കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം എന്നാണ് ഒറ്റവാക്കിൽ കൊല്ലം ജില്ലയിലെ കുന്നത്തൂർ താലൂക്കിലെ ശാസ്താംകോട്ട കായലിന്റെ വിശേഷണം. ഇതിനപ്പുറം ശാസ്താംകോട്ടക്കാർക്കിത് കോട്ടേക്കായലാണ്. ഒരുപടി കൂടി കടക്കുമ്പോൾ കായൽ കോട്ടേലമ്മയാകുന്നു. ഇരുപത് കിലോമീറ്റർ ചുറ്റളവിലാണ് ശാസ്താംകോട്ട കായൽ വ്യാപിച്ചു കിടക്കുന്നത്. കൊല്ലം ജില്ലയിൽ ഒട്ടുമിക്ക പ്രദേശങ്ങളിലും കുടിവെള്ളം എത്തിക്കുന്നത് കായലിൽ നിന്നും പമ്പ് ചെയ്തെടുക്കുന്ന വെള്ളമാണ്. കഴിഞ്ഞ കുറച്ചു മാസങ്ങളായി വെള്ളം തിളപ്പിക്കുമ്പോൾ ഇരുമ്പു നിറമുള്ള പതയാണ് വരുന്നതെന്ന് ​പ്രദേശവാസികൾ പറയുന്നു. കുടിവെള്ളത്തിൽ  ദോഷകരമായ രീതിയിൽ ഇരുമ്പിന്റെ അംശവും വർദ്ധിച്ചതായി കാണപ്പെടുന്നു. കളകളും പായലും കയറി നാളുകളായി ഭീഷണിയിലായിരുന്നു കായൽ. ഇവ അഴുകി വെളളത്തിൽ കലരുന്നതാണ് വെള്ളം മലിനമാകാൻ കാരണം. ശുദ്ധവെള്ളത്തിൽ പായൽ വളരില്ലെന്ന വാദത്തിന് മുകളിലാണ് പായലും കളകളും വളർന്ന് വേരുപിടിച്ചിരിക്കുന്നത്. കുറച്ചു കാലങ്ങളായി മത്സ്യസമ്പത്തും കുറഞ്ഞതായി കാണപ്പെട്ടിരുന്നു. 

2054 ൽ‌ ശാസ്താംകോട്ട കായൽ നാലോ അഞ്ചോ കുളങ്ങളായി മാറാൻ സാധ്യതയുണ്ടെന്ന പഠനറിപ്പോർട്ടാണ് ശാസ്താംകോട്ട കായലിനെ സംബന്ധിച്ച് പുറത്തു വന്നിട്ടുള്ളത്. അതിനാൽത്തന്നെ കായൽ സം​രക്ഷണത്തിനായി തങ്ങളാൽ കഴിയുന്ന രീതിയിൽ പ്രവർത്തിക്കാമെന്ന തീരുമാനത്തോടെയാണ് ഓരോരുത്തരും കായലിലിറങ്ങിയിരിക്കുന്നത്. മറ്റ് കായലുകളിൽ ഉപയോ​ഗിച്ച വലകൾ ഇവിടെയും ഉപയോ​ഗിച്ചതാണ് മുള്ളൻ പായൽ ഇത്രയധികം വർദ്ധിക്കാൻ കാരണമെന്ന് പ്രദേശവാസികൾ പറയുന്നു. പായൽ കയറിൽ കെട്ടിവലിച്ചാണ് പുറത്തെടുക്കുന്നത് ഒരുപക്ഷേ അധികാരികൾ കൃത്യമായി ഇടപെട്ടാൽ കൂടുതൽ മെച്ചപ്പെട്ട ഉപകരണങ്ങൾ ഉപയോ​ഗിച്ച് കായൽ ശുചീകരണം സാധ്യമാകും. 

തുടക്കം വാട്ട്സ്ആപ്പ്  ​ഗ്രൂപ്പിൽ നിന്നായിരുന്നെങ്കിലും കായൽ സം​രക്ഷണ സമിതി എന്നൊരു ജനകീയ കൂട്ടായ്മയിലേക്ക് ഈ പ്രവർത്തനങ്ങളെ എത്തിക്കാനും അം​ഗങ്ങൾക്ക് പദ്ധതിയുണ്ട്. പൊതുജനങ്ങളിൽ കായൽ സംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ച് അവബോധം സൃഷ്ടിക്കാനുള്ള പ്രവർത്തനങ്ങളാണ് ഇനി നടത്താനുദ്ദേശിക്കുന്നതെന്ന് കൂട്ടായ്മയിലെ അം​ഗങ്ങൾ പറയുന്നു. എത്ര ദിവസം കൊണ്ട് കായൽ ശുചിയാക്കിയെടുക്കാം എന്ന കാര്യത്തിൽ ഒരു കാലയളവ് ഇവരാരും തന്നെ പറയുന്നില്ല. മറിച്ച് ഈ വിപത്ത് അധികാരികളുടെ ശ്രദ്ധയിൽപെടുന്നത് വരെ കായൽ ശുചീകരണം തുടരാനാണ് ഇവർ ആ​ഗ്രഹിക്കുന്നത്. ഏകദേശം അമ്പതോളം പേരാണ് കായലിലിറങ്ങി പായൽ നീക്കം ചെയ്യുന്നത്. വരും​ദിവസങ്ങളിൽ കൂടുതൽ സംഘടനകളുടെയും ജനങ്ങളുടെയും പിന്തുണ ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ. ഞായറാഴ്ചകൾ മാത്രമല്ല, അവധി ദിവസങ്ങളും ശുചീകരണത്തിനായി തെരഞ്ഞെടുത്തിട്ടുണ്ട്. 

വൃത്തിയാക്കുമ്പോൾ എക്കലുകൾക്കിടയിൽ നിന്ന് ഉറവകൾ രൂപപ്പെടുന്നുണ്ട്. ഇത് നല്ല സൂചനയാണെന്ന് ശുചീകരണം നടത്തുന്നവർ പറയുന്നു.  സം​രക്ഷിച്ചാൽ ഈ കായൽ‌ ശുദ്ധമായി തന്നെ നിലനിൽക്കും എന്നുളള സൂചനയാണിത്. കഴിഞ്ഞ മൂന്ന് ഞായറാഴ്ചകളിലായി ഒരു കിലോമീറ്ററോളം ദൂരത്തിൽ പായലും കളകളും നീക്കം ചെയ്തു കഴിഞ്ഞു.  ഏതൊരു നദിയും പോലെ ഈ തടാകവും നാളെ ജീവനോടെയുണ്ടാകുമോ എന്ന ഭീതിയിലാണ്. എന്നാൽ ഈ തടാകത്തെ അത്ര പെട്ടെന്ന് ഇല്ലാതാകാൻ സമ്മതിക്കില്ല എന്ന് നിശ്ചയിച്ചുറപ്പിച്ചാണ് ഈ ​ഗ്രാമത്തിലെ ഒരു കൂട്ടം ആളുകൾ മുന്നിട്ടിറങ്ങിയിരിക്കുന്നത്. ഒരുപക്ഷേ നാളെ മറ്റൊരു നാടിന് മാതൃകയായേക്കാം ശാസ്താംകോട്ട കായലും നിവാസികളും. 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ക്രൈസ്തവർക്കെതിരായ ആക്രമണം: ആശങ്കകൾ പങ്കുവെച്ച് സംസ്ഥാനത്തെ സഭാമേലധ്യക്ഷൻമാർ
തിരുവമ്പാടിയിൽ ഭരണം പിടിക്കാൻ വിമതനെ കൂട്ടുപിടിച്ച് യുഡിഎഫ്; കോണ്‍ഗ്രസ് വിമതന്‍ ജിതിൻ പല്ലാട്ട് പ്രസിഡന്‍റാകും