നിപ വൈറസ്; മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷിയോഗം ഇന്ന്

By Web DeskFirst Published Jun 4, 2018, 5:37 AM IST
Highlights
  • ഇന്ന് സര്‍വകക്ഷിയോഗം
  • നിപ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍
  • ഐസിഎംആര്‍ സംഘം ഇന്നെത്തും

തിരുവനന്തപുരം: നിപ വൈറസ് ബാധ വിലയിരുത്താന്‍ മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷിയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ഉച്ചതിരിഞ്ഞ് മൂന്നു മണിക്കാണ് യോഗം. ഓസ്ട്രേലിയയില്‍ നിന്നെത്തിച്ച മരുന്ന് നല്‍കുന്നതിനായുളള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കാനായി ഐസിഎംആറില്‍ നിന്നുളള സംഘം ഇന്ന് കോഴിക്കോട്ടെത്തും.

നിപ വൈറസ് തിരിച്ചറിഞ്ഞ് രണ്ടാഴ്ചയായിട്ടും ഭീതി വിട്ടൊഴിയാത്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രി സര്‍കക്ഷിയോഗം വിളിക്കുന്നത്. യോഗത്തിനു മുന്നോടിയായി കോഴിക്കോട്ടെ സ്ഥിതിഗതികള്‍ മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി വിലയിരുത്തി. വൈറസ് ബാധ പ്രതിരോധിക്കാന്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ വിലയിരുത്തുകയും രോഗവ്യാപന സാധ്യത തടയാനുളള കര്‍മ പരിപാടികള്‍ക്ക് രൂപം നല്‍കുകയുമാണ് ലക്ഷ്യം. അതേസമയം, ഓസ്ട്രേലിയയില്‍ നിന്നെത്തിച്ച ഹ്യൂമന്‍ മോണോക്ലോണല്‍ ആന്‍റി ബോഡി നല്‍കുന്നതു സംബന്ധിച്ച് ഐസിഎംആറില്‍നിന്നെത്തന്ന സംഘം കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തും. നിലവില്‍ 22 പേര്‍ നിപ ലക്ഷണങ്ങളോടെ മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലുണ്ട്. എന്നാല്‍ നിപ സ്ഥിരീകരിച്ച ആരും നിലവില്‍ ചികില്‍സയിലില്ലാത്തതിനാല്‍ ഈ മരുന്ന് ഇപ്പോള്‍ നല്‍കേണ്ട സാഹചര്യമില്ല.

നിപ വൈറസ് സംബന്ധിച്ച് ഏറ്റവും ഒടുവില്‍ ലഭിച്ച ‍പരിശോധനാ ഫലങ്ങളും ആരോഗ്യ വകുപ്പിന് പ്രതിക്ഷ പകരുന്നുണ്ട്. ഇന്നലെ ലഭിച്ച 22 പരിശോധനാ ഫലങ്ങളും നെഗറ്റീവാണ്. അതേസമയം, രോഗികളുമായി ബന്ധപ്പെമുളളതായി സംശയിക്കുന്ന സന്പര്‍ക്ക പട്ടികയിലുളളവരുടെ എണ്ണം 2079ആയി ഉയര്‍ന്നു.
 

click me!