
കോഴിക്കോട്: നിപ്പ വൈറസ് ബാധയുടെ ലക്ഷണങ്ങളോടെ, രോഗബാധിതരെ മുമ്പ് പരിചരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സുകൂടി മരിച്ചതോടെ നിപ്പ ബാധയുടെ ലക്ഷണങ്ങളോടെ മരിച്ചവരുടെ എണ്ണം പത്തായി. പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സ് ചെമ്പനോട സ്വദേശി ലിനിയാണ് മരിച്ചത്.രോഗം ബാധിച്ച് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയ ചങ്ങരോത്ത് സ്വദേശികളെ പരിചരിച്ചത് വഴി വൈറസ് ബാധയുണ്ടായെന്നാണ് നിഗമനം.
മുന്‍കരുതലിന്‍റെ ഭാഗമായി ലിനിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാതെ ബന്ധുക്കളുടെ സമ്മതത്തോടെ കോഴിക്കോട്ടെ വൈദ്യുതശ്മശാനത്തില്‍ സംസ്കരിച്ചു. ഇതോടെ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ മരിച്ചവരുടെ എണ്ണം പത്തായി. നിപ്പ വൈറസ് സ്ഥിരീകരിച്ച മൂന്ന് പേരില്‍ കണ്ട സമാന ലക്ഷണങ്ങളാണ് മരിച്ച മറ്റുള്ളവരിലും പ്രകടമായത്.
മരിച്ച രണ്ട് പേരുടെ രക്തപരിശോധനാ ഫലം ഇന്ന് വൈകുന്നേരത്തോടെ കിട്ടും. മെഡിക്കല്‍ കോളേജ് ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലുമായി കഴിയുന്ന ആറ് പേരുടെ നില അതീവ ഗുരുതരമാണ്. നിപ്പ വൈറസ് ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ കോഴിക്കോട് അവലോകന യോഗം ചേര്‍ന്നു. മരിച്ച ചങ്ങരോത്ത് സ്വദേശികളുടെ വീട്ടിലെ കിണറ്റില്‍ വവ്വാലുകളുടെ സാന്നിധ്യം കണ്ടെത്തിയെന്നും, വൈറസ് പടര്‍ന്നത് ഈ കിണറ്റിലെ വെള്ളത്തിലൂടെയാകാമെന്നുമാണ് ആരോഗ്യവകുപ്പിന്‍റെ നിഗമനം.
കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രിയില്‍ കൂടുതല്‍ സൗകര്യങ്ങളൊരുക്കാന്‍ യോഗത്തില്‍ തീരുമാനമായി. മെഡിക്കല്‍ കോളേജാശുപത്രിയിലെ തിരക്ക് നിയന്ത്രിക്കാന്‍ ബീച്ചാശുപത്രി കൊയിലാണ്ടി, പേരാമ്പ്ര, താമരശേരി താലൂക്ക് ആശുപത്രികളില്‍ പ്രത്യേക വാര്‍ഡുകള്‍ തുറന്നതായും മന്ത്രി അറിയിച്ചു.
ഇതിനിടെ മരിച്ച സഹോദരങ്ങളുടെ അച്ഛന്‍ അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്ന ചങ്ങരോത്ത് സ്വദേശി മൂസക്ക് സ്വകാര്യ ആശുപത്രി ചികിത്സ നിഷേധിച്ചുവെന്ന് രോഗിക്കൊപ്പമുണ്ടായിരുന്നവര്‍ പരാതിപ്പെട്ടു. എന്നാല്‍ ചികിത്സ നിഷേധിച്ചിട്ടില്ലെന്നും, അടക്കാനുള്ള ബില്‍ തുക ബന്ധുക്കളെ അറിയിക്കുക മാത്രമാണ് ചെയ്തതെന്നും ആശുപത്രി അധികൃതര്‍ വിശദീകരിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam