നിപ വൈറസ്; കോഴിക്കോട് ജില്ലയിലെ വനമേഖലയില്‍ വനംവകുപ്പ് പരിശോധന

By Web DeskFirst Published May 26, 2018, 2:05 PM IST
Highlights
  • ഇതുവരെ 12 പേരോളം നിപ വൈറസ് ബധമൂലം കേരളത്തില്‍ മരിച്ചതായാണ് കണക്ക്. 
     

കോഴിക്കോട്: നിപ വൈറസ് പരത്തുന്നത് ഏത് ജീവിയെന്ന കാര്യത്തില്‍ അവ്യക്തത തുടരുന്ന സാഹചര്യത്തില്‍ വനം വകുപ്പ് കോഴിക്കോട് ജില്ലയിലെ വന മേഖലയില്‍ പരിശോധന ശക്തമാക്കി. രോഗവ്യാപനം തടയുന്നതിന്‍റെ ഭാഗമായി രോഗികളുടെയും ബന്ധുക്കളുടെയും യാത്രാ വിവരങ്ങള്‍ പൊലീസും ശേഖരിക്കുന്നുണ്ട്.

രോഗം ആദ്യം റിപ്പോര്‍ട്ട് ചെയ്ത ചങ്ങരോത്ത് വളച്ചുകെട്ടി വീട്ടില്‍ മൂസയുടെ വീട്ടില്‍നിന്ന് മൂന്ന് കിലോമീറ്റര്‍ മാറിയാണ് ജാനകിക്കാട് ഇക്കോ ടൂറിസം കേന്ദ്രം. നിപ വൈറസിന്‍റെ വാഹകരാകാന്‍ ഏറെ സാധ്യതയുളള പഴം കഴിക്കുന്ന വവ്വാലുകളും മരപ്പട്ടികളും ഏറെയുളള പ്രദേശമാണിത്. മൂസയുടെ വീട്ടിലെ മുയലുകളെ മരപ്പെട്ടി കടിച്ച് കൊന്നിരുന്നെന്നും ഇവയെ മറവ് ചെയ്തത് സാബിദും സാലിഹുമാണെന്നും ഇവരുടെ മാതാവ് പരിശോധനയ്ക്കെത്തിയ സംഘത്തോട് പറഞ്ഞിരുന്നു. പിന്നാലെ വനമേഖലയില്‍ മരപ്പട്ടികളെ ചത്ത നിലയില്‍ കണ്ടെത്തുക കൂടി ചെയ്ത സാഹചര്യത്തിലാണ് പരപ്പട്ടിയുടെ രക്തസാംപിളും ശേഖരിക്കുന്നത്.  

അതിനിടെ, രോഗികള്‍, ബന്ധുക്കള്‍, ഇവരുമായി അടുത്ത ബന്ധമുളളവര്‍ എന്നിവരുടെയെല്ലാം വിവരങ്ങള്‍ പൊലീസും ശേഖരിക്കുന്നുണ്ട്. അടുത്ത കാലത്ത് ഇവര്‍ നടത്തിയ യാത്രാ വിവരങ്ങളും പരിശോധിക്കുന്നുണ്ട്. രോഗത്തിന്‍റെ സ്രോതസ് കണ്ടെത്തുന്നതിനൊപ്പം രോഗവ്യാപന സാധ്യത തടയാന്‍ കൂടി ലക്ഷ്യമിട്ടാണ് ഈ നടപടി. ഇതുവരെ 12 പേരോളം നിപ വൈറസ് ബധമൂലം കേരളത്തില്‍ മരിച്ചതായാണ് കണക്ക്. 
 

click me!