നീരവ് മോദിക്കായി അന്വേഷണം ശക്തമാക്കി കേന്ദ്രസർക്കാർ

By Web DeskFirst Published Feb 16, 2018, 4:49 PM IST
Highlights

ദില്ലി:  ഇന്ത്യയിലെത്തിക്കാൻ ഇന്‍റർപോളിന്‍റെ സഹായം തേടി സിബിഐ. പാസ്പോർട്ട് മരവിപ്പിച്ചു. പഞ്ചാബ് നാഷണൽ ബാങ്കിലെ എട്ട് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. നീരവ് മോദിയുടേയും കുടുംബാംഗങ്ങളുടേയും 105 അക്കൗണ്ടുകൾ ആദായനികുതി വകുപ്പ് മരവിപ്പിച്ചു.

തട്ടിപ്പ് നടത്തി ന്യൂയോർക്കിലേക്ക് മുങ്ങിയ വജ്രവ്യാപാരി നീരവ് മോദിയുടെ പാസ്പോർട്ട് സസ്പെൻഡ് ചെയ്തു.മോദിയെ കണ്ടെത്താൻ ഇൻറർപോൾ നോട്ടീസ് പുറപ്പെടുവിച്ചു. എട്ട് ഉദ്യോഗസ്ഥരെ പഞ്ചാബ് നാഷണൽ ബാങ്ക് സസ്പെൻഡ് ചെയ്തു. ഇതിനിടെ കഴിഞ്ഞ അഞ്ചു കൊല്ലത്തിൽ 60.000 കോടി രൂപയുടെ വായ്പ തട്ടിപ്പുണ്ടായെന്ന  ആർബിഐയുടെ കണക്കും പുറത്തുവന്നു

പഞ്ചാബ് നാഷണൽ ബാങ്കിൽ തട്ടിപ്പ് നടത്തി മുങ്ങിയ നീരവ് മോദി സ്വിറ്റ്സർലൻറിൽ ഉണ്ടെന്നായിരുന്നു ആദ്യ വിവരം. എന്നാൽ ന്യൂയോർക്കിലെ ഒരു ഹോട്ടലിൽ മോദിയുണ്ടെന്ന സൂചനകൾ പുറത്തു വന്നു. എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിൻറെ നിർദ്ദേശപ്രകാരം കേന്ദ്ര വിദേശകാര്യമന്ത്രാലയം നീരവ്മോദിയുടെയും ഗീതാഞ്ജലി ജുവൽസ് ഉടമ മെഹുൽ ചോക്സിയുടെയും പാസ്പോർട്ട് സസ്പെൻഡ് ചെയ്തു. 

എൻഫോഴ്സ്മെൻറും സിബിഐയും മോദിയെ കണ്ടെത്താൻ ഇൻറർപോളിൻറെ സഹായം തേടി. ഇൻറർപോൾ ഇതിനായി നോട്ടീസ് പുറപ്പെടുവിച്ചു. വിജയ് മല്ല്യയെ പോലെ നീരവ് മോദിയെ തിരികെ കൊണ്ടുവരാനുള്ള നീക്കങ്ങളും നീണ്ടു പോകാനാണ് സാധ്യത. നീരവ് മോദിയുടെ ബന്ധു മെഹുൽ ചോക്സിയുടെ ഗീതാഞ്ജലി ജുവൽസിനെതിരെ പുതിയ എഫഐആർ രജിസ്റ്റർ ചെയ്തു. 5500 കോടി രൂപയുടെ കണക്കിൽപെടാത്ത സ്വത്ത് ഇന്നത്തെ പരിശോധനയിൽ കണ്ടെത്തി. സിൻഡിക്കേറ്റ് ബാങ്കിൽ നിന്ന് 125 കോടി ഉൾപ്പടെ 17 ബാങ്കുകളിൽ നിന്ന് 3000 കോടി രൂപയുടെ വായ്പ കൂടി മോദി എടുത്തിട്ടുണ്ടെന്ന വിവരം പുറത്ത് വന്നു.

പഞ്ചാബ് നാഷണൽ ബാങ്ക് 8 ഉദ്യോഗസ്ഥരെക്കൂടി സസ്പെൻഡ് ചെയ്തു. കഴിഞ്ഞ അഞ്ചു കൊല്ലത്തിൽ ആകെ 8670 വായ്പാ തട്ടിപ്പു കേസുകളാണ് ആർബിഐയ്ക്ക് ബാങ്കുകൾ റിപ്പോർട്ടു ചെയ്തത്. 60,000 കോടി രൂപയിലധികം ഈ തട്ടിപ്പുകളിലൂടെ പൊതുമേഖലാ ബാങ്കുകൾക്ക് നഷ്ടമായെന്നും ആർബിഐ വിവരവകാശനിയമപ്രകാരം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു

click me!