നോട്ട് നിരോധിച്ചപ്പോൾ കള്ളപ്പണം വെളുപ്പിച്ചും നീരവിന്റെ തട്ടിപ്പ്

Published : Feb 16, 2018, 12:35 PM ISTUpdated : Oct 05, 2018, 01:59 AM IST
നോട്ട് നിരോധിച്ചപ്പോൾ കള്ളപ്പണം വെളുപ്പിച്ചും നീരവിന്റെ തട്ടിപ്പ്

Synopsis

ദില്ലി:  ശതകോടികളുടെ തട്ടിപ്പ് നടത്തിയ വജ്രവ്യവസായി നീരവ് മോദി കഴിഞ്ഞ വർഷം നോട്ട് അസാധുവാക്കിയപ്പോള്‍ വ്യാപകമായ രീതിയില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന് സൂചന. 2014 മുതല്‍ നീരവ് വിവിധ അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, തട്ടിപ്പിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളറിയാൻ പഞ്ചാബ് നാഷനല്‍ ബാങ്കിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയാണ് നീരവ് മോദി രാജ്യം വിട്ടത്. 

നീരവ് മോദിയുടെ തട്ടിപ്പിനെക്കുറിച്ച് ഹരിപ്രസാദ് എന്ന വ്യക്തി 2016 ജൂലൈയില്‍ പ്രധാനമന്ത്രിയുടെ ഓഫിസിനെ വിവരങ്ങള്‍ അറിയിച്ചിരുന്നുവെന്ന കോണ്‍ഗ്രസിന്‍റെ ആരോപണത്തിന് കേന്ദ്രസര്‍ക്കാരിന് ഇനിയും മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ല. മുംബൈയിലും സൂറത്തിലും ഡല്‍ഹിയുമായി അന്വേഷണ ഏജന്‍സികള്‍ നടത്തിയ തിരച്ചിലില്‍ സ്വര്‍ണവും വജ്രവും ആഭരണങ്ങളും ഉള്‍പ്പെടെ നീരവിന്‍റെ 5100 കോടിരൂപയുടെ സ്വത്ത് ഇതുവരെ പിടിച്ചെടുത്തിട്ടുണ്ട്. 

സിബിഐയും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും നികുതി വകുപ്പും അനധികൃത ക്രയവിക്രയങ്ങളുടെയും മറ്റു നടപടികളുടെയും പേരില്‍ 2014 മുതല്‍ നീരവ് മോദിയെ നിരീക്ഷിച്ചുവരികയായിരുന്നു. നികുതി അടയ്ക്കാതെ വജ്രവും മുത്തുകളും ആഭ്യന്തരവിപണിയിലേക്ക് അനധികൃതമായി ഇറക്കുമതി ചെയ്തതിന് ഡയറക്ട്രേറ്റ് ഓഫ് റവന്യൂ ഇന്‍റലിജന്‍സ് നീരവിനെതിരെ അന്വേഷണവും നടത്തിയിരുന്നു. നീരവ് മോദി പ്രധാനമന്ത്രിക്കൊപ്പം ദാവോസിലെ ലോക സാമ്പത്തിക ഫോറത്തില്‍ നില്‍ക്കുന്ന ചിത്രം പുറത്തുവന്നതോടെ വിഷയത്തിന് കൂടുതൽ രാഷ്ട്രീയമാനം കൈവന്നിട്ടുണ്ട്. പിടിക്കപ്പെട്ടേക്കുമെന്നു സൂചനകള്‍ ലഭിച്ചതോടെയാണു നീരവ് രാജ്യം വിട്ടതെന്നാണ് വിവരം.

ഇതിനിടെ നീരവ് മോദിയും കുടുംബവും ഇപ്പോള്‍ ന്യൂയോർക്കിലുണ്ടെന്ന് എൻഡിടിവി റിപ്പോർട്ടു ചെയ്തു. മാൻഹട്ടനിലെ അപാർട്മെന്റിലാണിവരെന്നാണു റിപ്പോർട്ടിലുള്ളത്. അതേസമയം, തട്ടിപ്പു നടന്ന വിവരം റിപ്പോര്‍ട്ട് ചെയ്യാന്‍ പഞ്ചാബ് നാഷനല്‍ ബാങ്ക് വൈകിയതും സംശയം ജനിപ്പിക്കുന്നുണ്ട്. വിവിധ ബാങ്കുകള്‍ പഞ്ചാബ് നാഷനല്‍ ബാങ്കിനെതിരെ റിസര്‍വ് ബാങ്കിനു പരാതി നല്‍കിയിട്ടുണ്ട്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'സുപ്രീംകോടതിയെ സമീപിക്കും, നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ'; ഉന്നാവ് പീഡനക്കേസ് പ്രതിയുടെ കഠിനതടവ് മരവിച്ച സംഭവത്തിൽ പ്രതികരിച്ച് അതീജീവിതയുടെ അമ്മ
നടി മീനാക്ഷിയെ ചേർത്തു പിടിച്ച് മന്ത്രി വിഎൻ വാസവൻ; 'ഇത്തരം നിലപാടുകളും, ധൈര്യവും പുതുതലമുറയ്ക്ക് പ്രതീക്ഷ നൽകുന്നു'