
തിരുവനന്തപുരം: ശബരിമല പ്രശ്നം ഇന്നും നിയമസഭയിൽ പ്രതിപക്ഷം ഉന്നയിക്കും. അടിയന്തര പ്രമേയം വേണോ സബ്മിഷൻ മതിയോ എന്നുള്ളത് രാവിലെ ചേരുന്ന എംഎൽഎമാരുടെ യോഗം തീരുമാനിക്കും. ശബരിമല വിഷയത്തിൽ മൂന്ന് ദിവസം തുടർച്ചയായി പ്രതിപക്ഷം സഭ സ്തംഭിപ്പിച്ചിരുന്നു. ശബരിമല അല്ലെങ്കിൽ ബന്ധു നിയമന വിഷയം അടിയന്തര പ്രമേയമായി കൊണ്ടു വന്നേക്കുമെന്നാണ് സൂചന.
അതിനിടെ, ശബരിമല വിഷയത്തിൽ മേൽനോട്ടത്തിനായി ഹൈക്കോടതി നിയോഗിച്ച മൂന്നംഗ നിരീക്ഷക സമിതി ഇന്ന് ശബരിമല സന്ദർശിക്കും. ഉച്ചയോടെ നിലയ്ക്കലിൽ എത്തുന്ന സംഘം പമ്പയിലും പരിശോധന നടത്തിയ ശേഷം രാത്രിയിൽ സന്നിധാനത്ത് തങ്ങും. നാളെയാണ് സംഘം സന്നിധാനത്ത് സന്ദർശനം നടത്തുക.
ഉച്ചയ്ക്ക് പന്ത്രണ്ടോടെ നിലയ്ക്കലിൽ എത്തുന്ന സംഘം ആദ്യം അവിടുത്തെ അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്തും. ഭക്തർക്ക് അടിസ്ഥാന സൗകര്യം ഒരുക്കുയാണ് ആദ്യ പരിഗണനയെന്ന് സമിതി അംഗങ്ങൾ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വൈകീട്ട് മൂന്ന് മണിയോടെ സംഘം പമ്പയിൽ എത്തും. തുടർന്ന് രാത്രിയോടെ സന്നിധാനത്തേക്ക് പോകും. സന്നിധാനത്തെ ക്രമീകരണങ്ങളെക്കുറിച്ച് നാളെയാണ് പരിശോധന നടത്തുക. ശബരിമല സന്ദർശനം പൂർത്തിയാക്കിയ ശേഷമേ ക്രമസമാധാന കാര്യങ്ങളിൽ ഇടപെടൂ എന്ന് സമിതി നേരത്തെ വ്യക്തമാക്കിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam