
തിരുവനന്തപുരം: ഹാരിസണ്‍സ് കേസില്‍ നിയമനടപടികള്‍ മരവിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. ഹാരിസണിന്‍റെ കൈവശമുളള ഭൂമിയില്‍ ഉടമസ്ഥത തെളിയിക്കാനായി സിവില്‍ കോടതികളെ സമീപിക്കാമെന്ന ഹൈക്കോടതി ഉത്തരവ് വന്ന് മാസങ്ങള്‍ കഴിഞ്ഞിട്ടും സര്‍ക്കാര്‍ അനങ്ങിയിട്ടില്ല. പാട്ടക്കരാര്‍ ലംഘിച്ച് ഹാരിസണ്‍സ് മറിച്ചുവിറ്റ തോട്ടങ്ങള്‍ ഉപാധികളില്ലാതെ പോക്കുവരവ് ചെയ്യാനുള്ള നീക്കവും സജീവമാണ്.
സംസ്ഥാനത്ത് ഹാരിസണ്‍സ് മലയാളം ലിമിറ്റഡ് കൈവശം വച്ചിരിക്കുന്ന 78000 ഏക്കര്‍ ഭൂമി ഏറ്റെടുത്ത സ്പെഷ്യല്‍ ഓഫീസര്‍ രാജമാണിക്യത്തിന്‍റെ നടപടി ഹൈക്കോടതി റദ്ദാക്കിയത് 2018 ഏപ്രില്‍ 11നാണ്. കേരള ഭൂസംരക്ഷണ നിയമം അനുസരിച്ച് ഹാരിസണിന്‍റെ കൈവശമുളള ഭൂമി ഒഴിപ്പിക്കാന്‍ സ്പെഷ്യല്‍ ഓഫീസര്‍ക്ക് അധികാരമില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി നടപടി.
എന്നാല്‍ ഭൂമിയുടെ ഉടമസ്ഥത ആര്‍ക്കെന്ന് കോടതി വ്യക്തമാക്കിയിരുന്നില്ല. സര്‍ക്കാരിന് അവകാശമുണ്ടെങ്കില്‍ സിവില്‍ കോടതികളെ സമീപിക്കാമെന്നായിരുന്നു കോടതി നിര്‍ദ്ദേശം. പക്ഷേ ഇത്തരമൊരു നടപടിക്ക് സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഹൈക്കോടതി ഉത്തരവിന് പിന്നാലെ ഹാരിസണില്‍ നിന്ന് 205 ഏക്കര്‍ ഭൂമി വാങ്ങിയ കൊല്ലം തെന്‍മലയിലെ റിയ എസ്റ്റേറ്റ് ഭൂമി പോക്കുവരവ് ചെയ്യാനായി ഹൈക്കോടതിയെ സമീപിക്കുകയും അനുകൂല ഉത്തരവ് നേടുകയും ചെയ്തു. ഈ ഭൂമി പോക്കുവരവ് ചെയ്യാനുളള നീക്കങ്ങളാണ് ഇപ്പോള്‍ സജീവം.
പോക്കുവരവ് ചെയ്യുമ്പോള്‍, ഭൂമിയുടെ ഉടമസ്ഥത സിവില്‍ കോടതി തീര്‍പ്പിന് വിധേയമായിരിക്കുമെന്ന വ്യവസ്ഥ എഴുതിച്ചേര്‍ക്കണമെന്ന നിര്‍ദ്ദേശം റവന്യൂ വകുപ്പില്‍ നിന്ന് ഉയരുന്നുണ്ടെങ്കിലും റവന്യൂ സെക്രട്ടറി, നിയമ സെക്രട്ടറി അടക്കമുളള ഉന്നത ഉദ്യോഗസ്ഥരുടെ നിലപാട് മറിച്ചാണ്. തര്‍ക്കമുളളതിനാല്‍ ഫയല്‍ മുഖ്യമന്ത്രിയുടെ പരിഗണനയ്ക്ക് വിടാനാണ് നീക്കം.
ഭൂമി പോക്കുവരവ് ചെയ്ത് കൊടുക്കുന്നതും ഭൂനികുതി സ്വീകരിക്കുന്നതും ഉടമസ്ഥതയ്ക്കുളള അംഗീകാരം അല്ലെങ്കിലും ഹാരിസണിന്‍റെ വാദത്തിന് ശക്തി പകരുന്നതാണ് സര്‍ക്കാരിന്‍റെ ഓരോ നടപടിയും. എം.ജി രാജമാണിക്യം അവധിയില്‍ പോയതോടെ സ്പെഷ്യല്‍ ഓഫീസ് പ്രവര്‍ത്തനം പേരിനു മാത്രമായത് സര്‍ക്കാര്‍ നിലപാടിന് കൂടുതല്‍ തെളിവാവുകയും ചെയ്യുന്നു.
വാർത്ത ഇവിടെ:
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam