ചെറിയ ക്ലാസുകളില്‍ കൂട്ട ജയം ഇനിയില്ല; അഞ്ചിലും എട്ടിലും 'സേ' പരീക്ഷ വരും

By Web DeskFirst Published Aug 3, 2017, 4:58 PM IST
Highlights

ദില്ലി: വാര്‍ഷിക പരീക്ഷയില്‍ തോറ്റാലും അഞ്ച്, എട്ട് ക്ലാസുകളിലെ കുട്ടികളെ കൂട്ടത്തോടെ ജയിപ്പിക്കുന്ന പദ്ധതി ഇനി മുതല്‍ വേണ്ടെന്ന് കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. എല്ലാവര്‍ക്കും അടുത്ത ക്ലാസിലേക്ക് പ്രൊമോഷന്‍ വ്യവസ്ഥ ചെയ്യുന്ന വിദ്യാഭാസ അവകാശ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പില്‍ ഇതിന് വേണ്ടി ഭേദഗതി  കൊണ്ടുവരാനും സര്‍ക്കാര്‍ തീരുമാനിച്ചു.

എട്ടാം ക്ലാസ് വരെ എല്ലാവരേയും ജയിപ്പിക്കണം എന്നായിരുന്നു 2010ല്‍ പാസാക്കിയ  വിദ്യാഭ്യാസ അവകാശ നിയമത്തില്‍ വ്യവസ്ഥ ചെയ്തിരുന്നത്. വാര്‍ഷിക പരീക്ഷയില്‍ തോറ്റാലും അടുത്ത ക്ലാസിലേക്ക് പ്രൊമോഷന്‍ ലഭിക്കുമായിരുന്നു. ഈ വ്യവസ്ഥയില്‍ മാറ്റം വരുത്താനാണ് കേന്ദ്ര മാനവവിഭവശേഷി വകുപ്പ് ശുപാര്‍ശ ചെയ്തത്. ഇതിന് മന്ത്രിസഭ അംഗീകാരം നല്‍കുകയായിരുന്നു. ഇനി മുതല്‍  അഞ്ചാം ക്ലാസിലും എട്ടാം ക്ലാസിലും തോല്‍ക്കുന്നവരെ അതേ ക്ലാസില്‍ തന്നെ ഇരുത്തണം. ഇതിന് മുമ്പായി ഇവര്‍ക്ക് ഒരു തവണ കൂടി അവസരം നല്‍കും. ഈ പരീക്ഷയിലും തോറ്റാല്‍ മാത്രമേ പ്രൊമോഷന്‍ നിഷേധിക്കു. 

ഇതിനായി വിദ്യാഭ്യാസ അവകാശ നിയമത്തില്‍ ഭേദഗതി വരുത്തി പാര്‍ലമെന്റന് മുന്നില്‍ കൊണണ്ടു വരും. ഇതിനിടെ രാജ്യത്ത് ലോക നിലവാരത്തിലുള്ള 20 ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ ആരംഭിക്കാനുള്ള മന്ത്രാലയത്തിന്റെ ശുപാര്‍ശക്കും മന്ത്രിസഭ അംഗീകാരം നല്‍കി. 10 വീതമായി പൊതു-സ്വകാര്യ മേഖലകളിലാണ് ഇത് സ്ഥാപിക്കുക. നിലവിലുള്ള ഏതെങ്കിലും സ്ഥാപനം ലോക നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന കാര്യവും പരിഗണിക്കും. പൊതുമേഖലയിലുള്ള സ്ഥാപനങ്ങള്‍ക്ക് 500 കോടി രൂപ കേന്ദ്ര വിഹിതമായി ലഭിക്കും. പ്രവേശന നടപടികള്‍, വിദേശ വിദ്യാര്‍ഥികളുടെ പ്രവേശനം, ഫീസ് തുടങ്ങിയ കാര്യങ്ങളില്‍ തീരുമാനമെുടക്കാന്‍ ഈ സ്ഥാപനങ്ങള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം ഉണ്ടായിരിക്കും.
 

click me!