എസ് ഐ പോലും കിടക്കുന്നത് വെറും നിലത്ത്; ശബരിമല ഡ്യൂട്ടിക്കെത്തിയ പൊലീസുകാർ വലയുന്നു - വീഡിയോ

By Web TeamFirst Published Nov 17, 2018, 6:22 PM IST
Highlights

പ്രളയത്തിൽ സർ‍വതും നശിച്ച പമ്പയിൽ നിന്ന് ആദ്യമായാണ് ബേസ് ക്യാംപ് നിലയ്ക്കലേക്ക് മാറ്റുന്നത്. പൊലീസുകാർക്ക് പോലും പ്രാഥമികസൗകര്യങ്ങളൊരുക്കാൻ അധികൃതർക്ക് ഇനിയും സാധിച്ചിട്ടില്ല. 

ശബരിമല: ശബരിമലയിൽ സുരക്ഷയൊരുക്കാൻ വന്ന പോലീസുകാർ നിലക്കലിലെ ബേസ്ക്യാമ്പിൽ വേണ്ടത്ര സൗകര്യങ്ങളില്ലാതെ വലയുന്നുവെന്നു പരാതി. 15,300 പോലീസുകാരെയാണ് ഇത്തവണ സർക്കാർ ശബരിമല അനുബന്ധ ജോലികൾക്കായി വിന്യസിച്ചിരിക്കുന്നത്.

നിലക്കലിൽ സുരക്ഷയൊരുക്കാനായി എത്തിയ പോലീസുകാർ താമസിക്കുന്ന സ്ഥലത്തെ അവസ്ഥ ദയനീയമാണ്. താത്കാലിക ഷെഡ്ഡുകളിലും മറ്റ് പലയിടത്തും താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്. എല്ലായിടത്തും അത്യാവശ്യം വേണ്ട സൗകര്യങ്ങൾ പോലും കുറവ്.

എസ്‌ഐ റാങ്കിലടക്കമുള്ള ഉദ്യോഗസ്ഥർ പോലും കിടക്കുന്നത് വെറുംനിലത്താണ്. ഒരു ദിവസം ഒരു പോലീസ് ഓഫീസർക്ക് കുറഞ്ഞത് 12 മണിക്കൂർ ഡ്യുട്ടി ഉണ്ടാകും. 16 ദിവസം തുടർച്ചയായി ഇത്തരത്തിൽ ജോലിയും ചെയ്യണം. സാധാരണ ശാന്തമായി അവസാനിക്കുന്നതാണ് ശബരിമല ഉത്സവകാലം. എന്നാൽ ക്രമസമാധാനപ്രശ്നങ്ങൾ ഉള്ള സാഹചര്യത്തിൽ ഉന്നത ഉദ്യോഗസ്ഥരിൽ പോലും ഇത്തവണത്തെ ജോലി ശാരീരികമായി വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നാണ് ആക്ഷേപം.

പ്രളയത്തിൽ സർവതും നശിച്ച പമ്പയിൽ നിന്നും ആദ്യമായാണ് ബേസ് ക്യാമ്പ് നിലയ്ക്കലിലേക്ക് മാറ്റുന്നത്. ഇവിടെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് പോലും വേണ്ടത്ര സൗകര്യങ്ങൾ ഒരുക്കാൻ അധികൃതർക്ക് ഇനിയും സാധിച്ചിട്ടില്ല.

പ്രളയത്തിൽ സംഭവിച്ച നാശനഷ്ടങ്ങളും, കഴിഞ്ഞ വർഷത്തേക്കാൾ ഇരട്ടി പൊലീസുകാരെ നിയോഗിക്കേണ്ടിവന്നതുമാണ് നിലവിലെ സാഹചര്യതിന് കാരണമായതെന്നാണ് ഉന്നത ഉദ്യോഗസ്ഥർ പറയുന്നത്.

click me!