
ആലപ്പുഴ: വേമ്പനാട്ടിന്റെ കായലിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന പാതിരാമണല്‍ ദ്വീപ് അവഗണനയ്ക്കിടെ മാലിന്യകൂമ്പാരമാകുന്നു. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത മൂലം ഇവിടെ എത്തുന്ന വിനോദസഞ്ചാരികള്‍ ഒഴിഞ്ഞ മനസ്സുമായാണ് മടങ്ങുന്നത്. കേരളത്തിലെ കായലുകള്‍ ലോക ടൂറിസം ഭൂപടത്തില്‍ സ്ഥാനം പിടിച്ചതോടെ പ്രശസ്തിയിലേയ്ക്ക് ഉയര്‍ന്ന ടൂറിസ്റ്റ് കേന്ദ്രമാണ് പാതിരാമണല്‍.
കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലയിലായി വ്യാപിച്ച് കിടക്കുന്ന വേമ്പനാട് കായലിലെ ഒരു ചെറുദ്വീപാണിത്. തണ്ണീര്‍മുക്കത്തിലും കുമരകത്തിനും ഇടയിലായാണ് പാതിരാമണല്‍ ദ്വീപ് സ്ഥിതി ചെയ്യുന്നത്. ആലപ്പുഴയിലെ തണ്ണീര്‍മുക്കം പഞ്ചായത്തില്‍ ഉള്‍പ്പെട്ട സ്ഥലമാണിത്. ആലപ്പുഴയില്‍ നിന്ന് ഒന്നരമണിക്കൂര്‍ ബോട്ട് യാത്ര ചെയ്താല്‍ ദ്വീപിലെത്താം. പ്രകൃതിസൗന്ദര്യം കൊണ്ടും അപൂര്‍വ്വയിനം പക്ഷികളുടെ ആവാസകേന്ദ്രം എന്ന നിലയിലും പാതിരാമണല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നു.
നൂറുകണക്കിന് ഇനങ്ങളിലെ പക്ഷികള്‍ വസിക്കുന്ന പക്ഷി സങ്കേതമാണിവിടം. കായല്‍ ടൂറിസം പാക്കേജുകളിലെല്ലാം ഒഴിച്ചുകൂടാനാവാത്ത സാന്നിദ്ധ്യമാണ് അപൂര്‍വ്വ കാഴ്ചകള്‍ സമ്മാനിക്കുന്ന പാതിരാമണലിലേയ്ക്കുള്ള സന്ദര്‍ശനം. എല്ലാ അര്‍ത്ഥത്തിലും ദ്വീപായ പാതിരാമണലിലേയ്ക്ക് റോഡുകളോ പാലങ്ങളോ ഇല്ല. ബോട്ടുകളിലൂടെ മാത്രമേ ഇവിടെ എത്തിച്ചേരാന്‍ സാധിക്കുകുയുള്ളൂ. ദ്വീപിലേയ്ക്ക് സമീപ പ്രദേശങ്ങളില്‍ നിന്ന് ചെറുവള്ളങ്ങളോ ബോട്ടുകളോ ലഭിക്കും.
കോട്ടയത്ത് നിന്നും വരുന്നവര്‍ക്ക് കുമരകം വഴി ബോട്ടില്‍ പാതിരാമണലില്‍ എത്താം. എന്നാല്‍ മുഹമ്മയിലെ കായിപ്പുറത്ത് നിന്ന് രണ്ട് കിലോമീറ്റര്‍ ദൂരമേയുള്ളൂ പാതിരാമണലിലേയ്ക്ക്. ബോട്ടിലാണെങ്കില്‍ 10 മിനിട്ടുമാത്രം മതി. വര്‍ഷങ്ങള്‍ക്ക് മുമ്പ് പാതിരമണല്‍ദ്വീപ് കൈയ്യേറാന്‍ മാഫിയകള്‍ നടത്തിയ നീക്കം പരിസ്ഥിതി പ്രവര്‍ത്തകരും സാമൂഹ്യ പ്രവര്‍ത്തകരും ചേര്‍ന്ന് തടഞ്ഞു. എന്നാല്‍ സര്‍ക്കാരും ടൂറിസം വകുപ്പും ഈ ദ്വീപ് സംരക്ഷിക്കുന്നതിന് വേണ്ട നടപടികള്‍ ചെയ്യുന്നതിന് ഇതുവരെ തയ്യാറായിട്ടില്ല.
19.6 ഹെക്ടര്‍ വിസ്തീര്‍ണ്ണമുള്ള പാതിരാമണല്‍ ദ്വീപ് ജൈവ വൈവിധ്യങ്ങള്‍കൊണ്ട് വ്യത്യസ്തമാണ്. ദ്വീപിനെ പറ്റി അറിഞ്ഞ് വിനോദസഞ്ചാരികള്‍, വിദ്യാര്‍ത്ഥികള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍ എന്നിവര്‍ അസൗകര്യങ്ങള്‍ അവഗണിച്ച് ഇവിടെ എത്താറുണ്ട്. ദ്വീപിലേയ്ക്ക് എത്തുന്ന സഞ്ചാരികള്‍ക്ക് വന്നിറങ്ങാന്‍ നല്ലൊരു ബോട്ട് ജെട്ടിപോലുമില്ല. അതിനാല്‍ അപകടങ്ങള്‍ ഇവിടെ പതിവാകുകയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിര്‍മിച്ച ചെറിയൊരു ബോട്ട് ജെട്ടിമാത്രമാണ് ഇവിടെയുള്ളത്. അതാണെങ്കില്‍ ഇപ്പോള്‍ തകര്‍ന്ന് ജീര്‍ണ്ണാവസ്ഥയിലാണ്.
ദ്വീപിലെത്തുന്ന സഞ്ചാരികള്‍ക്ക് പ്രാഥമിക കൃത്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങളുമില്ല. സഞ്ചാരികള്‍ക്ക് ദ്വീപിനെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്നതിന് ഗൈഡുകളുടെ സഹായമില്ല. എത്തുന്ന സഞ്ചാരികള്‍ വലിച്ചെറിയുന്ന കുപ്പികള്‍, മാലിന്യങ്ങള്‍, പ്ലാസ്റ്റിക്കുകള്‍ എന്നിവ ദ്വീപില്‍ കുമിഞ്ഞുകൂടി ആരോഗ്യപാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. മാത്രമല്ല, ഇപ്പോള്‍ ഇവിടെ സാമൂഹ്യവിരുദ്ധരുടെ രഹസ്യതാവളം കൂടിയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam