
പത്തനംതിട്ട: അടൂർ പള്ളിക്കൽ ചേന്നംപുത്തൂർ കോളനിയിലെ 20 കുടുംബങ്ങൾക്ക് ജാതി സർട്ടിഫിക്കറ്റ് നൽകാതെ അധികൃതർ. പട്ടിക ജാതിയിൽ വരുന്നവരല്ലെന്ന് കിർത്താഡ്സ് റിപ്പോർട്ട് നൽകിയതോടെയാണ് കോളനിവാസികൾക്ക് ജാതി സർട്ടിഫിക്കറ്റ് കിട്ടാതെയായത്.
പള്ളിക്കൽ ചേന്നംപുത്തുർ കോളനിയിലെ 20 കുടുംബങ്ങളെ അധികൃതർ ജാതിരഹിതരാക്കിയിട്ട് ആറുവർഷമായി. അതുവരെ പട്ടികജാതിയിൽ വരുന്ന ഹിന്ദുനായാടികളായിരുന്നു ഇവർ. കൊട്ടാരക്കരയിൽ ഒരാൾ നായാടിയെന്ന് കാണിച്ച് അനർഹമായ ആനൂകൂല്യങ്ങൾ കൈപറ്റിയെന്ന പരാതി വന്നതോടെ പട്ടികജാതി വകുപ്പിന് കീഴിലുള്ള കിർത്താഡ്സ് നടത്തിയ പഠനമാണ് ഇവർക്ക് ദുരിതമായത്.
കോളനിവാസികൾ നായാടികളല്ലെന്നും കൊടാങ്കി നായ്ക്കർ എന്ന ജാതിയാണെന്നും കാണിച്ച് കിർത്താഡസ് റിപ്പോർട്ട് സമർപ്പിച്ചു. ഇതാകട്ടെ ഏത് വിഭാഗത്തിൽവരുന്നതാണെന്ന് വിശദീകരിച്ചതുമില്ല. പിന്നീട് വില്ലോജ് ഓഫീസർമാർ ജാതി സർട്ടിഫിക്കറ്റ് നൽകാതെയായി. ഇപ്പോൾ കുട്ടികളെ സ്കൂളിൽ ചേർക്കുമ്പോൾ ജാതി കോളം ഒഴിച്ചിടേണ്ട അവസ്ഥയാണ്. പലതവണ പരാതികളും അപേക്ഷകളും നൽകിയിട്ടും ഫലമുണ്ടായില്ല. സർക്കാർ ഇടപ്പെടൽ വേണമെന്നാണ് ഇവരുടെ ആവശ്യം. സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്നവരാണ് കോളനിയിൽ കഴിയുന്നവർ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam