
കാസര്‍ഗോഡ് പാണത്തൂരില്‍ നാലുവയസുകാരിയെ കാണാതായതിനെകുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് മാതാപിതാക്കള്‍. തുടര്‍ച്ചയായ നാലാം ദിവസവും പാണത്തൂര്‍ പുഴയിലും സമീപ പ്രദേശങ്ങളിലും തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെകുറിച്ച് ഇതുവരെ യാതൊരു വിവരവും ലഭിച്ചിട്ടില്ല.
നാലുദിവസമായി പാണത്തൂര്‍ ഗ്രാമം സന ഫാത്തിമയ്‌ക്കായുള്ള തിരച്ചിലിലാണ്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ബാപ്പുങ്കയത്തെ ഇബ്രാഹീം-ഹസീന ദമ്പതികളുടെ മകള്‍ നാലുവയസുകാരിയായ സന ഫാത്തിമയെ വീട്ടുമുറ്റത്ത് നിന്നും കാണാതായത്. വീടിന് സമീപത്തെ നീര്‍ച്ചാലിന് സമീപം കുട്ടിയുടെ ബാഗും കുടയും കണ്ടത് കുട്ടി ഒഴുക്കില്‍പെട്ടതാണെന്ന സംശയം ബലപ്പെടുത്തി. ഉടന്‍ നിര്‍ച്ചാല്‍ പൊളിച്ച് പരിശോധന നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല. നീര്‍ച്ചാലെത്തിച്ചേരുന്ന പുഴയിലും പരിസരങ്ങളിലും നാലു ദിവസമായി ഗ്രാമവാസികളും പൊലീസും ഫയര്‍ ഫോഴ്‌സും തിരച്ചിലിലാണ്. നിരാശയായിരുന്നു ഫലം. ഇതുവരേയും കുട്ടിയെ സംബന്ധിച്ച് ഒരു വിവരവും ലഭിക്കാത്തതിനാല്‍ സംഭവത്തെകുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.
നാലു ദിവസം പിന്നിട്ടതോടെ ഇനി പുഴയില്‍ തെരച്ചില്‍ നടത്തിയിട്ട് കാര്യമില്ലെന്നാണ് അധികൃതരുടെ നിലപാട്. കുട്ടിയെ കാണാതാകുന്ന ദിവസം അപരിചിതരരാങ്കിലും ഗ്രാമത്തിലെത്തിയിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. നേരത്തെ കുട്ടിയെ കണ്ടത്തിയെന്ന് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചവരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. അന്വേഷണത്തിന് കര്‍ണാടക പൊലീസിന്റെയും സഹായവും തേടിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam