കോള്‍ മുറിഞ്ഞുപോകലിന് ഉപഭോക്താക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടെന്ന് സുപ്രീംകോടതി

By Web DeskFirst Published May 11, 2016, 8:10 AM IST
Highlights

ദില്ലി: കോൾ മുറിഞ്ഞുപോകലിന് ടെലികോം കമ്പനികൾ ഉപഭോക്താക്കൾക്ക് നഷ്ടപരിഹാരം നൽകേണ്ടതില്ലെന്ന് സുപ്രീംകോടതി. ഇത് സംബന്ധിച്ചുള്ള ട്രായ് വിജ്ഞാപനം സുപ്രീംകോടതി റദ്ദാക്കി. ട്രായിയുടെ വിജ്ഞാപനം സുതാര്യമല്ലെന്നും അന്യായമെന്നും സുപ്രീംകോടതി വിധിയിൽ നിരീക്ഷിച്ചു. കോൾ മുറിഞ്ഞുപോയാൽ ഓരോ കോളിനും ഒരു രൂപ വീതം ടെലികോം കമ്പനികൾ ഉപഭോക്താവിന് പിഴ നൽകണമെന്നായിരുന്നു ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ കഴിഞ്ഞ ഡിസംബറിൽ വിജ്ഞാപനം പുറത്തിറക്കിയത്.

എന്നാല്‍ നഷ്ടപരിഹാരത്തിന് ദിനം പ്രതി മൂന്ന് രൂപ പരിധി നിശ്ചയിച്ചുകൊണ്ടുള്ള ട്രായ് വിജ്ഞാപനത്തിനെതിരെ ടെലികോം കമ്പനികൾ ആദ്യം ദില്ലി ഹൈക്കോടതിയെ സമീപിച്ചു. തടസ്സമില്ലാതെ ഫോണിൽ സംസാരിയ്ക്കുകയെന്നത് ഉപഭോക്താവിന്റെ അവകാശമാണെന്ന് കാട്ടി ദില്ലി ഹൈക്കോടതി ട്രായ് വിജ്ഞാപനം ശരിവെച്ചു. ഇതിനെതിരെയാണ് ടെലികോം കമ്പനികൾ സുപ്രീംകോടതിയെ സമീപിച്ചത്. കോൾ മുറിഞ്ഞുപോകുന്നതിന് നഷ്ടപരിഹാരം നൽകുന്നതിലൂടെ ദിനം പ്രതി 150 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നായിരുന്നു കമ്പനികളുടെ വാദം.

എന്നാൽ മൊബൈൽ ടവറുകൾ പ്രവർത്തനക്ഷമമാണന്ന് ഉറപ്പ് വരുത്താനോ, മൊബൈൽ നെറ്റ്‍വർക്കിന്‍റെ പരിധിയിൽ സേവനം ഉറപ്പുവരുത്താനോ കമ്പനികൾ തയ്യാറാകുന്നില്ലെന്നും കമ്പനികളുടെ ലാഭവിഹിതത്തിലെ ചെറിയ ശതമാനം മാത്രമാണ് പിഴയായി ഈടാക്കുന്നതെന്നും കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ വാദിച്ചു. എന്നാൽ ഈ വാദം തള്ളിക്കൊണ്ടാണ് ജസ്റ്റിസ് കുര്യൻ ജോസഫ് അദ്ധ്യക്ഷനായ ബെഞ്ച് ട്രായ് വിജ്ഞാപനം റദ്ദാക്കിയിരിയ്ക്കുന്നത്.

ട്രായ് വിജ്ഞാപനത്തിന് സുതാര്യതയില്ലെന്നും ഇത് അന്യായമാണെന്നും സുപ്രീംകോടതി വിധിയിൽ നിരീക്ഷിച്ചു. കോൾ മുറി‍ഞ്ഞുപോയാൽ ഉപഭോക്താവിന് നഷ്ടപരിഹാരം അവകാശപ്പെടാനാകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. കോൾ മുറിഞ്ഞുപോകലിനെക്കുറിച്ച് വ്യാപകമായി പരാതികൾ ഉയർന്ന സാഹചര്യത്തിൽ ട്രായ് പുറത്തിറക്കിയ വിജ്ഞാപനം സുപ്രീംകോടതി റദ്ദാക്കിയത് ഉപഭോക്താക്കൾക്ക് വലിയ തിരിച്ചടിയായി.

click me!